ന്യൂദല്‍ഹി: ഗാന്ധി വധത്തില്‍ പുനഃരന്വേഷണമില്ലെന്ന് സുപ്രീം കോടതി. ഗാന്ധിവധത്തില്‍ പുഃരന്വേഷണം വേണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. ഗാന്ധിയുടെ വധത്തില്‍ ദുരൂഹതയില്ലെന്നും അത്‌കൊണ്ട് തന്നെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളുകയുമാണെന്ന് ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
നാഥൂറാം ഗോഡ്‌സെ തന്നെയാണ് ഗാന്ധിയെ വെടിവച്ച് കൊന്നതെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. ഗോഡ്‌സെയെ കൂടാതെ മറ്റൊരാള്‍ വെടിയുതിര്‍ത്തെന്ന വാദത്തിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
“എന്താണ് സംഭവിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് അത് ഇപ്പഴേ അറിയാം. അവരുടെ മനസില്‍ സംശയങ്ങളുണ്ടാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. കൊലപാതകം ചെയ്തയാളെ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്തു കഴിഞ്ഞു. അത് ഇനി പുനരന്വേഷിക്കുകയില്ല”- ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാളാണ് ഇത് ഉതിര്‍ത്തതെന്നും ചൂണ്ടിക്കാട്ടി അഭിനവ് ഭാരത് എന്ന ട്രസ്റ്റിന്റെ ഉടമ പങ്കജ് ഫഡ്‌നിസ് എന്നയാളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ്‌ക്യൂരിയായ അമനേന്ദ്ര സിംഗ് ജനുവരിയില്‍ കോടതിയില്‍ അറിയിച്ചിരുന്നു. നാഥുറാം ഗോഡ്‌സെ തന്നെയാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്നും വിദേശ ഏജന്‍സികള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി തെളിവില്ലെന്നുമാണ് അമിക്കസ്‌ക്യൂരി കോടതിയില്‍ വ്യക്തമാക്കിയത്.
