തുല്യത വേണം പക്ഷെ ശുദ്ധിയുടെയും വിശ്വാസത്തിന്റെയും കാര്യമാണെങ്കില്‍ വിഷയം മറ്റൊന്ന്: ശശി തരൂര്‍
Kerala Literature Festival
തുല്യത വേണം പക്ഷെ ശുദ്ധിയുടെയും വിശ്വാസത്തിന്റെയും കാര്യമാണെങ്കില്‍ വിഷയം മറ്റൊന്ന്: ശശി തരൂര്‍
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 9:11 pm

കോഴിക്കോട്: സ്ത്രീകള്‍ക്ക് തുല്യത വേണം പക്ഷെ ശുദ്ധിയുടെയും വിശ്വാസത്തിന്റെയും കാര്യമാണെങ്കില്‍ വിഷയം മറ്റൊന്നാണെന്ന് ശശി തരൂര്‍. അനേകമാളുകളുടെ വിശ്വാസം ഹനിക്കാന്‍ പാടില്ലെന്നാണ് തന്റെ പക്ഷമെന്നും ശശി തരൂര്‍ പറഞ്ഞു.

“സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ്. അവര്‍ സമത്വം മാത്രമേ ആവശ്യപ്പെടുന്നുള്ളു എന്നത് ഭാഗ്യമായി കരുതാം. തുല്യതയുടെ വിഷയമാണെങ്കില്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ. അത് വേണം. പക്ഷെ ശുദ്ധിയുടെയും വിശ്വാസത്തിന്റെയും കാര്യമാണെങ്കില്‍ വിഷയം മറ്റൊന്നാണ്. അനേകമാളുകളുടെ വിശ്വാസം ഹനിക്കാന്‍ പാടില്ല” എന്ന് ശശി തരൂര്‍ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പറഞ്ഞു.

ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും നയമല്ല ഞങ്ങളുടേത്. ഞങ്ങള്‍ കടകള്‍ തല്ലിത്തകര്‍ത്തില്ല. വാഹനങ്ങള്‍ നശിപ്പിച്ചില്ല. കോണ്‍ഗ്രസ് നിയമപരമായി ഇത് നേരിടാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ബി.ജെ.പി ആളാവാനാണ് നോക്കുന്നത്. അതാണ് ജനം ടി.വി പോലുള്ള ചാനലുകള്‍ക്ക് വേണ്ടതെന്നും ശശി തരൂര്‍ ചൂണ്ടികാണിച്ചു.

Also Read: അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ പുതിയത് നിര്‍മിക്കും; രാമക്ഷേത്ര നിര്‍മ്മാണം വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ്: അമിത് ഷാ

“ഹിന്ദുത്വവും ഹിന്ദുയിസവും നിങ്ങള്‍ ഒന്നാണെന്ന് ധരിക്കരുത്. നിങ്ങള്‍ക്ക് നിങ്ങളുടെ സത്യമുണ്ട്. എനിക്ക് എന്റേതും. ഭാരതം ഒരു ഹിന്ദു രാജ്യമാക്കാന്‍ നമ്മള്‍ അനുവദിക്കില്ല. പക്ഷെ വിശ്വാസങ്ങളെ ബഹുമാനിക്കണം”ശശി തരൂര്‍ പറഞ്ഞു.

ആളുകള്‍ ബി.ജെ.പിയെക്കുറിച്ച് അനുകൂലമായി സംസാരിക്കുന്നു. അവരെക്കൊണ്ട് സംസാരിപ്പിക്കുന്നത് വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റികള്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു.

കോണ്‍ഗ്രസ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ബി.ജെ.പി അതുപോലെയല്ല. ശബരിമല വിധി അന്തിമമല്ല. റിവ്യൂ പെറ്റീഷന്‍ സാധ്യത ഇപ്പോഴും ഉണ്ട് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ കശ്മീര്‍ നയം പരാജയമാണ്. ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്ക് പോകുമെന്നും അതുവഴി ബാക്കിനില്‍ക്കുന്ന വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് സി.പി.എം കരുതുന്നത് എന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍ പല ജനാധിപത്യ സ്ഥാപനങ്ങളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയെ വോട്ട് ചെയ്തു തോല്പ്പിക്കണം. അതാണ് ഇതിനുള്ള പരിഹാരം. ബാലറ്റ് ബോക്സിലാണ് ഇതിനുള്ള മറുപടി കൊടുക്കേണ്ടത്.