2012ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘നീ കൊ ഞാ ചാ’യിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് സഞ്ജു ശിവറാം. നിവിന്‍ പോളി നായകനായ ഹിറ്റ് ചിത്രം 1983യിലൂടെയും സഞ്ജു ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ സഞ്ജു 1000 ബേബീസ് എന്ന വെബ് സിരീസിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഐ നോബഡി എന്ന ചിത്രത്തിലും ഓണം റിലീസായെത്തിയ മറ്റൊരു പൃഥ്വിരാജ് ചിത്രം ഖലീഫയിലും സഞ്ജു ശിവറാം പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Photo: X.com

മോഹന്‍ലാല്‍, സൗബിന്‍ ഷാഹിര്‍, ടൊവിനോ തോമസ് തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ സമദ് എന്ന കഥാപാത്രത്തെയായിരുന്നു സഞ്ജു അവതരിപ്പിച്ചത്. ഖലീഫയുമായി ബന്ധപ്പെട്ട് അടുത്തിടെ ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ 1000 ബേബീസ് എന്ന വെബ് സിരീസിലെ തന്റെ പ്രകടനത്തെ കുറിച്ച് സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

നജീം കോയ സംവിധാനം ചെയ്ത് ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച ക്രൈം ത്രില്ലര്‍ വെബ് സിരീസാണ് 1000 ബേബീസ്. സിരീസിലെ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഒരു പ്രധാന അംഗമായ ബിബിന്‍ എന്ന കഥാപാത്രത്തെയായിരുന്നു സഞ്ജു അവതരിപ്പിച്ചത്. തന്റെ വേറിട്ട അഭിനയശൈലി കൊണ്ടും മാനറിസം കൊണ്ടും കഥാപാത്രത്തെ മികച്ചതാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ബിബിന്‍ ആയിട്ടുള്ള സഞ്ജുവിന്റെ പ്രകടനത്തിന് വലിയ നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

കഥാപാത്രത്തിനായി താന്‍ ഉപയോഗിച്ച മാനറിസങ്ങളില്‍ ചിലത് മലയാളത്തിലെ മുന്‍നിര സംവിധായകനായ കൃഷാന്ദില്‍ നിന്നും ഇന്‍സ്പയറായി ചെയ്തതാണെന്ന് പറയുകയാണ് സഞ്ജു. അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ ചേഷ്ഠകള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു ശിവറാം. Photo: Screen Grab/ The Showscape Journal/ youtube.com

‘1000 ബേബീസില്‍ ബിബിന്റെ ഇനീഷ്യല്‍ ഫേസില്‍ അയാളുടെ ഒരു എക്‌സൈറ്റ്‌മെന്റും നെര്‍വസ് ആവുന്നതും കാണിക്കുന്നുണ്ട്. കൃഷാന്ദ് എക്‌സൈറ്റഡായി എന്തെങ്കിലും പറയാന്‍ കൈ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിച്ചിട്ടായിരിക്കും സംസാരിക്കുന്നത്. അങ്ങനെ എന്തെങ്കിലും അദ്ദേഹം പറയുമ്പോള്‍ കാല്‍ നിലത്ത് പൂര്‍ണമായും മുട്ടിച്ചിട്ടുണ്ടാവില്ല. തള്ളവിരലില്‍ നിന്ന് പറയുന്നതിനിടയില്‍ ഒരു ചാട്ടം പോലെ എപ്പോഴും ഉണ്ടാകും. അറിഞ്ഞോ അറിയാതെയോ ആ കഥാപാത്രം ചെയ്യമ്പോള്‍ ഞാന്‍ ആ മാനറിസങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്,’ സഞ്ജു പറഞ്ഞു.

Content Highlight: Sanju Sivaram talks about his role in 1000 Babies