ഗെയിം പ്ലാന്‍ എന്താണ്? 'ആദ്യ പന്ത് അടിച്ചുപറത്തണം'; വൈഭവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് സഞ്ജു!
Cricket
ഗെയിം പ്ലാന്‍ എന്താണ്? 'ആദ്യ പന്ത് അടിച്ചുപറത്തണം'; വൈഭവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് സഞ്ജു!
ശ്രീരാഗ് പാറക്കല്‍
Monday, 16th March 2026, 3:59 pm

കഴിഞ്ഞ ദിവസം നടന്ന (മാര്‍ച്ച് 15) ബി.സി.സി.ഐ നമന്‍ അവാര്‍ഡ് വേദിയില്‍ ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ടി-20 ലോകകപ്പ് ചാമ്പ്യന്‍ സഞ്ജു സാംസണ്‍. 2025ലെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറ്റം നടത്താനിരുന്ന വൈഭവിനോട് പരിശിലകന്‍ രാഹുല്‍ ദ്രാവിഡ് ഗെയിം പ്ലാന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ യുവ താരം നല്‍കിയ രസകരമായ മറുപടിയെക്കുറിച്ചാണ് മീറ്റിങ്ങില്‍ ഒപ്പമുണ്ടായിരുന്ന സഞ്ജു വേദിയില്‍ പറഞ്ഞത്.

സഞ്ജു വൈഭവിന്റെ ഗെയിം പ്ലാനിനെക്കുറിച്ച് പറഞ്ഞത്

‘രാഹുല്‍ സാര്‍ അദ്ദേഹത്തോട് അദ്ദേഹത്തിന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ചു, വൈഭവ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. രാഹുല്‍ സാര്‍ വീണ്ടും തന്റെ ഗെയിം പ്ലാനിനെക്കുറിച്ച് ചോദിച്ചു. ‘ആദ്യ പന്ത് തന്റെ സോണിലാണെങ്കില്‍ അടിച്ച് പറത്തുമെന്ന് വൈഭവ് പറഞ്ഞു’, അതാണ് അദ്ദേഹം ചെയ്തത്. ഒരു വീഡിയോ ഗെയിം പോലെയാണ് അദ്ദേഹം കളിച്ചത്,’ സാംസണ്‍ പറഞ്ഞു.സഞ്ജുവും വൈഭവും രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ചുള്ളപ്പോള്‍

അതേസമയം ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടവുമായി രാഹുല്‍ ദ്രാവിഡിന്റെ കൈപിടിച്ച് ഐ.പി.എല്ലിന്റെ ബിഗ് സ്റ്റേജിലെത്തിയ താരം സീസണ്‍ അവസാനിപ്പിച്ചത് വേഗമേറിയ രണ്ടാമത് സെഞ്ച്വറിയടക്കമുള്ള നിരവധി റെക്കോഡുകളുമായാണ്.

ഐ.പി.എല്‍ അരങ്ങേറ്റ മത്സരത്തില്‍ എല്‍.എസ്.ജി ബൗളര്‍ ഷാര്‍ദുല്‍ താക്കൂറിനെ ആദ്യ പന്തില്‍ തന്നെ 14കാരനായ വൈഭവ് സിക്‌സര്‍ പറത്തിയായിരുന്നു തുടങ്ങിയത്. ഇതോടെ ആരാധകര്‍ താരത്തിന്റെ കഴിവിനെക്കുറിച്ച് അറിഞ്ഞത്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പരിക്ക് പറ്റിയതോടെയായിരുന്നു വൈഭവിന് കളത്തിലിറങ്ങാനുള്ള അവസരം ലഭിച്ചത്.

ഐ.പി.എല്ലിന്റെ പുതിയ സീസണിലും സൂര്യവംശിയുടെ ബാറ്റ് ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്. ഓപ്പണിങ്ങില്‍ സഞ്ജു സാംസണ് പകരം രാജസ്ഥാന് വിശ്വസിക്കാന്‍ സാധിക്കുന്ന സൂര്യവംശിയില്‍ നിന്നും ഒരു മികച്ച സീസണ്‍ തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

അതേസമയം, പുതിയ സീസണില്‍ മാര്‍ച്ച് 30നാണ് സൂര്യവംശിയും രാജസ്ഥാനും ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ തങ്ങളുടെ രണ്ടാം ഹോം സ്റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ നേരിടും.

Content Highlight: Sanju Samson Talking About Vaibhav Suryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ