ചരിത്രം കുറിക്കാൻ സഞ്ജു; ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത റെക്കോഡ്
Cricket
ചരിത്രം കുറിക്കാൻ സഞ്ജു; ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത റെക്കോഡ്
ഫസീഹ പി.സി.
Friday, 26th June 2026, 7:49 am

ഇന്ത്യയും അയർലാൻഡും തമ്മിലുള്ള ടി – 20 പരമ്പരയ്ക്കുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ഇന്ന് ആദ്യ മത്സരത്തിനായി ഇന്ത്യൻ സംഘം ഇറങ്ങും. ബെൽഫാസ്റ്റിലെ സിവിൽ സർവീസ് ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുക.

പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ കളത്തിലെത്തുന്ന ആദ്യ ടി – 20 പരമ്പരയാണിത്. ഒപ്പം 15കാരൻ വൈഭവ് സൂര്യവംശി ടീമിൽ ഇടം പിടിച്ച പരമ്പര കൂടിയാണ്. അതിനാൽ തന്നെ ക്രിക്കറ്റ് ലോകം ഈ മത്സരം ഏറെ ആവേശത്തോടെയാണ് വീക്ഷിക്കുന്നത്.

സഞ്ജു സാംസൺ. Photo: BCCI/x.com

ഈ മത്സരത്തിനായി ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു വമ്പൻ നേട്ടമാണ്. അന്താരാഷ്ട്ര ടി – 20യിൽ തുടര്‍ച്ചയായി നാല് 50+ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനാണ് മലയാളി ബാറ്റർക്ക് അവസരമുള്ളത്.

ടി – 20 ലോകകപ്പില്‍ അവസാന മൂന്ന് മത്സരങ്ങളിൽ സഞ്ജു അര്‍ധ സെഞ്ച്വറി അടിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായക മത്സരത്തില്‍ പുറത്താവാതെ 97 റണ്‍സ് നേടിയാണ് ഇതിന് തുടക്കമിട്ടത്.

പിന്നാലെ സെമി ഫൈനലിലും ഫൈനലിലും സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ഇന്ത്യയ്ക്ക് കിരീടവും സമ്മാനിച്ചു. സെമിയിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും 89 റണ്‍സ് വീതമായിരുന്നു വിക്കറ്റ് കീപ്പർ സ്കോർ ചെയ്തത്.

അയര്‍ലാന്‍ഡിനെതിരെ ആദ്യ ടി – 20യില്‍ തന്നെ ഫിഫ്റ്റി അടിച്ചാല്‍ തുടർച്ചയായി നാല് മത്സരങ്ങളിൽ 50+ റൺസ് നേടുന്ന ആദ്യ ഇന്ത്യൻ എന്ന നേട്ടത്തിൽ സഞ്ജുവിന് എത്താം. ടി – 20ഐയിൽ ഒരു ഇന്ത്യന്‍ താരത്തിനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ എന്നിവരെല്ലാം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ അർധ സെഞ്ച്വറികൾ കരസ്ഥമാക്കിയിട്ടുണ്ട്.

Content Highlight: Sanju Samson needs fifty in 1st match against Ireland to become first Indian to score four consecutive 50+ score in T20I

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.