മലയാളി താരം സഞ്ജു സാംസണ്‍ കളത്തില്‍ ഇറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം അവസാനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന അയര്‍ലാന്‍ഡ് പരമ്പരയിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ വീണ്ടും ഇന്ത്യന്‍ ടീമിൽ പാഡുകെട്ടുക.
സഞ്ജു സാംസണ്‍.
ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്പിയായതിന് ശേഷം സഞ്ജു കളിക്കുന്ന ആദ്യ പരമ്പരയാണിത്. ഇന്ത്യ ടി – 20 മത്സരങ്ങളാണ് അയര്‍ലാന്‍ഡില്‍ കളിക്കുക. ജൂണ്‍ 26നാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക. ജൂണ്‍ 28നാണ് രണ്ടാം മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ലോകകപ്പിനും ഐ.പി.എല്ലിനും ശേഷം സഞ്ജുവെത്തുന്ന ആദ്യ പരമ്പര തന്നെ താരം തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ പരമ്പരയില്‍ ഇറങ്ങുമ്പോള്‍ താരത്തിന് മുന്നില്‍ സൂപ്പര്‍ നേട്ടം കൈവരിക്കാനുള്ള അവസരമുണ്ട്.
ഇന്ത്യന്‍ കുപ്പായത്തില്‍ 1500 ടി – 20 റണ്‍സെന്ന നാഴികക്കല്ലാണ് സഞ്ജുവിന് പിന്നിടാനാവുക. ഇതിനായി താരത്തിന് വേണ്ടത് 101 റണ്‍സാണ്. നിലവില്‍ താരത്തിന് ടി – 20 ഐയില്‍ 1399 റണ്‍സുണ്ട്.
2026 ലോകകപ്പിനിടെ സഞ്ജു സാംസൺ. Photo: BCCI/x.com
62 മത്സരങ്ങളില്‍ കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയും റണ്‍സ് കൈവരിച്ചത്. മൂന്ന് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ നേടിയിട്ടുണ്ട്.
അയര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ 1500 റണ്‍സ് പിന്നിടാനായാല്‍ ഈ നാഴികകല്ലിലെ എത്തുന്ന ഒമ്പതാമത്തെ താരമാകാനും സഞ്ജുവിന് സാധിക്കും. വിരാട് കോഹ്ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയവര്‍.
ടി – 20 ലോകകപ്പിന് പുറമെ, ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് സഞ്ജു അയര്‍ലാന്‍ഡ് പരമ്പരക്ക് ഒരുങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള നീണ്ട ഐ.പി.എല്‍ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ മലയാളി താരം അരങ്ങേറ്റ സീസണില്‍ ടീമിന്റെ ടോപ് സ്‌കോററായിരുന്നു.
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
ഐ.പി.എല്‍ 2026ല്‍ 14 ഇന്നിങ്‌സില്‍ കളിച്ചടി സഞ്ജു 477 റണ്‍സാണ് നേടിയത്. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കമാണ് താരം ഈ സീസണില്‍ അടിച്ച് കൂട്ടിയത്.
അതേസമയം, പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലാണ് ഇന്ത്യ അയര്‍ലാന്‍ഡ് പരമ്പരക്ക് ഒരുങ്ങുന്നത്. സൂര്യകുമാര്‍ യാദവിനെ മാറ്റിയാണ് ശ്രേയസിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്. തിലക് വര്‍മയായാണ് ഡെപ്യൂട്ടിയുടെ റോളിലുള്ളത്. 15കാരനായ വൈഭവ് സൂര്യവംശിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
എന്നാല്‍, അയര്‍ലാന്‍ഡ് പരമ്പര ഉപേക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അയര്‍ലന്‍ഡില്‍ വംശീയ കലാപങ്ങള്‍ നടക്കുന്നതിലാണ് ഇതിന് കാരണമെന്നാണ് വിവരം.
Content Highlight: Sanju Samson needs 101 runs to complete 1500 runs in T20I