വേണ്ടത് വെറും മൂന്നെണ്ണം മാത്രം; ഇതിഹാസ നേട്ടത്തിനരികെ സഞ്ജു സാംസണ്‍
Cricket
വേണ്ടത് വെറും മൂന്നെണ്ണം മാത്രം; ഇതിഹാസ നേട്ടത്തിനരികെ സഞ്ജു സാംസണ്‍
Sudev A
Saturday, 9th May 2026, 4:06 pm

ഐ.പി.എല്ലില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്നൗ സൂപ്പര്‍ കിങ്സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ദല്‍ഹിയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തിയാണ് സി.എസ്.കെ എല്‍.എസ്.ജിയെ നേരിടാനെത്തുന്നത്. മറുഭാഗത്ത് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകര്‍ത്താണ് റിഷബ് പന്തും സംഘവും പോരാട്ടത്തിനിറങ്ങുന്നത്.

മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണില്‍ തന്നെയാവും ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. ലഖ്നൗവിനെതിരെ തകര്‍ത്തടിക്കുകയാണെങ്കില്‍ മറ്റൊരു നേട്ടവും സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിക്കും. ടി-20യില്‍ 750 ഫോറുകളെന്ന നാഴികകല്ലിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്.

ഇതിനായി വെറും മൂന്ന് ഫോറുകള്‍ മാത്രമാണ് സഞ്ജുവിന് ആവശ്യമുള്ളത്. 747 ഫോറുകള്‍ തന്റെ ബാറ്റില്‍ നിന്നും അടിച്ചെടുത്ത സഞ്ജുവിന് മൂന്ന് ഫോറുകള്‍ കൂടി പായിച്ചുകൊണ്ട് പുതിയ നാഴികക്കല്ലിലെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

323 ഇന്നിങ്‌സ് കളിച്ചാണ് താരം ഇത്രയും ഫോറുകള്‍ അടിച്ചത്. ഇന്ത്യ, കേരള, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളായാണ് സഞ്ജു ഈ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയിട്ടുള്ളത്.

ഇതുവരെ സീസണില്‍ താരം 42 ഫോറുകള്‍ നേടിയിട്ടുണ്ട്. അതിനാല്‍ 750 എന്ന മാന്ത്രിക സംഖ്യ സഞ്ജുവിന് വളരെ അടുത്താണ്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു നേടിയിട്ടുണ്ട്. ആദ്യ സെഞ്ച്വറി ദല്‍ഹിക്കെതിരെയായിരുന്നു താരം നേടിയത്. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.

സഞ്ജു സാംസൺ. Photo: iplt20.com

മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.

ദല്‍ഹിക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറി നേടി തിളങ്ങുകയും ചെയ്തിരുന്നു. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സാണ് സഞ്ജു ക്യാപിറ്റല്‍സിനെതിരെ നേടിയത്. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവാണ്. ഈ സീസണിലെ തന്റെ മൂന്നാം പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് സഞ്ജു ഈ മത്സരത്തില്‍ സ്വന്തമാക്കിയത്.

Content Highlight: Sanju Samson Need Three four to Create a new milestone in T20 Cricket

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.