അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. നിലവില്‍ 2-0ന് മുന്നിലുള്ള ഇന്ത്യ, മൂന്നാമത്തെയും അവസാനത്തെയും മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരനാണ് ലക്ഷ്യമിടുന്നത്.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരും. മത്സരത്തില്‍ സിക്‌സര്‍ മഴ പെയ്യിച്ചാല്‍ സഞ്ജുവിന് ഇന്ന് ഒരു മിന്നും നേട്ടം സ്വന്തമാക്കാനുള്ള അവസരവും വന്നുചേരും.

സഞ്ജു സാംസണ്‍
മത്സരത്തില്‍ 10 സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സര്‍ സ്വന്തമാക്കുന്ന താരം എന്ന നേട്ടത്തിലാണ് സഞ്ജു എത്തിച്ചേരുക. മാത്രമല്ല 10 സിക്‌സര്‍ നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ലിസ്റ്റില്‍ കെ.എല്‍. രാഹുലിനെ മറികടക്കാനും താരത്തിന് സാധിക്കും.
ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്നവര്‍
(താരം, മത്സരം, സിക്‌സ് എന്ന ക്രമത്തില്‍)
രോഹിത് ശര്‍മ – 159 – 205
സൂര്യകുമാര്‍ യാദവ് – 113 – 179
ഹര്‍ദിക് പാണ്ഡ്യ – 138 – 168
വിരാട് കോഹ്‌ലി – 125 – 124
അഭിഷേക് ശര്‍മ – 58 – 115
കെ.എല്‍. രാഹുല്‍ – 72 – 99
സഞ്ജു സാംസണ്‍ – 68 – 90
അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 259.09 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.
