ഇത്തവണത്തെ പ്രിമീയര്‍ ലീഗ് ചാമ്പ്യന്മാര്‍ അവരായിരിക്കും; പ്രവചനവുമായി സഞ്ജു
Football
ഇത്തവണത്തെ പ്രിമീയര്‍ ലീഗ് ചാമ്പ്യന്മാര്‍ അവരായിരിക്കും; പ്രവചനവുമായി സഞ്ജു
സുദേവ് എ
Sunday, 23rd August 2026, 1:39 pm

2026-27 ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ടോപ് ഫോറില്‍ എത്തുന്ന ടീമുകള്‍ ആരെല്ലാമായിരിക്കുമെന്ന് തെരഞ്ഞെടുത്തിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ ബ്രാന്റ് അംബാസഡര്‍മാരില്‍ ഒരാളായ സഞ്ജു സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയാണ് തന്റെ പ്രവചനം നടത്തിയത്.

ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റി പ്രിമീയര്‍ ലീഗ് ചാമ്പ്യന്മാരാവുമെന്നാണ് സഞ്ജുവിന്റെ പ്രവചനം. ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ പടിയിറക്കത്തിന് ശേഷം പുതിയ പരിശീലകന്‍ എന്‍സോ മാരെസ്‌കയുടെ കീഴിലാണ് മാഞ്ചസ്റ്റര്‍ സിറ്റി കളത്തില്‍ ഇറങ്ങുന്നത്.

സീസണ്‍ തുടങ്ങുന്നതിന് മുമ്പേ മാഞ്ചസ്റ്റര്‍ സിറ്റി വലിയ തിരിച്ചടി നേരിട്ടിരുന്നു. 2026 എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ആഴ്‌സണലിനോട് പരാജയപ്പെട്ട് സിറ്റിക്ക് കിരീടം നഷ്ടമായിരുന്നു.

1906ന് ശേഷം ഒരു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ ആദ്യ മത്സരത്തില്‍ തന്നെ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്. 1906ല്‍ പരിശീലകനായ ആദ്യ മത്സരത്തില്‍ തന്നെ ഹാരി ന്യൂബോള്‍ഡിന്റെ കീഴിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന് ഗോളുകള്‍ വഴങ്ങിയത്.

 

അന്നും ഇതേ ആഴ്‌സണല്‍ തന്നെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. 4-1നായിരുന്നു പീരങ്കിപ്പടയുടെ വിജയം. പെപ്പിന്റെ പിന്‍ഗാമിയായി ടീമിലെത്തിയ എന്‍സോ മാരെസ്‌കക്ക് അരങ്ങേറ്റ മത്സരത്തില്‍ തന്നെ കാലിടറിയത് മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ക്കും വലിയ നിരാശയാണ് നല്‍കിയിരിക്കുന്നത്.

സഞ്ജു രണ്ടാമതായി ഫിനിഷ് ചെയ്യുമെന്ന് പറഞ്ഞ ടീം ആഴ്സണല്‍ ആണ്. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ സീസണില്‍ പ്രിമീയര്‍ ലീഗ് കിരീടം ചൂടിയ ആഴ്സണല്‍ ഇത്തവണയും ടൈറ്റില്‍ റേസില്‍ മുന്‍നിരയിലുണ്ടാവുമെന്നുറപ്പാണ്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പീരങ്കിപ്പട വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിന് കോവെന്‍ട്രിയെയാണ് ഗണ്ണേഴ്സ് പരാജയപ്പെടുത്തിയത്.

മൂന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫിനിഷ് ചെയ്യുമെന്നാണ് മലയാളി താരത്തിന്റെ പ്രവചനം. 2012-13 സീസണിന് ശേഷം ഇംഗ്ലീഷ് ഫുട്‌ബോളിന്റെ നെറുകയിലെത്താനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ റെഡ് ഡെവിള്‍സ് ഞെട്ടിക്കുന്ന തോല്‍വിയോടെയാണ് തുടങ്ങിയത്.

 

സെക്കന്‍ഡ് ഡിവിഷനില്‍ നിന്നും പ്രമോഷന്‍ ലഭിച്ച ഹള്‍ സിറ്റിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹള്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്.

നാലാം സ്ഥാനക്കാരായി ലിവര്‍പൂള്‍ എത്തുമെന്നാണ് സഞ്ജുവിന്റെ പ്രവചനം. ഈജിപ്ഷ്യന്‍ ഇതിഹാസം മുഹമ്മദ് സലാഹിന്റെ പടിയിറക്കത്തിന് ശേഷം ലിവര്‍പൂള്‍ കളത്തിലിറങ്ങുന്ന ആദ്യ സീസണ്‍ ആണിത്.

മുന്നേറ്റ നിരയില്‍ സലാഹിനെ പോലൊരു ഇതിഹാസമില്ലാതെ ഇത്തവണ ലിവര്‍പൂളിന് എത്രത്തോളം മികവ് പുറത്തെടുക്കാന്‍ സാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.

 

Content Highlight: Sanju Samson has picked the teams that will make it to the top four in the 2026-27 English Premier League

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.