ഒന്നല്ല, സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡുകള്‍; ത്രീലയണ്‍സിനെതിരെ വേണ്ടത് ഇത്രമാത്രം!
Cricket
ഒന്നല്ല, സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡുകള്‍; ത്രീലയണ്‍സിനെതിരെ വേണ്ടത് ഇത്രമാത്രം!
ശ്രീരാഗ് പാറക്കല്‍
Wednesday, 1st July 2026, 5:05 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. റിവര്‍സൈഡ് സ്റ്റേഡിയത്തിലാണ് മത്സരം. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.

ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ തോല്‍വി വഴങ്ങുന്നത്. എന്നാല്‍ ത്രീ ലയണ്‍സിനെതിരായ പരമ്പര സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു മിന്നും നേട്ടമാണ്.
അന്താരാഷ്ട്ര ടി -20യില്‍ 1500 റണ്‍സെന്ന മൈല്‍സ്റ്റോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വേണ്ടത് 96 റണ്‍സ് മാത്രമാണ്. മാത്രമല്ല ടി-20യില്‍ 9000 റണ്‍സ് സ്വന്തമാക്കാനും സഞ്ജുവിന് അവസരമുണ്ട്. ഇതിനായി 108 റണ്‍സാണ് സഞ്ജുവിന് ആവശ്യം. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിക്കും. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ സഞ്ജുവിന് 1404 റണ്‍സുണ്ട്. 64 ടി-20 മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും താരം ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ 191 മത്സരങ്ങളില്‍ നിന്ന് 5181 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, ഇന്ത്യ, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ഫോര്‍മാറ്റില്‍ കളിച്ചത്.

എന്നാല്‍ അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ പൂജ്യത്തിനുമാണ് മടങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു ശക്തമായി തിരിച്ചു വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മാത്രമല്ല ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പരയില്‍ തന്നെ പരാജയപ്പെട്ട ശ്രേയസ് അയ്യര്‍ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര വിജയിക്കേണ്ടത് നിര്‍ണായകമാണ്.

 

Content Highlight: Sanju Samson Awaiting Two Great Record Against England In T-20 Series

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ