റിലീസ് ദിവസം തിയേറ്ററിൽ മുഴുവൻ കൂവലായിരുന്നു, നോട്ട് ബുക്ക്‌ പരാജയമാകുമെന്ന് ഉറപ്പിച്ചിരുന്നു: സഞ്ജയ്‌
Malayalam Cinema
റിലീസ് ദിവസം തിയേറ്ററിൽ മുഴുവൻ കൂവലായിരുന്നു, നോട്ട് ബുക്ക്‌ പരാജയമാകുമെന്ന് ഉറപ്പിച്ചിരുന്നു: സഞ്ജയ്‌
അജ്മല്‍ കെ
Wednesday, 5th August 2026, 4:22 pm

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘നോട്ട്ബുക്ക്’ മലയാള സിനിമയിലെ ശ്രദ്ധേയമായ ക്യാമ്പസ് ചിത്രങ്ങളിലൊന്നായിരുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥയൊരുക്കിയ ചിത്രം പിന്നീട് വലിയ സ്വീകാര്യത നേടിയെങ്കിലും റിലീസ് ദിനത്തിൽ തിയേറ്ററുകളിൽ നേരിട്ട മോശം പ്രതികരണത്തെക്കുറിച്ചും പിന്നീട് സംഭവിച്ച അപ്രതീക്ഷിത മാറ്റത്തെക്കുറിച്ചും തുറന്ന് പറയുകയാണ് ഇപ്പോൾ തിരക്കഥാകൃത്ത് സഞ്ജയ്. പോർട്ടയൽ ബൈ ഗദ്ധാഫി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

നോട്ട്ബുക്കിന്റെ റിലീസ് ദിവസം തിയേറ്ററുകളിൽ വലിയ കൂവലായിരുന്നു. ഒരു ഡയലോഗ് പോലും വ്യക്തമായി കേൾക്കാൻ പറ്റാത്ത രീതിയിൽ ആളുകൾ കൂവിക്കൊണ്ടിരുന്നു. ചില ഡയലോഗുകൾ വരുമ്പോൾ കൂവൽ നിർത്താതെ തുടർന്നിരുന്നു. അതിന്റെ കാരണം എന്താണെന്ന് ഇന്നും എനിക്ക് അറിയില്ല. അത്രയും കൂവൽ കിട്ടിയ മറ്റൊരു സിനിമ ഞാൻ കണ്ടിട്ടില്ല. ആദ്യ ദിവസവും അതിന് ശേഷമുള്ള രണ്ട് ദിവസങ്ങളും തിയേറ്ററുകളിൽ സിനിമയ്ക്ക് ലഭിച്ച പ്രതികരണം വളരെ മോശമായിരുന്നു എന്ന് സഞ്ജയ് പറഞ്ഞു.

നോട്ട്ബുക്ക്.Photo.IMDb

‘അന്നൊക്കെ റിവ്യൂകൾ പ്രിന്റ് മാധ്യമങ്ങളിലൂടെയായിരുന്നു വന്നിരുന്നത്. ചിലത് നല്ലതായിരുന്നെങ്കിലും പല റിവ്യൂകളും നെഗറ്റീവായിരുന്നു. റിലീസ് ദിവസം തന്നെ തിയേറ്ററിൽ സിനിമ കണ്ടപ്പോൾ ലഭിച്ച പ്രതികരണം കണ്ടിട്ട് ഈ സിനിമ വലിയ പരാജയമാകുമെന്നാണ് എനിക്ക് തോന്നിയത്. സിനിമാജീവിതത്തിന്റെ തുടക്കം തന്നെ അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു കടന്ന്പോയിരുന്നത്,’ അദ്ദേഹം പറഞ്ഞു.

‘പക്ഷേ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറിത്തുടങ്ങി. ഞാനും റോഷനും അന്ന് എറണാകുളത്തെ കവിത തിയേറ്ററിന് സമീപത്തായിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്ന് ആളുകൾ സിനിമ കണ്ട് ഇറങ്ങുന്നതും വരുന്നതും എല്ലാം കാണാമായിരുന്നു. സിനിമ പരാജയമാണെന്ന വാർത്തകൾ വന്നുകൊണ്ടിരുന്ന സമയത്താണ് റിലീസ് കഴിഞ്ഞ് മൂന്നാം ദിവസം സെക്കൻഡ് ഷോ കഴിഞ്ഞിറങ്ങിയ ഒരു കൂട്ടം യുവാക്കൾ ഞങ്ങളെ കാണുന്നത്. അവർ ഞങ്ങളെ തിരിച്ചറിഞ്ഞ് തമ്പ്‌സ് അപ്പ് കാണിച്ചു. ആ നിമിഷമാണ് ഈ സിനിമ വീഴില്ലെന്ന് ഞങ്ങൾക്ക് ആദ്യമായി പ്രതീക്ഷ തോന്നിയത്,’സഞ്ജയ് പറഞ്ഞു.

സഞ്ജയ്. photo. Screengrab. Youtube.com

 അത്തരം യങ് ആയിട്ടുള്ള ഓഡിയൻസ് തന്നെയായിരുന്നു ഞങ്ങളുടെ ടാർഗറ്റ്. ‘നോട്ട്ബുക്ക്’ വീണ്ടും റീ-റിലീസ് ചെയ്യണമെന്ന ആഗ്രഹം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല, എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

Content Highlight: Sanjay reflects on the making and release of his debut screenplay Notebook

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.