മലയാള സിനിമയില്‍ ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന യുവ അഭിനേതാക്കളിലൊരാളാണ് സംഗീത് പ്രതാപ്. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയില്‍ മലയാള സിനിമയില്‍ താരം തന്റെ സ്ഥാനം കണ്ടെത്തുകയായിരുന്നു. എഡിറ്ററായി സിനിമയില്‍ കരിയര്‍ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറില്‍ വലിയ ബൂസ്റ്റായിരുന്നു നല്‍കിയത്.
പിന്നാലെ സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തില്‍ മോഹന്‍ലാലുമൊത്തുള്ള താരത്തിന്റെ കോമ്പിനേഷനും വലിയ കൈയടി ലഭിച്ചിരുന്നു. 320 കോടി നേടി വന്‍ ഹിറ്റായി നില്‍ക്കുന്ന ബെത്ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെര്‍ഫോമന്‍സിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ സഹനടന്‍ റോളുകളില്‍ നിന്നും മാറി നായകനായി സംഗീത് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍.

സംഗീത് പ്രതാപ്. Photo: Sangeeth Prathap/ Facebook.com
ലിറ്റില്‍ മിസ് സണ്‍ ഷൈന്‍ എന്ന ചിത്രത്തിന് വേണ്ടി 2024ല്‍ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സംഗീത് തനിക്ക് ആക്ടിങ്ങിനെക്കാള്‍ ചെയ്യാന്‍ ഏറ്റവും എളുപ്പമായി തോന്നിയിട്ടുള്ളത് എഡിറ്റിങ്ങാണ് എന്ന് പറയുകയാണ് ഇപ്പോള്‍. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘എന്നെ സംബന്ധിച്ച് എഡിറ്റിങ്ങാണ് ഏറ്റവും എളുപ്പമായി തോന്നിയിട്ടുള്ളത്. ഇപ്പോഴും ഭയങ്കര സന്തോഷത്തോടെയും സമാധാനത്തോടെയും ചെയ്യുന്ന ജോലി അതാണ്. നമ്മുടെതായ ഒരു സ്‌പേസില്‍ ഇരുന്ന്, സമാധാനത്തില്‍ നമ്മുടെ ഇമോഷന്‍ വെച്ച് ചെയ്യാന്‍ പറ്റുന്ന കാര്യമാണ്. അതില്‍ എന്ത് വേണമെങ്കിലും വര്‍ക്ക് ചെയ്യാനും റീ വര്‍ക്ക് ചെയ്യാനും കഴിയും.

സംഗീത് പ്രതാപ്. Photo: Sangeeth Prathap/ Facebook.com
പക്ഷേ ആക്ടിങ് എന്ന് പറയുമ്പോള്‍ പത്ത് നൂറ് പേരുള്ള ഒരു സെന്റര്‍ സ്റ്റേജില്‍ നമ്മളെ കൊണ്ടുവന്ന് നിര്‍ത്തുകയാണ്. നമ്മള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ഒരുപാട് പേര്‍ ക്യാമറയ്ക്ക് പിന്നില്‍ ചിരിച്ച് കളിക്കുന്നുണ്ടാകും. നമ്മള്‍ മറ്റെന്തോ ചെയ്യുകയായിരിക്കും. ആക്ടിങ് നമ്മള്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതുകൊണ്ട് ഇത്രയും ആളുകളുടെ നടുക്കിരുന്ന് ഇത് ചെയ്യുന്നത് പേഴ്‌സണലി എനിക്ക് ഭയങ്കര പാടാണ്,’ സംഗീത് പറഞ്ഞു.
Content Highlight: Sangeeth Prathap talks about acting and Editing
