
ഗോവ: സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയെ നിരോധിക്കാനാവില്ലെന്ന് ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍. ആരെങ്കിലും ചെയ്ത തെറ്റിന് സനാതന്‍ സന്‍സ്തയെ നിരോധിക്കാനാവില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ ആദ്യം കേസ് അന്വേഷിക്കട്ടെയെന്നും പര്‍സേക്കര്‍ പറഞ്ഞു.
സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എയായ വിഷ്ണു വാഗ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രമോദ് മുത്തലിക്കിന് ഗോവയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താമെങ്കില്‍ സനാതന്‍ സന്‍സ്തയെയും നിരോധിക്കണമെന്നായിരുന്നു സെന്റ് ആന്‍ഡ്രെ എം.എല്‍.എയായ വിഷ്ണു വാഗ ആവശ്യപ്പെട്ടിരുന്നത്.
ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ കല്‍ബുര്‍ഗി, പന്‍സാരെ വധങ്ങളിലൂടെ എതിരാളികളെ ഭയപ്പെടുത്താനാണ് സംഘടന ശ്രമിക്കുന്നതെന്നും ബി.ജെ.പി എം.എല്‍.എ ആരോപിച്ചിരുന്നു.
പന്‍സാരേക്ക് ശേഷം മറാത്ത മാധ്യമ പ്രവര്‍ത്തകനായ നിഖില്‍ വാഗ്ലെയെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായി പന്‍സാരെ വധക്കേസില്‍ അറസ്റ്റിലായ സന്‍സ്ത നേതാവായ സമീര്‍ ഗെയ്ക്കവാദ് പോലീസിനോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സനാതന്‍ സന്‍സ്ത
എഴുത്തുകാരായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ബന്ധമുണ്ടെന്ന് കരുതുന്ന സനാതന്‍ സന്‍സ്ത 1990ല്‍ ജയന്ത് ബാലാജി അതാവാലെ എന്നയാളാണ് സ്ഥാപിച്ചത്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ് സംഘടനയ്ക്ക് അനുയായികളുള്ളത്.
2008, 2009കളില്‍ മുംബൈയിലെ വാഷി, പന്‍വേല്‍ എന്നിവിടങ്ങളിലും താണെയിലും ഗോവയിലും നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സനാതന്‍ സന്‍സ്തയ്ക്ക് പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
