ലക്സംബര്‍ഗ്ഗ്: സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് ഇനി മുതല്‍ യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളിലും മറ്റു ദമ്പതികളെപ്പോലെ തന്നെ താമസിക്കാനും സഞ്ചരിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കും. റൊമാനിയക്കാരനായ ഏഡ്രിയാന്‍ കോമന്‍ പങ്കാളിയായ അമേരിക്കന്‍ പൗരന്‍ ക്ലേയ് ഹാമില്‍ട്ടണോടൊപ്പം റൊമാനിയയില്‍ തുല്യവകാശത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

വിധിയോടെ യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ജീവിതപങ്കാളികള്‍ക്കു അനുവദിച്ചിട്ടുള്ള നിയമപരിരക്ഷയും ആനുകൂല്യങ്ങളും ഹാമില്‍ട്ടണും ലഭിക്കും. സ്വവര്‍ഗ്ഗാനുരാഗവിവാഹങ്ങളെ അംഗീകരിക്കാത്തതിനാല്‍ റൊമാനിയ ഹാമില്‍ട്ടണ് താമസിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നായിരുന്നു കേസ് യൂറോപ്യന്‍ യൂണിയന്‍ കോടതിയിലെത്തിയത്.


ALSO READ: ദളിത് സമരത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് 12ഉം 15ഉം വയസ്സുകാര്‍ ഉത്തര്‍പ്രദേശ് ജയിലില്‍; അനുഭവിക്കുന്നത് കൊടിയ പീഡനം


“സ്വവര്‍ഗ്ഗവിവാഹം അംഗീകരിക്കണോ വേണ്ടയോ എന്ന് ഓരോ അംഗരാജ്യത്തിനും തീരുമാനിക്കാമെങ്കിലും താമസ – സഞ്ചാരസ്വാതന്ത്ര്യമടക്കമുള്ള വിഷയങ്ങളില്‍ ഇതൊരു തടസ്സമാകരുത്.” വിധിയില്‍ പറയുന്നു. “ദമ്പതികള്‍”എന്നത് ലിംഗഭേദമന്യേ കണക്കാക്കേണ്ടതാണെന്നും കോടതി പറഞ്ഞു.

“മനുഷ്യ മഹത്വമാണ് ഇന്നു വിജയിച്ചത്. ഇനി മുതല്‍ റൊമാനിയയിലും യൂറോപ്യന്‍ യൂണിയനിലെ ഏതൊരു ഉദ്യോഗസ്ഥനു മുന്‍പിലും ഞങ്ങള്‍ക്ക് അഭിമാനത്തോടെ ചെല്ലാം. ഞങ്ങളും തുല്യരാണെന്ന് രാജ്യം അംഗീകരിച്ചിരിക്കുന്നു.” കോമന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ അതീവ സന്തുഷ്ടനാണെന്നും വൈകാതെ ഒരു കുടുംബമായി ഔദ്യോഗിക അംഗീകരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹാമില്‍ട്ടണും അറിയിച്ചു. ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് ഇവര്‍ താമസിക്കുന്നത്.


ALSO READ: സൗദി ഭീഷണിയെ ഉപരോധത്തെ ചെറുത്ത പോലെ നേരിടുമെന്ന് ഖത്തര്‍


യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ വ്യത്യസ്തമായ നിയമങ്ങളാണ് സ്വവര്‍ഗ്ഗാനുരാഗത്തെയും വിവാഹത്തെയും സംബന്ധിച്ച് നിലനില്‍ക്കുന്നത്. പൂര്‍ണ്ണമായോ ഭാഗികമായോ മിക്ക രാജ്യങ്ങളും സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും പോളണ്ട്, റൊമാനിയ, സ്ളൊവാക്യ, ബള്‍ഗേറിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗവിവാഹത്തിനു യാതൊരു നിയമസാധുതയുമില്ല. റൊമാനിയയില്‍ 2002 ലാണ് സ്വവര്‍ഗ്ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റകൃത്യ പരിധിയില്‍ നിന്നും ഒഴിവാക്കിയത്.

ഈ വിധി പ്രാബല്യത്തില്‍ വരുന്നതോടെ വിവാഹം ഔദ്യോഗികമായി അംഗീകരിച്ചാലും ഇല്ലെങ്കിലും യൂറോപ്യന്‍ യൂണിയനിലെ ഓരോ രാജ്യത്തും ദമ്പതികള്‍ക്കുള്ള നിയമപരിരക്ഷ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ലഭിക്കും.