ഒന്നോ രണ്ടോ ഐ.പി.എല്‍ മാത്രമേ കളിച്ചുള്ളൂ, അപ്പോഴേക്കും ഇന്ത്യന്‍ ടീമില്‍; വൈഭവിന് മുന്നറിയിപ്പുമായി സാം കറന്‍
Cricket
ഒന്നോ രണ്ടോ ഐ.പി.എല്‍ മാത്രമേ കളിച്ചുള്ളൂ, അപ്പോഴേക്കും ഇന്ത്യന്‍ ടീമില്‍; വൈഭവിന് മുന്നറിയിപ്പുമായി സാം കറന്‍
ശ്രീരാഗ് പാറക്കല്‍
Friday, 3rd July 2026, 8:04 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം ജൂലൈ നാലിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.

മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ യുവ താരം വൈഭവ് സൂര്യവംശിക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒന്നോ രണ്ടോ ഐ.പി.എല്‍ സീസണുകള്‍ മാത്രമാണ് വൈഭവ് കളിച്ചിട്ടുള്ളതെന്നും അതിന് പിന്നാലെ നേരിട്ട് ഇന്ത്യന്‍ ടീമിലേക്കും എത്തിയെന്ന് സാം കറന്‍ പറഞ്ഞു. മാത്രമല്ല മറ്റേതൊരു താരത്തെയും പോലെ വൈഭവിനും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സാം കറന്‍ പകൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്ററായിരിക്കുക എന്നത് നമ്മളൊക്കെ സങ്കല്‍പ്പിക്കുന്നതിലുപരി വലിയ കാര്യമാണ്. ആ സമ്മര്‍ദവും ശ്രദ്ധയും അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. അദ്ദേഹം വെറും ഒന്നോ രണ്ടോ ഐ.പി.എല്‍ സീസണുകള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിന് പിന്നാലെ നേരിട്ട് ഇന്ത്യന്‍ ടീമിലേക്കും എത്തിയിരിക്കുകയാണ്. അരങ്ങേറ്റം കുറിക്കുന്നതുവരെ സഹായിക്കാന്‍ അദ്ദേഹത്തിന് ചുറ്റും ആളുകളുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ മറ്റാരെയും പോലെ അവനും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ മത്സരത്തിന് മുന്നോടിയായി റേവ്‌സ്‌പോര്‍ട്‌സില്‍ സാം കറന്‍ പറഞ്ഞു.

ഐ.പി.എല്ലിലും ഇന്ത്യ എയ്ക്ക് വേണ്ടിയും മിന്നും പ്രകടനമാണ് 15 വയസുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2026 ഐ.പി.എല്ലില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. പേരുകേട്ട വമ്പന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയ വൈഭവ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

വൈഭവ് സൂര്യവംശി. Photo: iplt20.com

2026 ഐ.പി.എല്ലില്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്.

സീസണില്‍ വൈഭവ് തന്നെയാണ് ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് വൈഭവ് ഇന്ത്യന്‍ സ്‌ക്വാഡിലെത്തിയത്.

എന്നാല്‍ അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ പരാജയപ്പെട്ട രണ്ട് മത്സരങ്ങളിലും വൈഭവിന് അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും താരം പ്ലെയിങ് ഇലവനില്‍ ഇടം നേടിയില്ല. വരും മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിന്റെ പേരില്‍ കുറിക്കപ്പെടും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക.

 

Content Highlight: Sam Curran Warns Indian Young Star Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ