മലയാളികള്‍ക്ക് ഏറെ പ്രിയപെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് സിനിമകളില്‍ നായകനായും സഹ നടനായുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് അദ്ദേഹത്തോട് അധികം സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് സൈജു. ദുല്‍ഖര്‍ സല്‍മാനെ പരിചയമുളളത് കാരണം അതുവഴി മമ്മൂട്ടിയോട് സംസാരിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

തന്റെ ഏറ്റവും പുതിയ സിനിമയായ ‘എ രഞ്ജിത്ത് സിനിമ’യുടെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടനൊപ്പം അധികം സംസാരിക്കാന്‍ എനിക്ക് ചാന്‍സ് കിട്ടിയിട്ടില്ല. ലാലേട്ടന്റെ കൂടെ ഞാന്‍ അഞ്ചോ ആറോ പടങ്ങള്‍ ചെയ്തിട്ടുണ്ട്. എങ്കിലും മമ്മൂട്ടി സാറിനോട് സംസാരിക്കാന്‍ ചാന്‍സ് കിട്ടിയത് പോലെയുള്ള ഒരു ചാന്‍സ് കിട്ടിയിട്ടില്ല.

ലൊക്കേഷനിലും അവസരം കിട്ടിയിട്ടില്ല. ലാലേട്ടനൊപ്പം ആരെങ്കിലുമൊക്കെ എപ്പോഴും കൂടെ കാണും. മമ്മൂട്ടി സാറുമായും അത്തരത്തില്‍ ലൊക്കേഷനില്‍ വെച്ച് സംസാരിക്കാന്‍ സമയം കിട്ടില്ല.

ദുല്‍ഖര്‍ വഴിയാണ് സാറുമായി അവരുടെ വീട്ടില്‍ വെച്ച് സംസാരിക്കാന്‍ കഴിഞ്ഞത്. ദുല്‍ഖറിനെ പരിചയം ഇല്ലായിരുന്നെങ്കില്‍ അതിന് കഴിയില്ല.

പിന്നെ എനിക്ക് ഇടിച്ചു കയറാന്‍ ഇഷ്ടമല്ല. ചാന്‍സ് ചോദിക്കാറുണ്ട്. എങ്കിലും ഒരു സംവിധായകന്‍ കുറേ ആളുകള്‍ക്ക് ഇടയില്‍ ഇരിക്കുമ്പോള്‍ അവിടേക്ക് ഇടിച്ചു കയറി ചോദിക്കാറില്ല,’ സൈജു കുറുപ്പ് പറഞ്ഞു.

അതേസമയം, സൈജു കുറുപ്പിന്റേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘എ രഞ്ജിത്ത് സിനിമ’. ഡിസംബര്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നിശാന്ത് സട്ടു സംവിധാനം ചെയ്ത ഈ സിനിമയില്‍ സൈജു കുറുപ്പിനൊപ്പം ആസിഫ് അലി, ഹന്ന റെജി കോശി, നമിത പ്രമോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്‍സണ്‍ പോള്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു.


Content Highlight: Saiju Kurupp Talks About Mohanlal And Mammootty