മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരം സൈജു കുറുപ്പിന്റെ ഭാരതനാട്ട്യം 2 മോഹിനിയാട്ടം എന്ന വലിയ വിജയത്തിന് ശേഷം വരാനിരിക്കുന്ന പുതിയ ചിത്രമാണ് ലർക്. ഇപ്പോൾ മോഹിനിയാട്ടത്തിന്റെ റിലീസിന് ശേഷം നിരവധി സിനിമകളുടെ കഥകൾ കേൾക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. മൂവി വേൾഡ് ഒറിജിനൽസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൈജു.
‘ഞാൻ ഇപ്പോൾ ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. ‘മോഹിനിയാട്ടം’ റിലീസാകുന്നതിന് മുമ്പും അങ്ങനെ തന്നെയായിരുന്നു. ആ സമയത്ത് ദിവസവും ഒന്നോ രണ്ടോ പേർ പുതിയ കഥകളുമായി വരുമായിരുന്നു. എന്നാൽ ഇപ്പോൾ അത് നാലോ അഞ്ചോ ഒക്കെയായി ഉയർന്നിട്ടുണ്ട്. ദിവസം മൂന്ന് കഥകൾ വെച്ച് കേട്ടാൽ പോലും, ഒരു 10 ദിവസത്തെ കണക്കെടുത്താൽ 30 കഥകളാകും! ഇത്രയും കഥകൾ മുഴുവൻ കേട്ടിരിക്കുക എന്നത് പ്രായോഗികമായി വലിയൊരു പണിയാണ്.
‘മോഹിനിയാട്ടം’ റിലീസിന് ശേഷം, ‘പ്രേം പാറ്റ’യുടെ ഷൂട്ടിംഗ് കഴിഞ്ഞ് എനിക്ക് ഒരു ആറു ദിവസം ഒഴിവു കിട്ടി. ആ ആറു ദിവസം കൊണ്ട് ഞാൻ കേട്ടത് 19 കഥകളാണ്.
രണ്ടാം ദിവസം ആറ് കഥകൾ കേട്ടു കഴിഞ്ഞു. മൂന്നാം ദിവസം ഏഴാമത്തെ കഥയിലേക്ക് കടക്കുമ്പോഴേക്കും എനിക്ക് ഒന്നും മനസിലാവാത്ത അവസ്ഥയായി. കഥ പറയുമ്പോൾ മനസ് വല്ലാതെ വഴിമാറിപ്പോകും. അങ്ങനെ കഥ കേൾക്കുന്നതിനിടയിൽ നിർത്തിവെച്ച്, എന്റെ ഓർമശക്തി ഒന്ന് പരിശോധിക്കാൻ ഞാൻ ശ്രമിച്ചു. ‘മിനിഞ്ഞാന്ന് ഞാൻ കേട്ട ഏറ്റവും ആദ്യത്തെ കഥ ആരുടേതായിരുന്നു? ആ ഡയറക്ടറുടെ പേരെന്താണ്?’ എന്ന് ഓർത്തെടുക്കാൻ നോക്കി. പക്ഷേ, എനിക്കതിന് സാധിച്ചില്ല.
പിന്നീട് കേട്ട മറ്റൊരു കഥ, അവർ ‘ഡാർക്ക് ഹ്യൂമർ’ ആണെന്നാണ് പറഞ്ഞത്. പക്ഷേ കഥ കേട്ടപ്പോൾ എനിക്കൊട്ടും ഡാർക്ക് ഹ്യൂമറായി തോന്നിയില്ല; ഒരു സീരിയസ് സിനിമയായിട്ടാണ് അനുഭവപ്പെട്ടത്. ‘അത് എന്റെ പ്രശ്നമാണോ, എന്റെ സെൻസിബിലിറ്റിക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചതാണോ’ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി.
ആഴ്ചയിൽ ഒരു കഥയേ കേൾക്കാവൂ, അല്ലെങ്കിൽ പരമാവധി ഒന്നോ രണ്ടോ കഥയിൽ കൂടുതൽ കേൾക്കരുത് എന്ന് പല നടന്മാരും പറഞ്ഞു കേട്ടിട്ടുണ്ട്. കാരണം, കഥകൾ കേൾക്കുന്നതിന്റെ മാനസിക സമ്മർദ്ദം വളരെ വലുതാണ്. കഥ പറയുന്നവരെ സംബന്ധിച്ച് അവർക്ക് ആകെ ഒരു കഥയേ പറയാനുള്ളൂ. എന്നാൽ എന്റെ അവസ്ഥ, ദിവസം മൂന്ന് കഥകൾ വരെ കേൾക്കേണ്ടി വരുന്നു എന്നതാണ്.
അതുകൊണ്ട് കഥ പറയാൻ വരുന്നവരോട് ഞാൻ മുൻകൂട്ടി പറയും: ‘എനിക്ക് ചിലപ്പോൾ കഥ പെട്ടെന്ന് മനസ്സിലായി എന്ന് വരില്ല, കഥ നല്ലതാണെങ്കിലും കൃത്യമായ ഒരു ജഡ്ജ്മെന്റിൽ എത്താൻ പറ്റിയെന്ന് വരില്ല.’
പക്ഷേ, ‘ഇല്ല ചേട്ടാ, ഇതൊന്നു കേട്ടു നോക്കൂ’ എന്ന് അവർ സ്നേഹത്തോടെ നിർബന്ധിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ കേട്ടിരുന്നു പോകും. നിലവിൽ അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്,’ സൈജു കുറുപ്പ് പറയുന്നു.
Content Highlight:Saiju Kurup says the pressure to listen to new film scripts is really high right now