അഭിലാഷത്തിലെ എന്റെ ലുക്ക് ആദ്യം ഇഷ്ടപ്പെട്ടില്ല; അങ്ങനെ വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു: സൈജു കുറുപ്പ്
Malayalam Cinema
അഭിലാഷത്തിലെ എന്റെ ലുക്ക് ആദ്യം ഇഷ്ടപ്പെട്ടില്ല; അങ്ങനെ വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു: സൈജു കുറുപ്പ്
ഐറിന്‍ മരിയ ആന്റണി
Thursday, 9th April 2026, 11:34 am

കഴിഞ്ഞ വര്‍ഷം എമ്പുരാന്റെ ഒപ്പം തിയറ്റേുകളിലെത്തിയ സൈജു കുറുപ്പ് ചിത്രമാണ് അഭിലാഷം. ഷംസു സൈബയുടെ സംവിധാനത്തില്‍ സൈജു കുറുപ്പ്, തന്‍വി റാം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററില്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം അഭിലാഷം ചര്‍ച്ചകളില്‍ നിറഞ്ഞു.

അഭിലാഷത്തിലെ ഗാനങ്ങള്‍ക്കൊപ്പം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ചിത്രത്തിലെ സൈജു കുറുപ്പിന്റെ ഗെറ്റപ്പ്. ഇത് വരെ കാണാത്ത ലുക്കിലാണ് സൈജു കുറുപ്പ് സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ, ഇന്‍ഡിവുഡുമായുള്ള അഭിമുഖത്തില്‍ അഭിലാഷത്തിലെ തന്റെ ലുക്ക് ആദ്യം ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

‘അഭിലാഷത്തിലെ എന്റെ ലുക്ക് എനിക്ക് ആദ്യം ഇഷ്ടപ്പെട്ടിരുന്നില്ല. എനിക്ക് ചേരില്ല, അത് ചെയ്യെണ്ടന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ ഇവര്‍ക്ക് ഭയങ്കര നിര്‍ബന്ധമായിരുന്നു ഈ ലുക്ക് തന്നെ വേണമെന്നത്. ‘സൈജു കുറുപ്പിനെ മുമ്പ് കണ്ടിട്ടുള്ള ലുക്കില്‍ നമുക്ക് ഈ സിനിമയില്‍ വേണ്ട’ എന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാലേ ചിത്രത്തിന്റെ പോസ്റ്ററോ, ഗാനമോ പുറത്തിറക്കുമ്പോഴേക്കും, പ്രേക്ഷകര്‍ക്ക് ഒരു ആകര്‍ഷണം തോന്നുകയുള്ളു. അങ്ങനെ പറഞ്ഞപ്പോഴേക്കും ഞാനും കണ്‍വിന്‍സ്ഡായി. മിക്കാവാറും സിനിമകളില്‍ മീശയില്ലാതെയും മീശ വെച്ചുമൊക്കെയാണ് കണ്ടിരിക്കുന്നത്. പെട്ടന്ന് നോക്കുമ്പോള്‍ ഇത് അഭിലാഷമാണോ, ഭരതനാട്യമാണോ ഒന്നും മനസിലാകില്ല,’ സൈജു കുറുപ്പ് പറയുന്നു.

പിന്നീട് അറിഞ്ഞോ അറിയാതെയോ പല സിനിമകളിലും തന്റെ രൂപത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗുണ്ട ജയന്‍, ജാനകി ജാനേ എന്നീ സിനിമകളില്‍ തന്റെ ലുക്കില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നും നടന്‍ പറഞ്ഞു. അഭിലാഷത്തില്‍ ആ മാറ്റം നന്നായി എടുത്ത് കാണിച്ചിരുന്നുവെന്നും ഹെയര്‍ സ്റ്റൈലിലടക്കം നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ഹരിഹരന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായി. 100ലധികം സിനിമകളില്‍ അഭിനയിച്ച താരത്തിന് ബ്രേക്ക് ത്രൂവായി മാറിയ ചിത്രമാണ് ആട്. ചിത്രത്തിലെ അറക്കല്‍ അബുവെന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

മോഹിനിയാട്ടമാണ് സൈജു കുറുപ്പിന്റേതായി വരാനിരിക്കുന്ന ചിത്രം. താരത്തിന്റെ കരിയറിലെ 150-ാമത്തെ സിനിമയായെത്തുന്ന മോഹിനിയാട്ടത്തില്‍ ജഗദീഷ്, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, സന്തോഷ് ഗുരുവായൂര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം ഏപ്രില്‍ 10ന് (നാളെ)തിയേറ്ററുകളിലെത്തും.

Content Highlight: Saiju Kurup says he didn’t like his look in the movie Abhilasham at first

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.