നിരവധി മലയാള ചിത്രങ്ങൾക്ക് സംഗീതം പകർന്ന് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് അർഹനായ പ്രമുഖ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തുടർന്ന് 1985-ൽ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി മാറി.
പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം.., ദേവദൂതർ പാടി…, നീ എൻ സർഗ്ഗ സൗന്ദര്യമേ… തുടങ്ങിയ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറിയതോടെ ഔസേപ്പച്ചൻ എന്ന സംഗീത സംവിധായകൻ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

,ഔസേപ്പച്ചൻ. Photo. Screen Grab / Youtube
അമരം, അനിയത്തിപ്രാവ്, ചോക്ലേറ്റ്, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മിൽ തുടങ്ങി നൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയ ഔസേപ്പച്ചന്റെ ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ പെടുന്നു.
എ.ആർ. റഹ്മാൻ സംഗീതലോകത്ത് വലിയ തരംഗമാകുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ പ്രശസ്ത മലയാള സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇളയരാജ തിളങ്ങിനിന്ന കാലത്ത് തന്നെ അദ്ദേഹത്തിന് ശേഷം സംഗീതലോകത്ത് വരാൻ പോകുന്നത് ദിലീപ് ആയിരിക്കുമെന്ന് താൻ പ്രവചിച്ചിരുന്നുവെന്നും ഔസേപ്പച്ചൻ പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ഔസേപ്പച്ചന്റെ പ്രതികരണം.
തമിഴ് സിനിമയിൽ ഇളയരാജയുടെ സംഗീതം നിറഞ്ഞുനിന്ന കാലത്ത് റെക്കോർഡിങ് സമയങ്ങളിൽ സംഗീതജ്ഞർ തമ്മിൽ നടന്നിരുന്ന ചർച്ചകളെക്കുറിച്ചും ഔസേപ്പച്ചൻ ഓർത്തെടുത്തു. എം.എസ്. വിശ്വനാഥന്റെ കാലത്ത് തമിഴ് സിനിമയിലെ സംഗീതം നശിച്ചുപോകുമെന്ന് ചില സംഗീതജ്ഞർ പറഞ്ഞിരുന്നതായും പിന്നീട് ഇളയരാജയുടെ വരവോടെ സമാനമായ ചർച്ചകൾ വീണ്ടും ഉണ്ടായതായും അദ്ദേഹം പറയുന്നു. ഇളയരാജയുടെ പാട്ടുകളിലെ പുതുമയും വ്യത്യസ്തതയും കേൾക്കുമ്പോൾ അദ്ദേഹത്തിന് ശേഷം ആരായിരിക്കും സംഗീതലോകത്ത് എത്തുകയെന്നായിരുന്നു തന്റെ ചിന്ത എന്നും ഔസേപ്പച്ചൻ പറഞ്ഞു.
‘ഇളയരാജ കത്തിനിൽക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിൽ നിന്ന് പരമാവധി വ്യത്യസ്തവും പുതുമയുള്ളതുമായ പാട്ടുകൾ കേൾക്കുന്ന കാലം. അന്ന് ഞങ്ങൾ ചിന്തിക്കുമായിരുന്നു, ഇളയരാജയ്ക്ക് ശേഷം ഇനി ആരായിരിക്കും വരികയെന്ന്. അപ്പോൾ തന്നെ ഞാൻ പറയുമായിരുന്നു, ഒരാൾ വരും, ദിലീപ് വരുമെന്ന്. നിങ്ങൾ നോക്കിക്കോ എന്ന് പറഞ്ഞ് ഞാൻ ബെറ്റ് പോലും വെച്ചിട്ടുണ്ട്,’ ഔസേപ്പച്ചൻ പറഞ്ഞു.
അന്ന് ദിലീപ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന എ.ആർ. റഹ്മാൻ കീബോർഡ് വായനയിൽ മികവ് തെളിയിച്ചിരുന്ന കാലമായിരുന്നു അത്. സംഗീതത്തിനൊപ്പം കമ്പ്യൂട്ടർ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് ഔസേപ്പച്ചൻ പറഞ്ഞു. റെക്കോർഡിങ്ങിന് വൈകിയെത്തുന്ന റഹ്മാനുവേണ്ടി പോലും ഇളയരാജ കാത്തിരിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ കഴിവിനെ ഇളയരാജ അന്നുതന്നെ മാനിച്ചിരുന്നുവെന്നും ഔസേപ്പച്ചൻ പറഞ്ഞു.
റഹ്മാൻ പിന്നീട് സംഗീതലോകത്ത് വലിയ ശ്രദ്ധ നേടുന്നതിന് മുമ്പ് മലയാളത്തിൽ പുറത്തിറങ്ങിയ വെൽക്കം 1990 എന്ന ആൽബവുമായി ബന്ധപ്പെട്ട ഓർമകളും ഔസേപ്പച്ചൻ പങ്കുവെച്ചു. റഹ്മാന്റെ പിതാവിന്റെ ഹാർമോണിയത്തിൽ കോർഡുകളും സംഗീതത്തിന്റെ വിവിധ ഘടകങ്ങളും വിശദീകരിച്ചുകൊടുത്താണ് ആ പാട്ട് തയ്യാറാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. അന്ന് ദിലീപ് എന്ന പേരിലായിരുന്നു റഹ്മാൻ അറിയപ്പെട്ടിരുന്നത്.

എ.ആർ. റഹ്മാൻ,ഔസേപ്പച്ചൻ. Photo. Facebook.com. Screen Grab / Youtube
‘വെൽക്കം 1990’ എന്ന പാട്ട് ഞാൻ വളരെ കഷ്ടപ്പെട്ടാണ് ഉണ്ടാക്കിയത്. റഹ്മാന്റെ ഫാദറിന്റെ ഹാർമോണിയത്തിൽ കോർഡുകളെല്ലാം പറഞ്ഞുകൊടുത്ത്, ഓരോ എലമെന്റും വിശദീകരിച്ചാണ് പാട്ട് തയ്യാറാക്കിയത്. അന്ന് ദിലീപ് എന്നായിരുന്നു പേര്. പാട്ടിന്റെ റിലീസിൽ ‘The One Man Orchestra by Dileep’ എന്നാണ് നൽകിയിരുന്നത്. അന്ന് അദ്ദേഹം എ.ആർ. റഹ്മാൻ ആയിട്ടില്ല,’ ഔസേപ്പച്ചൻ പറഞ്ഞു.
Cont6ent Highlight: Renowned Malayalam music director Ouseppachan says that he recognized A.R. Rahman’s talent even before the latter became a sensation in the music world.
