2007 ല്‍ പുറത്തിറങ്ങിയ മിന്നലഴകേ എന്ന ആല്‍ബത്തിലൂടെ അരങ്ങേറ്റം കുറിച്ച സംഗീതസംവിധായകനാണ് ജേക്ക്‌സ് ബിജോയ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ സംഗീതസംവിധായകനായി തുടക്കം കുറിച്ച ജേക്‌സ് സമീപകാലങ്ങളിലായി ഒട്ടനവധി ഹിറ്റ് ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ് മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, തുടരും, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നരിവേട്ട തുടങ്ങിയവ ജേക്‌സിന്റെ ഹിറ്റുകളില്‍ ചിലതാണ്.

ജേക്ക്‌സ് ബിജോയ്. Photo: Ott Play

ഇതേ ഫോം 2026ലും തുടരാന്‍ ജേക്ക്സിന് സാധിച്ചിരുന്നു. പള്ളിച്ചട്ടമ്പി, മോളിവുഡ് ടൈംസ്, ഐ നോബഡി, തുടക്കം, ഖലീഫ തുടങ്ങി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ക്കെല്ലാം സംഗീത സംവിധാനം നിര്‍വഹിച്ചത് ജേക്ക്സായിരുന്നു. മേല്‍പ്പറഞ്ഞ ചിത്രങ്ങളിലെ പല ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വലിയ ഹൈപ്പില്‍ ഓണം റിലീസായ ഖലീഫയുടെയും ദുല്‍ഖര്‍ ചിത്രമായ ഐ ആം ഗെയ്മിന്റെയും സംഗീത സംവിധാനം നിര്‍വഹിച്ചത് ജേക്ക്‌സായിരുന്നു.

രണ്ട് ചിത്രങ്ങള്‍ക്കും തിയേറ്ററില്‍ വലിയ വിജയം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വൈശാഖ് സംവിധാനം ചെയ്ത ഖലീഫ കഴിഞ്ഞ ദിവസം ഒ.ടി.ടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സിനിമാ പേജുകളില്‍ സജീവമായിരുന്നു. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശംസ ലഭിക്കുന്നത് ജേക്ക്‌സ് ബിജോയിയുടെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനുമാണ്.

ഖലീഫ. Photo: District

ചിത്രത്തിലെ മതാര, പെരിയവനേ, മലബാറിലെ രാജ തുടങ്ങിയ ഗാനങ്ങളെല്ലാം ഒ.ടി.ടി റിലീസിന് ശേഷം പലരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഖലീഫയിലെ റൊമാന്റിക് സോങ്ങായ അസലായവളെ തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ ചാര്‍ട്ട് ബസ്റ്ററായിരുന്നു. ഈ കൂട്ടത്തിലേക്കാണ് മറ്റ് ഗാനങ്ങളും കൂടെയെത്തിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ചിത്രത്തിലെ തീം മ്യൂസിക്കായ ‘റൈസ് ഓഫ് അലിയും’ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്.

Content Highlight: Jakes Bejoy gets appreciation for his work in Khalifa movie