ഈ വര്‍ഷത്തെ മികച്ച വിജയം സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടിയിലേറെ നേടിയിരുന്നു. ത്രില്ലര്‍ ഴോണറിലൊരുങ്ങിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ സ്ട്രീം ചെയ്യുന്നത്.

ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന കൊലപാതകവും തുടര്‍ന്ന് നടക്കുന്ന സംഭവിവകാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. അബദ്ധത്തില്‍ സംഭവിച്ചുപോകുന്ന കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രധാന കഥാപാത്രങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്. പൊലീസും പൊലീസും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ എന്നതാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവ്.

എന്നാല്‍ ഒ.ടി.ടിയിലെത്തിയതിന് ശേഷം പ്രഥമദൃഷ്ട്യാ കുറ്റക്കാരിലെ ചില ലോജിക്കില്ലായ്മകള്‍ സിനിമാപേജുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. സിനിമയിലെ കോണ്‍ഫ്‌ളിക്റ്റുകള്‍ പ്രേക്ഷകരിലേക്ക് കണക്ടാക്കാന്‍ വേണ്ടി മനപൂര്‍വം വരുത്തിയ മിസ്റ്റേക്കുകളാണോ ഇതെന്ന് പലരും ചോദിക്കുന്നു. ചിത്രത്തില്‍ പ്രധാനപ്പെട്ട സീനുകളിലൊന്നായ കൊലപാതകം മുതല്‍ക്ക് മിസ്റ്റേക്കുകള്‍ ആരംഭിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

ജയപ്രകാശ് എന്ന കഥാപാത്രം ഓടിക്കുന്ന കാര്‍ പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തുന്ന സീനില്‍ അയാളെ ചോദ്യം ചെയ്യുന്നതല്ലാതെ കാര്‍ പരിശോധിക്കുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. ഡിക്കിയൊന്നും പരിശോധിക്കാതെ നേരെ പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി കൊണ്ടുപോയത് ആദ്യത്തെ മിസ്‌റ്റേക്കാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ വെച്ച് ജെ.പി മരിച്ചതിന് ശേഷമാണ് മാത്യു അവതരിപ്പിച്ച ശ്രീനാഥ് എന്ന കഥാപാത്രം അയാളുടെ കാറില്‍ മറ്റൊരാളുടെ ബോഡിയുണ്ടെന്ന് കണ്ടെത്തുന്നത്.

രണ്ടാം പകുതിയില്‍ വിജയരാഘവന്‍ അവതരിപ്പിച്ച ഹാരിസ് മീരാന്‍ എന്ന കഥാപാത്രം കേസന്വേഷണം ഏറ്റെടുക്കുന്ന ഘട്ടത്തില്‍ മിസ്റ്റേക്കുകളുടെ പെരുന്നാളാണെന്നും പോസ്റ്റുകളുണ്ട്. പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിക്കുന്ന ഹാരിസ് മീരാന്‍ സ്‌റ്റേഷന് പുറത്തുള്ള കടകളിലെ സി.സി.ടി.വി പരിശോധിക്കാത്തത് വലിയ മിസ്റ്റേക്കായി അനുഭവപ്പെട്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

നാട്ടകം പൊലീസ് സ്റ്റേഷനിലെ സി.പി.ഓമാരെ സംശയിക്കുന്ന ഹാരിസ് മീരാന്‍ അവരുടെ ടവര്‍ ലൊക്കേഷന്‍ അന്വേഷിക്കാത്തത് വലിയ കല്ലുകടിയായെന്നും അത്രയും ഇന്റലിജന്റായ പൊലീസുദ്യോഗസ്ഥന്‍ ഇത്രയും വലിയ പോയിന്റുകള്‍ വിട്ടുകളഞ്ഞത് ദഹിക്കുന്നില്ലെന്നും കമന്റുകളുണ്ട്. ജെ.പിയുടെ കാര്‍ ഹൈവേയിലൂടെ കൊണ്ടുപോകുന്നത് ഏതെങ്കിലും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകില്ലേ എന്നും ചോദ്യങ്ങള്‍ ഉയരുന്നു.

ഇത്രയും ലോജിക്കല്‍ മിസ്‌റ്റേക്കുകള്‍ ഉണ്ടെങ്കിലും പാര്‍വതി അടക്കമുള്ള താരങ്ങളുടെ ഗംഭീര പ്രകടനം പ്രഥമദൃഷ്ട്യാ കുറ്റക്കാരെ താങ്ങിനിര്‍ത്തുന്നുണ്ട്. വരുംദിവസങ്ങളില്‍ ചിത്രം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Logical mistakes in Pradhama Drishtya Kuttakkar movie discussing after OTT release