ആരുടെയും സഹായമില്ലാതെ സ്വന്തം പ്രയത്‌നത്തിലൂടെ കേരളത്തിന് പുറത്ത് വലിയൊരു റീച്ച് നേടിയെടുത്ത നടനാണ് പൃഥ്വിരാജ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമകള്‍ വേണ്ടത്ര വിജയിക്കാതെ പോവുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഖലീഫയും പ്രതീക്ഷിച്ച വിജയം നേടിയില്ല.

കഴിഞ്ഞദിവസം ഖലീഫ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു. സമീപകാലത്ത് പൃഥ്വിയെ ഏറ്റവും സ്റ്റൈലിഷ് ലുക്കില്‍ അവതരിപ്പിച്ച ചിത്രമെന്നാണ് ഖലീഫയെ പലരും വിശേഷിപ്പിച്ചത്. സ്വര്‍ണക്കടത്ത് പ്രധാന പ്രമേയമായി വന്ന ചിത്രത്തിന് വില്ലനായത് ജിനു അബ്രഹാമിന്റെ തിരക്കഥയാണ്. കാലങ്ങളായി കണ്ടുവരുന്ന അതേ ടെംപ്ലേറ്റ് തന്നെയാണ് ഖലീഫയിലും ജിനു ഉപയോഗിച്ചത്. മോഹന്‍ലാലിന്റെ കാമിയോ പോലും വീക്കായ തിരക്കഥയില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാതെ പോയി.

ആക്ഷന്‍ ത്രില്ലറായ ഖലീഫയില്‍ പൃഥ്വിരാജ് ഇട്ട എഫര്‍ട്ടിനെ പലരും പ്രശംസിക്കുന്നുണ്ട്. മാമ്പറക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രത്തിന്റെ ഫിസീക്കും ആക്ഷന്‍ സീനുകളിലെ ഫ്‌ളക്‌സിബിളിറ്റിയും ഗംഭീരമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത്രയും എഫര്‍ട്ട് ഇട്ടത് ഇതുപോലെ വീക്കായ ഒരു സ്‌ക്രിപ്റ്റിലാണെന്നും കമന്റുകളുണ്ട്.

ഖലീഫക്ക് മുമ്പ് പൃഥ്വി നായകനായ ഐ, നോബഡിയിലും ഇതേ അഭിപ്രായമായിരുന്നു പലരും പങ്കുവെച്ചത്. ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ ഐ, നോബഡിയിലെ ആക്ഷന്‍ സീനുകള്‍ക്ക് പൃഥ്വി ഇട്ട എഫര്‍ട്ട് ഗംഭീരമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്‌ക്രിപ്റ്റില്‍ വന്ന പാളിച്ച സിനിമയെ സാരമായി ബാധിച്ചു. ബോക്‌സ് ഓഫീസില്‍ ബജറ്റ് പോലും തിരിച്ചുകിട്ടാതെ ചിത്രം പരാജമായി മാറി.

ഒരു സിനിമയെ പ്രേക്ഷകരുമായി കണക്ടാക്കുന്നതില്‍ സ്‌ക്രിപ്റ്റിന് വലിയ പ്രാധാന്യമുണ്ടെന്ന് അടുത്തിടെ ബോളിവുഡ് ചിത്രമായ ദായ്‌റയുടെ പ്രൊമോഷനിടെ പൃഥ്വി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തം സിനിമയുടെ കാര്യം വരുമ്പോള്‍ താരം ഇക്കാര്യം മറക്കുന്നോ എന്നാണ് പലരും ചോദിക്കുന്നത്. ഒരു സിനിമ ഹിറ്റാകാന്‍ പൃഥ്വിരാജ് മാത്രം എഫര്‍ട്ടിട്ടിട്ട് കാര്യമില്ലെന്നും കമന്റുകളുണ്ട്.

രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം വാരണാസിയാണ് പൃഥ്വിയുടെ അടുത്ത റിലീസ്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ കുംഭ എന്ന വില്ലനായാണ് പൃഥ്വി വേഷമിടുന്നത്. നായകന്മാരെക്കാള്‍ വില്ലന്മാരെ ഗംഭീരമായി പ്രസന്റ് ചെയ്യുന്ന രാജമൗലി പൃഥ്വിയെ ഏത് രീതിയില്‍ അവതരിപ്പിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Prithviraj’s effort in I Nobody and Khalifa discussing after OTT release