ചരിത്രത്തിലെ ആദ്യ ഐ.എസ്.എൽ കിരീടം ചൂടുകയെന്ന സ്വപ്നവുമായി മലയാളി ഫുട്ബോൾ പ്രേമികളുടെ വികാരമായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുതൽ പോരാട്ടം തുടങ്ങുകയാണ്. ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് കൊമ്പൻമാരുടെ എതിരാളികൾ. ഇന്റർ കാശിയുടെ തട്ടകമായ പുനെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ആവേശകരമായ മത്സരം നടക്കുന്നത്.
മൂന്ന് തവണ കലാശപ്പോരിൽ കാലിടറിവീണ കേരളം ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിൽ വമ്പൻ താരങ്ങളെ തട്ടകത്തിലെത്തിച്ചാണ് കളത്തിലിറങ്ങുന്നത്.
ഐ.എസ്.എല്ലിൽ ഓരോ സീസണുകളിലെയും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിലെ പ്രകടനങ്ങൾ 12 സീസണുകളിൽ ഓപ്പണിങ് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചിട്ടുള്ളൂ. ഇതിൽ നാല് മത്സരങ്ങൾ സ്വന്തം തട്ടകമായ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വിജയിച്ചപ്പോൾ ഒരു മത്സരം മാത്രമാണ് എതിരാളികളുടെ തട്ടകത്തിൽ കൊമ്പന്മാർക്ക് വിജയിക്കാൻ സാധിച്ചത്.
2018-19 സീസണുകളിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ചരിത്രത്തിലെ ഏക ഓപ്പണിങ് എവേ മത്സരത്തിൽ വിജയിച്ചത്. അത്ലറ്റിക്കോ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നത്. ചരിത്രത്തിലെ രണ്ടാം ഓപ്പണിങ് എവേ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്റർ കാശിക്കെതിരെ ലക്ഷ്യം വെക്കുന്നത്.
2023 സീസണിലായിരുന്നു അവസാനമായി ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്നത്. ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് തകർത്തിരുന്നത്. മൂന്ന് വർഷത്തിന് ശേഷം വിജയത്തോടെ തന്നെ സീസൺ ആരംഭിക്കാനായിരിക്കും ടീമിന്റെ ലക്ഷ്യം.

ഇത്തവണ പുതിയ ഉടമസ്ഥരുടെ കീഴിലാണ് ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിനിറങ്ങുന്നത്. ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. എന്നാൽ കഴിഞ്ഞ സീസണിൽ സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് മാഗ്‌നം ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനമെടുത്തത്.
ഉറുഗ്വേൻ സൂപ്പർതാരം അഡ്രിയാൻ ലൂണയുടെ കരുത്തിലാണ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. വർഷങ്ങളായി ടീമിനൊപ്പമുള്ള ലൂണക്കൊപ്പം ഒരുപിടി അനുഭവസമ്പത്തുള്ള വിദേശ താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളും ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇത്തവണ അണിനിരക്കുന്നുണ്ട്. ഇത്തവണ കൊമ്പൻമാരുടെ കിരീട വരൾച്ച അവസാനിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
2026-27 ഐ.എസ്.എൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ്
ഗോൾകീപ്പർമാർ
അമരീന്ദർ സിങ്, അർഷ് അൻവർ ഷെയ്ഖ്, അൽ സാബിത്ത്
ഡിഫൻഡർമാർ
സുമിത്ത് ശർമ, സന്ദീപ് സിങ്, ഹോർമിപാം റുയുവ, ജെയിംസ് ബോൾട്ടൺ, ജഗന്നാഥ് ജയൻ, അമേഷ് റണവാഡെ, നവോച്ച സിങ് ഹുയിഡ്രോ, ഐബൻ ഡോഹ്ലിംഗ്, ബികാഷ് യുമനം, ഫാലോ എൻഡിയായെ.
മിഡ്ഫീൽഡർമാർ
വിപിൻ മോഹനൻ, അഡ്രിയൻ ലൂണ, സാഹിൽ ടാവോറ, എബിൻ യേശുദാസൻ, പോൾ റാംഫാങ്സൗവ, ഫെഡ്രി ലല്ലാവ്മൗമ, ജോയൽ ലാൽറെമെങ്മാവിയ, നെബോജ്ഷ കൊസോവിച്ച്.
ഫോർവേഡുകൾ
കോറോ സിങ്, ആന്ധ്ര ജെയ് ഗ്രീൻ, മുഹമ്മദ് സനാൻ, ശ്രീക്കുട്ടൻ എം.എസ്, മോമോ യാൻസാനെ, മുഹമ്മദ് യാസിർ, റാംലൂൻഛുങ.
Content Highlight: Kerala Blasters will face Inter Kashi in Indian super league 2026 season
