കരിയറിലെ ഏറ്റവും മോശം അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞു സൂപ്പര്‍ താരം രോഹിത് ശര്‍മ. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് കിരീടം നഷ്ടമായതാണ് തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടമെന്ന് രോഹിത് പറഞ്ഞു. 2007 മുതല്‍ അത്തരത്തിലൊരു അവസ്ഥ താന്‍ അനുഭവിച്ചിട്ടില്ലെന്നും തങ്ങള്‍ വളരെ നന്നായി കളിച്ചതിനാല്‍ പരാജയപ്പെടുമെന്ന് തോന്നിയിരുന്നില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

‘എന്റെ കരിയറിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടമായിരുന്നു അത്. 2007 മുതല്‍ ഇന്നുവരെ ഇതുപോലൊരു കാലഘട്ടം ഞാന്‍ അനുഭവിച്ചിട്ടില്ല. ഞങ്ങള്‍ വളരെ നന്നായി കളിച്ചതിനാല്‍ ഒരിക്കലും തോല്‍ക്കുമെന്ന് തോന്നിയിരുന്നില്ല.

പക്ഷേ അത് വളരെ മോശമായി അവസാനിച്ചു. സ്‌പോര്‍ട്‌സ് ചിലപ്പോള്‍ അങ്ങനെയാണ്. എല്ലാം നന്നായി പോകുന്നു എന്ന് നിങ്ങള്‍ കരുതുന്ന സമയത്ത്, നിങ്ങളെ താഴേക്ക് തള്ളിവിടുന്ന എന്തെങ്കിലും സംഭവിക്കുന്നു. സ്‌പോര്‍ട്‌സ് നിങ്ങളെ പഠിപ്പിക്കുന്നത് അതാണ്,’രോഹിത് ശര്‍മ റെഡിഫില്‍ പറഞ്ഞു.

2023ലെ ലോകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഫൈനലിലെത്തിയ ഇന്ത്യ കലാശപ്പോരില്‍ ഓസീസിന് മുന്നില്‍ തകരുകയായിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ന്ന് നിശ്ചിത ഓവറില്‍ 240 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയും മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ട്രാവിസ് ഹെഡ്ഡിന്റെ 137 റണ്‍സിന്റെ കരുത്തിലാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 31 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 47 റണ്‍സ് നേടി ഇന്ത്യയ്ക്ക് മികച്ച അടിത്തറ പാകിയായിരുന്നു മടങ്ങിയത്. വിരാട് കോഹ്‌ലി (54), കെ.എല്‍. രാഹുല്‍ (66) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നെങ്കിലും ഇന്ത്യയ്ക്ക് മികച്ച ടോട്ടലില്‍ എത്താന്‍ കഴിഞ്ഞില്ല.

Content Highlight: Rohit opens up about the most difficult phase of his career