ട്രോളുകളൊന്നും വിഷയമല്ല, ഹിന്ദിയുടെ 'ഒപ്പം', ഹൈവാന്റെ ട്രെയ്‌ലര്‍ പുറത്ത്; ഹിറ്റടിക്കുമെന്ന് സിനിമാലോകം
Indian Cinema
ട്രോളുകളൊന്നും വിഷയമല്ല, ഹിന്ദിയുടെ 'ഒപ്പം', ഹൈവാന്റെ ട്രെയ്‌ലര്‍ പുറത്ത്; ഹിറ്റടിക്കുമെന്ന് സിനിമാലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th August 2026, 7:47 pm

മലയാളി സിനിമാ പ്രേക്ഷകരുടെ ഫേവറിറ്റ് മൂവി ലിസ്റ്റിലേക്ക് ഒട്ടനവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. 1984ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദര്‍ശന്‍ നാലുപതിറ്റാണ്ടോളം നീളുന്ന തന്റെ കരിയറില്‍ മലയാളത്തിലും ഹിന്ദിയലും മറ്റ് ഭാഷകളിലുമായി നൂറോളം ചിത്രങ്ങളാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

കിലുക്കം, താളവട്ടം, കാലാപാനി, മിഥുനം, ചന്ദ്രലേഖ, വെട്ടം, ഒപ്പം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിച്ച സംവിധായകന്‍ പല മലയാള ചിത്രങ്ങളുടെയും ഹിന്ദി, തമിഴ്, കന്നട റീമേക്കുകളും ഒരുക്കിയിരുന്നു. പല ചിത്രങ്ങള്‍ക്കും മികച്ച വിജയമാണ് അതത് ഇന്‍ഡസ്ട്രികളില്‍ നിന്നും ലഭിച്ചതും. അടുത്തിടെ ഹിന്ദിയില്‍ സംവിധാനം ചെയ്ത ഭൂത്ബംഗ്ല ഇത്തരത്തില്‍ വലിയ വിജയം നേടിയിരുന്നു. ധുരന്ധര്‍ 2വിന് പുറമെ കാര്യമായി വിജയമൊന്നുമില്ലാതിരുന്ന ബോളിവുഡിന് വലിയ ആശ്വാസമായിരുന്നു ചിത്രത്തിന് ലഭിച്ച വിജയം.

Photo: X.com

പ്രിയദര്‍ശന്റേതായി ഹിന്ദിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പ്രധാനവേഷത്തിലെത്തുന്ന ഹൈവാന്‍. മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത് ഹിറ്റടിച്ച ഒപ്പം എന്ന ചിത്രത്തിന്റെ റീമേക്കായാണ് ഹൈവാന്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്‍ എന്ന കഥാപാത്രത്തെ സെയ്ഫ് അലിഖാനാണ് ഹൈവാനില്‍ കൈകാര്യം ചെയ്യുന്നത്. വില്ലനായി അക്ഷയ് കുമാറും കാമിയോ റോളില്‍ മോഹന്‍ലാലും എത്തുന്നതോടെ വലിയ സ്‌കെയിലിലാണ് ഹൈവാന്‍ ഒരുങ്ങുന്നത്.

ഹൈവാന്റേതായി പുറത്തുവന്ന ട്രെയ്‌ലറാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ശ്രദ്ധേയ വിഷയങ്ങളിലൊന്ന്. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ത്രില്ലിങ് അറ്റ്‌മോസ്ഫിയര്‍ കാഴ്ചക്കാരിലേക്കെത്തുന്ന വിധത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. മലയാളത്തിലെ പോലെ തന്നെ ചിത്രത്തിലെ ഇമോഷനുകളെല്ലാം കൃത്യമായി വര്‍ക്കാവുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

ഒപ്പം. Photo: IMDB

അതേസമയം എത്രയൊക്കെ ട്രോളുകള്‍ കിട്ടിയിട്ടും തന്റെ വര്‍ക്കില്‍ മാത്രം ശ്രദ്ധിക്കുന്ന പ്രിയദര്‍ശനും പലരും അഭിനന്ദനമറിയിക്കുന്നു. ഒപ്പത്തിലെ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് സീനിലെ ബി.ജി.എം ഹൈവാനില്‍ അതേപടി ഉപയോഗിച്ചത് പോലെ ഒപ്പത്തിലെ കോമഡി സീനുകളും വള്ളി പുള്ളി തെറ്റാതെ പ്രിയദര്‍ശന്‍ ഹൈവാനിലും ഉപയോഗിക്കുമെന്ന് പലരും കമന്റുകളിലൂടെ അറിയിക്കുന്നു.

Content Highlight: Saif Ali khan starring Hauwaan movie trailer out