ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. മത്സരത്തിന് മുന്നോടിയായി ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
ഇപ്പോള്‍ പരമ്പര തുടങ്ങുന്നതിന് മുമ്പായി ഇന്ത്യക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സായ് സുദര്‍ശന്‍ ഇന്ത്യന്‍ ടീമിനൊപ്പം കൊളോമ്പോയിലേക്ക് യാത്ര തിരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റ താരം നിലവില്‍ ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ തുടരുകയാണെന്നുമാണ് റേവ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സായ് സുദര്‍ശന് എപ്പോള്‍ ടീമിനൊപ്പം ചേരാനാവുമെന്ന് ഇതുവരെ മെഡിക്കല്‍ സംഘം അറിയിച്ചിട്ടില്ല.
അതേസമയം നേരത്തെ പേസര്‍ ജസ്പ്രീത് ബുംറയും പരമ്പരയില്‍ നിന്നും പരിക്കേറ്റ് പുറത്തായിട്ടുണ്ട്. ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടത്തിയ ബുംറയുടെ പരിക്കിനെ സംബന്ധിച്ചുള്ള പ്രാഥമിക വിലയിരുത്തലില്‍ ബുംറയുടെ ഇടത് കാല്‍മുട്ടിന് ഇപ്പോഴും വേദനയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയായിരുന്നു താരം പരമ്പരയില്‍ നിന്നും പുറത്തായത്.
ബുംറക്ക് പകരം പേസര്‍ ഔഖിബ് നബി ദാറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഔഖിബ് നബിക്ക് ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്.
2025-26 രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു ഔഖിബ് നബി. ജമ്മു കശ്മീരിന് ചരിത്രത്തിലെ ആദ്യ രഞ്ജി കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്കായിരുന്നു ഔഖിബ് നബി വഹിച്ചത്. ഈ പ്രകടനം ഇന്ത്യക്കായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.