പ്രേമം എന്ന ഒരൊറ്റ മലയാള സിനിമയിലൂടെ തന്നെ സൗത്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സായ് പല്ലവി. മലയാളത്തില്‍ പ്രേമം, കലി, അതിരന്‍ തുടങ്ങി മൂന്ന് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കില്‍ പോലും മലയാളികള്‍ സായ് പല്ലവിയുടെ സിനിമകളുടെ ആരാധകരാണ്.

തന്നെ കുറിച്ച് അറിയുമ്പോള്‍ ആരാധകര്‍ അത്ഭുതപ്പെടുന്ന ഒരു കാര്യം എന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സായ് പല്ലവി. തനിക്ക് സ്റ്റേജ് പേടിയാണെന്നും ഒരുപാട് ആളുകളെ കണ്ടാല്‍ പേടിക്കുമെന്നുമാണ് നടി പറയുന്നത്.

ആരെങ്കിലും തന്നെ അഭിനന്ദിക്കുമ്പോഴും അതേ പേടിയുണ്ടെന്നും കൂടുതല്‍ അഭിനന്ദനം കേട്ടാല്‍ താന്‍ ചിലപ്പോള്‍ കരയുമെന്നും സായ് പല്ലവി പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ ഭാഗമായി പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് വളരെ അധികം സ്‌റ്റേജ് ഫിയറുണ്ട്. സ്റ്റേജ് പേടിയാണ് എന്ന് പറയുന്നതിനേക്കാള്‍ ആളുകളെ കാണുമ്പോഴുള്ള പേടിയെന്ന് വേണം പറയാന്‍. ഒരുപാട് ആളുകളെ കണ്ടാല്‍ ഞാന്‍ ശരിക്കും പേടിക്കും. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി സെറ്റില്‍ പോകുമ്പോള്‍ അവിടെയുള്ള ആളുകളെ കാണുമ്പോള്‍ എനിക്ക് പേടിയില്ല. അല്ലാതെ ഒരുപാട് ആളുകളെ കാണുന്നതിനോട് ഞാന്‍ ഒട്ടും ഓക്കെയല്ല.

ഇമോഷണല്‍ ടൈപ്പല്ല ഞാന്‍ ഉദ്ദേശിക്കുന്നത് എങ്കിലും ഞാന്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ആന്‍ഷ്യസാകും. എനിക്ക് ഒരു കോമ്പ്‌ളിമെന്റ് കിട്ടുന്ന സമയത്തും ഞാന്‍ അങ്ങനെ തന്നെയാണ്. ആ സമയത്ത് ഞാന്‍ മനസില്‍ വണ്‍, റ്റു, ത്രീ എന്ന് പറഞ്ഞ് കൗണ്ട് ചെയ്യുകയാകും. കാരണം കോമ്പ്‌ളിമെന്റ് കൂടുതല്‍ കേട്ടാല്‍ ഞാന്‍ ചിലപ്പോള്‍ കരയും,’ സായ് പല്ലവി പറയുന്നു.


Content Highlight: Sai Pallavi Talks About Her Stage Fear