സിനിമാസംഗീതലോകത്ത് സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുകയാണ് സായ് അഭ്യങ്കര്‍. ഇന്‍ഡിപ്പെന്‍ഡന്റ് ആല്‍ബങ്ങളിലൂടെ കരിയറാരംഭിച്ച സായ് ഇന്ന് കോളിവുഡില്‍ ഹിറ്റ് മെഷീനായി മാറിയിരിക്കുകയാണ്. 12 വര്‍ഷം മുമ്പ് അനിരുദ്ധ് നടത്തിയ അതേ വിപ്ലവമാണ് സായ് സിനിമാലോകത്ത് നടത്തുന്നത്. ചെയ്യുന്ന പാട്ടുകളും ബി.ജി.എമ്മുകളും ചാര്‍ട്ട്ബസ്റ്ററാക്കി മാറ്റാനുള്ള അപാരമായ കഴിവ് സായ്ക്ക് ഉണ്ട്.
കരിയറാരംഭിച്ച് ആദ്യകാലത്ത് തന്നെ സൂര്യ, അല്ലു അര്‍ജുന്‍, ധനുഷ്, കാര്‍ത്തി തുടങ്ങി സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്ക് സംഗീതമൊരുക്കാനുള്ള അവസരം സായ്ക്ക് ലഭിച്ചു. കറുപ്പിലെ പാട്ടുകളും ഒ.എസ്.ടിയും പലരുടെയും പ്ലേലിസ്റ്റ് ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ധനുഷിനായി ഒരുക്കിയ ‘അലാക ലോവ’ ട്രെന്‍ഡായത്.
സായ് അഭ്യങ്കര്‍ Photo: Screen grab/ India Today
സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കാനുള്ള അവസരം ലഭിക്കുമ്പോഴും വിജയ്ക്ക് വേണ്ടി പാട്ടുകളൊരുക്കാന്‍ സായ്ക്ക് സാധിച്ചിട്ടില്ല. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് സായ് അഭ്യങ്കര്‍. വിജയ്ക്ക് വേണ്ടി സംഗീതമൊരുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിന് തന്നെ ഇമോഷണലാക്കരുതെന്നായിരുന്നു സായ്‌യുടെ മറുപടി. ഇന്ത്യ ടുഡേ തമിഴിന്റെ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സായ് അഭ്യങ്കര്‍.
‘അദ്ദേഹത്തിന് വേണ്ടി ഇനി പാട്ടുകളൊരുക്കാന്‍ കഴിയാത്തത് ജീവിതത്തിലെ വലിയൊരു നഷ്ടമാണ്. ഇനിയൊരിക്കലും അത് സാധ്യമാകില്ലെന്ന് അറിയാം. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. വിജയ് സാറിന്റെ ഒരു സിനിമയില്‍ സംഗീതം നല്‍കാനുള്ള ചാന്‍സ് കിട്ടിയാല്‍ 16 ട്രാക്കുകളുള്ള ഒരു ആല്‍ബം ഞാന് അദ്ദേഹത്തിന് നല്‍കും. സാറിനൊപ്പം പ്രവര്‍ത്തിക്കാനായാലുള്ള എന്റെ പ്ലാനാണത്.
അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. സിനിമയിലെ ഫാന്‍സിന് അദ്ദേഹം ഹീറോയായിരുന്നു. ഇപ്പോള്‍ എല്ലാവരുടെയും ഹീറോയായി വിജയ് സാര്‍ മാറിയെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയും വലിയൊരു സംസ്ഥാനത്തിന്റെ ഭരണാധികാരിയാവുക എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന് വേണ്ടി വിസിലടിക്കാനും പ്രാര്‍ത്ഥിക്കാനും എനിക്ക് ഇഷ്ടമാണ്,’ സായ് പറഞ്ഞു.