ഒരൊറ്റ ശബരിമല.....ഒരായിരം ആര്‍ത്തവ വിലക്കു നീക്കിയ അമ്പലങ്ങളും..
Sabarimala women entry
ഒരൊറ്റ ശബരിമല.....ഒരായിരം ആര്‍ത്തവ വിലക്കു നീക്കിയ അമ്പലങ്ങളും..
ബിലു പത്മിനി നാരായണന്‍
Monday, 15th October 2018, 11:34 pm

ശബരിമല സ്ത്രീ പ്രവേശനവിധിയെത്തുടര്‍ന്നുള്ള ചര്‍ച്ചകളേയും ലിംഗസമത്വം , മതവിശ്വാസം തുടങ്ങിയവയെ സംബന്ധിച്ച് അതുയര്‍ത്തുന്ന ചോദ്യങ്ങളേയും ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടേ അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു ദിശയിലേക്കുള്ള അനന്തരഫലങ്ങളാണ് അതിന്റെ യഥാര്‍ത്ഥ വിധി.

കേരളത്തിനു പുറത്തുള്ള മലയാളി സമൂഹത്തിലും ദേശീയ മാധ്യമങ്ങളിലും പാവപ്പെട്ട ഹിന്ദുവിന്റെ മര്‍മ്മം നോക്കിയുള്ള കുത്തായി അത് വ്യാഖ്യാനിക്കപ്പെടുന്നു. വിധിച്ച സുപ്രീം കോടതിയും ജഡ്ജിമാരും അക്കാദമികമോ ബൗദ്ധികമോ ആയി വിലയിരുത്തപ്പെടുമ്പോള്‍ അതു നടപ്പിലാക്കേണ്ട ഇടമായ കേരളവും അവിടുത്തെ ഇടതുപക്ഷ സര്‍ക്കാറും ഹിന്ദു വിശ്വാസികള്‍ക്ക് നില്‍ക്കള്ളിയില്ലാതാക്കുന്ന വിധ്വംസക ശക്തികളായി വിമര്‍ശിക്കപ്പെടുന്നു.

ഇതെഴുതുമ്പോള്‍ ബാംഗ്ലൂരില്‍ വിധിയെ, അല്ല __ നടപ്പാക്കുന്ന സര്‍ക്കാരിനെ ! ___ എതിര്‍ത്തുകൊണ്ടുള്ള ശക്തമായ പ്രതിഷേധ റാലികള്‍ പലയിടങ്ങളിലും നടന്നുകഴിഞ്ഞു. ഉദയനഗര്‍, ജാലഹള്ളി, ആനേപാളയ, വിജയപുര എന്നിവിടങ്ങളിലുള്ള അയ്യപ്പക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു നടന്ന ഇവയുടെ തുടര്‍ച്ചയായി മറ്റിടങ്ങളിലേക്കും പ്രതിഷേധ കൂട്ടായ്മകള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഒക്ടോബര്‍ ആറ് ശനിയാഴ്ച മൈസൂര്‍-ബാങ്ക് സര്‍ക്കിളില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ രാഷ്ട്രീയ സ്വഭാവമുള്ള പ്രകടനം നടന്നു.

 

എല്ലാത്തിനും നേതൃത്വം കൊടുത്തുകൊണ്ട് “അഖിലഭാരത ശബരിമല അയ്യപ്പ സേവാസംഘം” ഓരോ മലയാളി സംഘടനയേയും വാട്സ്ആപ്പ് ഗ്രൂപ്പുകളേയും റസിഡന്റ് അസോസിയേഷനുകളേയും എന്തിന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെട്ട ചെറുകൂട്ടായ്മകളെപ്പോലും ആചാര വിശ്വാസ ചര്‍ച്ചകളിലൂടെ ഹിന്ദു സഹതാപത്തിലേക്ക് ജ്ഞാനസ്നാനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തമിഴ്നാട് ആന്ധ്ര തെലങ്കാന എന്നിവിടങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍, ഹിന്ദുവിശ്വാസ രക്ഷാദൗത്യ സംഘങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്നു.

നമ്മള്‍ തിരിച്ചറിയേണ്ടിയിരുന്നത്, ശബരിമല സ്ത്രീ പ്രവേശന വിധി അനുകൂലമായാലും പ്രതികൂലമായാലും അത് ആര്‍ക്കാണ് ഇന്നത്തെ സാഹചര്യത്തില്‍ ഗുണകരമാകുകയെന്നതാണ്. അനുകൂലിച്ചാലും പ്രതികൂലിച്ചാലും സംഘപരിവാര്‍ സംഘടനകള്‍ക്കാണ് അതില്‍ നിന്ന് രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള സാധ്യതയുള്ളൂവെന്നത്.

അനുകൂലിച്ചിരുന്നുവെങ്കില്‍ അത് ഹൈന്ദവ സ്ത്രീ ശക്തിയിലേക്കുള്ള തന്ത്രപരമായ ഒരു ചുവടുറപ്പിക്കലായി മാറ്റാന്‍ അവര്‍ക്കു കഴിയും. ഒരു ജനാധിപത്യപ്രക്രിയയുടെ ഭാഗമായിരുന്നുകൊണ്ടുതന്നെ സംഘപരിവാര്‍ സാംസ്‌കാരിക യുക്തികളിലേക്ക് വലിയൊരു വിഭാഗം സ്ത്രീകളെ കൂട്ടിച്ചേര്‍ക്കാനുള്ള കളം അവര്‍ക്ക് ശബരിമലയെന്ന വാര്‍ഷിക തീര്‍ത്ഥാടന കൂട്ടായ്മയിലൂടെ ഒരുങ്ങിക്കിട്ടുമായിരുന്നു. പ്രത്യേകിച്ച് ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഒരു ക്രീമിലെയര്‍ തുറസ്സ് എന്ന നിലയില്‍ അത് ഒരു മാസ്സ് എന്‍ട്രി ഉണ്ടാക്കുമായിരുന്നു.

ആര്‍.എസ്.എസ് ആദ്യം ചെയ്ത സ്വാഗതവും പിന്നീടുള്ള മലക്കം മറിച്ചിലും ദേശീയ തലത്തില്‍ ശബരിമലയെ അവര്‍ എങ്ങനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന് കണ്ടെത്തുന്നതിന്റെ അടവുനയ വ്യതിയാനങ്ങള്‍ മാത്രമാണ്. അയ്യപ്പന്റെ ബ്രഹ്മചാരിത്വ- ലിംഗനീതി- തര്‍ക്കങ്ങള്‍- ചര്‍ച്ചകളുമൊക്കെ ഇടതുസര്‍ക്കാറും ജനങ്ങളും എന്ന മുട്ടനാടുകള്‍ തമ്മില്‍ തലതല്ലിയുണ്ടാക്കുന്ന ചോരയാകുകയാണ്. ഇടയില്‍ നില്‍ക്കുന്ന കുറുക്കന്മാര്‍ അത് നുണഞ്ഞുകൊണ്ടിരിക്കുന്നു.

 

ശബരിമല സര്‍വ്വസ്ത്രീ പ്രവേശനത്തിലൂടെ കോടതി മുന്നോട്ടുവെക്കുന്നത് ലിംഗനീതിപരമായ സമത്വമാണെങ്കില്‍ അവിടെ കൂടുതല്‍ പ്രസക്തമാകുന്നത് 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ മൂന്ന് ബി ചട്ടം ഭരണഘടനാ വിരുദ്ധമെന്ന നിലയില്‍ റദ്ദാക്കപ്പെട്ടു എന്നതാണ്. ശബരിമലയെന്ന സവിശേഷ വിഷയത്തേക്കാള്‍ സുപ്രീം കോടതി വിധിയുടെ ജനാധിപത്യപരമായ അന്തസ്സത്ത അടിസ്ഥാനപ്പെട്ടിരിക്കുന്നത് എല്ലാ ഹൈന്ദവ ആരാധനാലയങ്ങളിലും ആര്‍ത്തവാശുദ്ധ വിലക്കില്ലാതെ ഏതു സമയത്തും കയറാം എന്നാക്കുന്ന ആ പൊതുവായ റദ്ദാക്കല്‍ വിധിയിലാണ്.

അതായത് ശബരിമലയിലേക്ക് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാതിരുന്നതിന്റെ കാരണം അടിസ്ഥാനപരമായി ആര്‍ത്തവമാണെങ്കില്‍ അതിന്റെ തിരുത്തല്‍ ശബരിമലയ്ക്ക് ഒപ്പമോ ഒരുപക്ഷേ അതിനു മുമ്പോ നടക്കേണ്ടത് നമ്മുടെ സാധാരണ അമ്പലങ്ങളിലാണ്.

പൂര്‍ണ സാന്ദര്‍ഭിക വിശ്വാസിയായാലും വിശ്വാസിയല്ലാത്തവരായാലും തങ്ങളുടെ ഭരണഘടനാപരമായ പ്രവേശന അവകാശം അനുഭവിക്കുന്നത് ഗുരുവായൂര്‍ അമ്പലമുള്‍പ്പെടെയുള്ള നമ്മുടെ സാധാരണ അമ്പലങ്ങളിലാണ്. സാമൂഹികമായി നോക്കിയാല്‍ ,വാര്‍ഷിക പ്രാധാന്യമുള്ള ശബരിമലയേക്കാള്‍ നിത്യജീവിത സംബന്ധിയായി ജനങ്ങള്‍ ഇടപെടുന്ന മുഴുവന്‍ സമയ ആരാധനാലയങ്ങള്‍ …കല്ല്യാണം, ചോറൂണ്, തുലാഭാരം, കുടുംബപരമായി നേര്‍ന്ന മറ്റെത്രയോ വഴിപാടുകളുടെ വൈകാരികതകള്‍- ഇങ്ങനെ നിരീശ്വരവാദികള്‍ പോലും ഒരു പക്ഷേ പോകാവുന്ന ഇടങ്ങള്‍ ___ അവിടെ നിന്നാണ് ആര്‍ത്തവ വിലക്ക് ആദ്യം പടിയിറങ്ങേണ്ടത്.

 

വിലക്കിനെ പിടിയിറക്കുകയേ വേണ്ടൂ. രജസ്വലകളെ നിര്‍ബന്ധിതമായി കേറ്റിയേ പറ്റൂ എന്ന അതിവിപ്ലവവും വേണ്ട. മരുന്നുകള്‍ കഴിച്ച് ആര്‍ത്തവം നീട്ടിവെച്ച് അമ്പലത്തില്‍ നടക്കുന്ന ചടങ്ങുകള്‍ തടവാട്ടുവക കൊട്ടിലുകളിലെ ആഘോഷങ്ങള്‍ ഇവ നഷ്ടപ്പെടാതെ കാക്കുന്ന ഹിന്ദുവനിതയ്ക്കു മുന്നില്‍ ഒരു കാരണവത്തിയെപ്പോലെ ഇനി അതിന്റെ ആവശ്യമില്ല എന്ന് പ്രഖ്യാപിക്കുകയാണ് ശാന്തതയോടെ ആ റദ്ദാക്കല്‍ വിധി. അതു നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ സ്വാഭാവികമായിത്തന്നെ പുതുതലമുറ ജീവിതത്തിന്റെ മിക്ക തലങ്ങളിലും കൈവരിച്ചുകഴിഞ്ഞ ജനാധിപത്യ പ്രക്രിയയുടെ ഭാഗമെന്ന നിലയില്‍ വിശ്വാസത്തിലുപരിയായി അശുദ്ധ കല്‍പ്പനകളെ മറികടക്കും.

ശബരിമല വിധിയെ താരതമ്യപരമായ ലിംഗനീതിയെന്ന ആശയത്തെ വെച്ചുകൊണ്ട് സ്വീകരിക്കാന്‍ ശ്രമിക്കുന്ന വിശ്വാസികളായ ഒരു ഇടത്തട്ടുവിഭാഗംകൂടി ഇതിനിടയിലുണ്ട്. അവര്‍ പറയുന്നത് ആചാരമര്യാദകളും ആര്‍ത്തവശുദ്ധിയും പാലിക്കാവുന്ന കാലയളവിനകത്ത് വ്രതമെടുത്ത് പോകാന്‍ ഒരു സ്ത്രീ ആഗ്രഹിച്ചാല്‍ അതിനുള്ള അവകാശം നല്‍കണം എന്നാണ്.

അവിടെ , വിശ്വാസിയായ പുരുഷനും വിശ്വാസിയായ സ്ത്രീയും തമ്മിലുള്ള വിവേചനത്തെ തിരുത്താന്‍ തയ്യാറാകുന്നവര്‍ തന്നെ ആര്‍ത്തവ സമയത്തിലെ സ്ത്രീയും അതിലല്ലാത്ത സ്ത്രീയും തമ്മിലുള്ള വിവേചനത്തെ അശുദ്ധതയെന്ന മൂലകാരണത്തെ സംബോധന ചെയ്യാതെ ഇപ്പോഴും മാറ്റിവെയ്ക്കുന്നു….!

 

ഈ വിഷയത്തില്‍ സംഭവിക്കാവുന്ന ഒരു ട്വിസ്റ്റ് ഇതായിരിക്കാം. മൂന്നോ നാലോ ദിവസം കൊണ്ട് കുളിയും മാലയും കെട്ടുനിറയും കഴിഞ്ഞ് കരിമല കയറിവരുന്ന അയ്യപ്പന്‍മാരെപ്പോലെ ആര്‍ത്തവചക്രത്തിനകത്തുള്ള വിശുദ്ധ ദിനങ്ങളില്‍ വ്രതമെടുത്ത് സ്ത്രീകള്‍ക്കും ദര്‍ശനമാകാം എന്ന മട്ടിലുള്ള പുനപരിശോധനാശ്രമങ്ങള്‍. അതായത് നിലവിലുള്ള ചട്ടത്തിലെ 3ബി വകുപ്പ് കോട്ടമൊന്നും തട്ടാതെ ബാക്കിയാവുക. അവിടെ ശബരിമലയിലേക്ക് പ്രവേശിക്കുന്ന സ്ത്രീ സാമൂഹ്യ__ ലിംഗ നീതിയിലല്ല ആചാരവിശ്വാസങ്ങളിലേക്ക് മാത്രമായി തുല്യതപ്പെടുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് നാം കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് 1965 ചട്ടത്തിലെ 3 ബി വകുപ്പിന്റെ റദ്ദാക്കലിനെയാണ്. അടിസ്ഥാനപരമായ യഥാര്‍ത്ഥ തുടര്‍ ജനാധിപത്യ പ്രക്രിയ അതാണ്. ശബരിമലയില്‍ സ്ത്രീ കയറുമ്പോള്‍ ഒരു അമ്പലം കൂടിയെന്ന സാങ്കേതികപൂര്‍ണത മാത്രമാണ് സംഭവിക്കുന്നത്, അതിന്റെ വൈകാരികത കിഴിച്ചു കളഞ്ഞാല്‍.

എന്നാല്‍ കേരളത്തിലെ എല്ലാ ഹൈന്ദവ ആരാധനാലയങ്ങളിലും ആര്‍ത്തവ വിലക്കില്ലാതെ സ്ത്രീകള്‍ക്കു കയറാം എന്നത് മതാചാരങ്ങള്‍ക്കകത്ത് സംഭവിക്കുന്ന ഒരു തുടര്‍ ജനാധിപത്യ പ്രക്രിയയാണ് ഒന്നാമത്തേത് തിരുത്തലാണെങ്കില്‍ രണ്ടാമത്തേത് ഒരു പ്രത്യുല്പന്ന പ്രക്രിയയാണ്.

വിശ്വാസിയായ സ്ത്രീയ്ക്ക് ലഭിക്കുന്ന പുതിയ ഒരു പ്രവേശന ഇടത്തേക്കാള്‍ വിപ്ലവകരമാണ്, തന്റെ ശുദ്ധാശുദ്ധ വിശ്വാസങ്ങളെ മനുഷ്യവല്‍ക്കരിച്ചുകൊണ്ട് നിലവിലുള്ള ഇടത്തെ അതിക്രമിക്കുന്ന സ്ത്രീ. അതുകൊണ്ട് റെഡി ടു ഗോ എന്ന് ചൂണ്ടിക്കാട്ടേണ്ടത്, പ്രസ്താവിക്കേണ്ടത് സെക്ഷന്‍ 3 ബിയുടെ റദ്ദാക്കലിലൂടെ ആര്‍ത്തവകാലത്തും തുറന്നുകിടക്കുന്ന എണ്ണമറ്റ അമ്പലങ്ങളിലേക്കാണ്.

 

ഈ റദ്ദാക്കലിനെ സംഘപരിവാര ശക്തികള്‍ കണ്ടതായി നടക്കാത്തത് അതാണ് യഥാര്‍ത്ഥ മര്‍മ്മം എന്നതുകൊണ്ടാണ്. ശബരിമലയുടെ നാടകീയ ശോഭയെ മാത്രം അവര്‍ കടുംനിറങ്ങള്‍ ചേര്‍ത്ത് വീണ്ടും പൊലിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ആര്‍ത്തവ വിലക്കിന്റെ റദ്ദാക്കലിനെ നേരിടാന്‍ അവര്‍ നിസ്സഹായരുമാണ്. കാരണം അത് ഒരു നിശ്ശബ്ദ വിപ്ലവമാണ്. ശബരിമലയില്‍ കയറുന്ന ഒരൊറ്റ സ്ത്രീയുടെ ദൃശ്യത അമ്പലങ്ങളില്‍ കയറുന്ന ആയിരക്കണക്കിന് തീണ്ടാരിപ്പെണ്ണുങ്ങള്‍ക്കുണ്ടാവില്ല….!സാനിറ്ററി പാഡ്, മെന്‍സ്ട്രല്‍ കപ്പ് തുടങ്ങിയവ കണ്ടിപിടിക്കാവുന്ന തരത്തില്‍ വല്ല മെന്‍സ്ട്രല്‍ ഡിറ്റക്ടറും കൊണ്ട് നടയില്‍ കാത്തുനില്‍ക്കേണ്ടിവരും.

സര്‍ക്കാര്‍ അടക്കമുള്ള ഇടതുപക്ഷ പുരോഗമനവക്താക്കള്‍ ഊന്നല്‍ കൊടുക്കേണ്ടത് ശബരിമല വിധിക്കല്ല. 17നു മലയില്‍ കാണാം എന്ന സംഘപരിവാരത്തിന്റെ അങ്കക്കുറിയ്ക്ക് മറുപടി കൊടുക്കാനല്ല. ഹൈന്ദ ആരാധനാലയ പ്രവേശന വിശ്വാസ പ്രമാണത്തില്‍ നിന്ന് ആര്‍ത്തവകാല വിലക്ക് എന്ന ലിംഗവിവേചനം ഭരണഘടനാവിരുദ്ധമെന്ന നിലയില്‍ റദ്ദാക്കപ്പെട്ടിരിക്കുന്നു എന്ന പൊതു വസ്തുതയ്ക്കാണ്. കോടതിവിധിയുടെ ഭാഗമായി വരുന്ന തുടര്‍ സാഹചര്യങ്ങളെ അതതു സന്ദര്‍ഭങ്ങളില്‍ ജനാധിപത്യ നിയമ രീതിയനുസരിച്ച് കൈകാര്യം ചെയ്യുമെന്നാണ്.

അതിനു പകരം വിശദീകരണ യോഗങ്ങള്‍ സംഘടപ്പിച്ച് മറു ജാഥകള്‍ നടത്തിയാല്‍ അത് സുപ്രീം കോടതിയ്ക്ക് പകരം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ “പ്രതിപക്ഷ”മാകുന്നതിനേ സഹായിക്കൂ. അത് ബിജെപി കൈയ്യില്‍ വച്ച് നിയന്ത്രിക്കുന്ന ചൂണ്ടയില്‍ കൊത്തലാണ്. ദേശീയ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഭരണകൂട പോസ്സുമോര്‍ട്ടത്തിന്‌
തങ്ങളുടെ ഏറ്റവും കെല്‍പ്പുള്ള ഒരു സംസ്ഥാനത്തിന്റെ ബൗദ്ധിക-രാഷ്ട്രീയ ചാലക ശേഷിയെ മുന്‍ഗണനകളില്‍ നിന്നും ചിതറിക്കലാണ്.

 

ക്ഷേത്രപ്രേവശനം ദളിതരുടെ മതവിശ്വാസത്തിലല്ല പ്രതിപ്രവര്‍ത്തിച്ചത്. സാമൂഹ്യ സമത്വത്തില്‍ ,ആത്മാഭിമാനത്തില്‍, പൗരബോധത്തില്‍ ആണ്. ക്ഷേത്രത്തില്‍ കടക്കേണ്ട എന്ന തീരുമാനിച്ചതോ ഒരു തവണ മാത്രം കടന്നതോ ആയ ഒരു ദളിതന്/ദളിതയ്ക്ക് ആയാലും അതു നല്‍കിയത് പിന്നീട് പള്ളിക്കൂടത്തിലൈയോ ഹജൂര്‍കച്ചേരിയിലെയോ പടികള്‍ മുമ്പത്തേക്കാള്‍ അവകാശ ബോധത്തോടെ ചവിട്ടിക്കയറാനുള്ള ഊര്‍ജ്ജമാണ്.

സമാന രീതിയില്‍ ദേവസ്വം ബോര്‍ഡുനിയമനത്തിലൂടെ പൂജാരിയാവുന്ന ദളിതന്‍ ലക്ഷം വീട് കോളനിയില്‍ നിന്ന് സ്‌കൂളിലെത്തുന്ന ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് നല്‍കുന്നത് സഹപാഠികളായ ആതിര പി നമ്പൂതിരിക്കും ഗൗരവ് നായര്‍ക്കും അടുത്ത് കുറേക്കൂടി ആത്മവിശ്വസത്തോടെ പെരുമാറുന്നതിനുള്ള ബലമാണ്..

നവോത്ഥാനം നിര്‍വ്വഹിച്ച സംസ്‌കാരിക ദൗത്യം ഇത്തരം എക്സ്‌ക്ലൂസിവിറ്റികളുടെ “നിഷേധാത്മക അകലങ്ങളു”ടെ നീര്‍വീര്യവല്‍ക്കരണമാണ്.

മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഈ പ്രവേശന/റദ്ദാക്കല്‍ വിധികളുടെ പ്രത്യക്ഷത്തിലുള്ള , നടപ്പിലാക്കല്‍ പോലുമല്ല, അതിലെ യഥാര്‍ത്ഥ വിപ്ലവാത്മകത __ അത് നിയമപരമായി ഭരണഘടനാ പരമായി നിലവില്‍ വന്നിരിക്കുന്നു എന്നതാണ്. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ ജീവിത വ്യവഹാരങ്ങളിലേക്ക് ലിംഗനീതിപരമായി അതിനെ ചേര്‍ത്തു വെക്കുക എന്നതാണ്. ഉദാഹരണത്തിന് പ്രത്യുല്‍പ്പാദന വ്യവസ്ഥയും അയവയവ പ്രവര്‍ത്തനങ്ങളും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലാണ് ഒരു സമകാലിക റഫറന്‍സ് എന്ന നിലയില്‍ ഈ വിധിയെ മുന്നോട്ട് വെക്കേണ്ടത്.

യാത്രയിലും തൊഴിലിടങ്ങളിലും അയ്യപ്പഭക്ത ജനങ്ങളുടെ സാന്നിധ്യത്തില്‍ “തൊട്ടുകൂടായ്മ” യെന്ന മാനസിക നില സ്വയം രൂപപ്പെടുക എന്നതില്‍ നിന്നാണ് സ്ത്രീകളെ അത് സാവധാനത്തില്‍ മാറ്റുക.

സാനിറ്ററി പാഡ് ഒരു സാംസ്‌കാരിക സ്ഫോടക വസ്തുവിനെപ്പോലെ പൊതിഞ്ഞു കെട്ടി കൈമാറ്റം നടത്തുന്ന കടക്കാരിലും വാങ്ങിക്കുന്നവരിലുമാണ് അതിന്റെ ജാഗ്രതകള്‍ പതുക്കെ മാഞ്ഞു തുടങ്ങുക.

 

രജസ്വലയായ ഒരു സ്ത്രീപോലും അമ്പലത്തില്‍ ഇല്ല എങ്കില്‍ പോലും തന്റെയടുക്കല്‍ നില്‍ക്കുന്ന എതു സ്ത്രീയും
അങ്ങനെയായിരിക്കാം എന്ന ബോധ്യമാണ് സ്ത്രീ-പുരുഷ വിശ്വാസികളിലെ ആര്‍ത്തവ ശുദ്ധ വാദികളിലും അതു ക്രമേണ രൂപപ്പെടുത്തുക.

അപ്പോഴാണ് മതവിശ്വാസപരമായ ഒരു തിരുത്തല്‍ എന്നതിനേക്കാള്‍ ജനാധിപത്യപരമായ ലിംഗനീതിപരമായ നവോത്ഥാനാന്തര തുടര്‍പ്രക്രിയ എന്ന നിലയില്‍ ഈ കോടതിവിധിയെ നമുക്ക് സ്ഥാനപ്പെടുത്താന്‍ കഴിയുക.

അപ്പോള്‍ അമൂര്‍ത്ത സ്വരൂപനായ അയ്യപ്പസ്വാമി യേക്കാള്‍ മുന്‍പ് നമുക്ക് ജീവനുള്ള സഹപൗരന്മാരെ അശുദ്ധ കല്‍പ്പനകളില്‍ നിന്ന് വിമുക്തരാക്കാം. അടുത്തുള്ള അമ്പലങ്ങളില്‍ തുടങ്ങാം. ആര്‍ത്തവമുള്ളവര്‍ തനിച്ചോ അതില്ലാത്തവക്കൊപ്പമോ ഒക്കെയായി അമ്പലത്തില്‍ പോവുക.

ഒരൊറ്റ സ്ഥലത്തെ Ready To Go എന്നതിനേക്കാള്‍ എല്ലായിടത്തേയും” I Entered..! ”

പേരില്‍ ഈശ്വരന് നാണക്കേടുണ്ടാക്കുന്നവരും പുലിയെ ബെല്‍റ്റിട്ട് തയ്യാറാക്കി വെച്ചിരിക്കുന്ന ശിക്കാരികൃഷ്ണന്മാരും എവിടേയ്‌ക്കൊക്കെ മെന്‍സ്ട്രല്‍ ഡിറ്റക്ടറുമായി എത്തും …..!?