ശബരിമല: ശബരിമലയില്‍ മാധ്യമവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കെ.യു.ഡബ്ല്യൂ.ജെ പരാതി നല്‍കി. നിലയ്ക്കലില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആനത്താരയില്‍ വെച്ച് നേരത്തെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു.
സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയതായി കെ.യു.ഡബ്ല്യൂ.ജെ അറിയിച്ചു. നിരോധനാഞ്ജയുടെ മറവില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണെന്നും കെ.യു.ഡബ്ല്യൂ.ജെ ആരോപിച്ചു.
ALSO READ: ഏഴാം തിയ്യതി ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ
എന്നാല്‍ തിങ്കളാഴ്ച മാത്രമേ പമ്പയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പോലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷാചുമതലയുടെ മേല്‍നോട്ടം എ.ഡി.ജി.പി അനില്‍കാന്തിനാണ്. എ.ഡി.ജി.പി ആനന്ത് കൃഷ്ണനാണ് ജോയിന്റ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍. 20 അംഗ കമാന്‍ഡോ സംഘത്തേയും വിന്യസിക്കും. 10 വനിതാ പൊലീസുകാരടക്കം 2300 പേരെയാണ് ശബരിമലയില്‍ വിന്യസിക്കുക. പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പി മാരും ഡ്യൂട്ടിയിലുണ്ടാകും.
