ആരാധകര്‍ക്ക് ഒരേസമയം ആവേശവും ആകാംക്ഷയും സമ്മാനിച്ചിരിക്കുകയാണ് മാര്‍വല്‍. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണില്‍ തങ്ങളുടെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് കഴിഞ്ഞദിവസം മാര്‍വല്‍ സംസാരിച്ചു. സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ മുതല്‍ പുതിയ പ്രൊജക്ടുകളായ ഗോസ്റ്റ് റൈഡറുംബ്ലാക്ക് പാന്തറും സിനിമാലോകത്ത് വലിയ ചര്‍ച്ചയായി.
മാര്‍വലിന്റെ ബ്രഹ്‌മാസ്ത്രമായ അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയുടെ പുതിയ ട്രെയ്‌ലറും കോമിക് കോണിന്റെ ഹാള്‍ ‘H’ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകരായ റൂസോ ബ്രദേഴ്‌സും പ്രധാന താരങ്ങളും കോമിക് കോണില്‍ പങ്കെടുത്തത് ആവേശം ഇരട്ടിയാക്കി. ചിത്രത്തെക്കുറിച്ച് ഓരോ താരങ്ങളും സംസാരിക്കുകയും ചെയ്തു.
എന്നാല്‍ വേദിയില്‍ കയറാതെ കൈയടി നേടിയ മറ്റൊരു സൂപ്പര്‍ഹീറോയാണ് ഷോ സ്റ്റീലറായത്. മാര്‍വലിന്റെ പുതിയ ജീസസെന്ന് സ്വയം വിശേഷിപ്പിക്കുന്ന, അവഞ്ചേഴ്‌സില്‍ ഇതുവരെ കയറിപ്പറ്റാത്ത ഡെഡ്പൂളും കോമിക് കോണില്‍ എത്തിയിരുന്നു. ഡൂംസ്‌ഡേയിലെ താരങ്ങളുമായി ഡെഡ്പൂള്‍ നടത്തിയ സംഭാഷണം ആരാധകരില്‍ ചിരിയുണര്‍ത്തി. സദസ്സില്‍ ഒരു മൂലക്ക് നിന്ന ഡെഡ്പൂളിനെ ആദ്യം ശ്രദ്ധിച്ചത് ആര്‍.ഡി.ജെയായിരുന്നു. തുടര്‍ന്ന് ഡെഡ്പൂളിന് എന്താണ് ഇവിടെ കാര്യമെന്ന് അദ്ദേഹം ചോദിച്ചു.
ഡൂംസ്‌ഡേയുടെ ഷൂട്ട് കഴിഞ്ഞോ എന്നറിയാന്‍ വന്നതാണ് എന്ന ഡെഡ്പൂളിന്റെ ഡയലോഗിന് ഷൂട്ടൊക്കെ കഴിഞ്ഞെന്നും ഇനി പ്രൊമോഷനുകളാണ് ബാക്കിയെന്നും റോബര്‍ട്ട് ഡൗണി വ്യക്തമാക്കി. ഇത് കേട്ട് ഡെഡ്പൂള്‍/ റയാന്‍ റെയ്‌നോള്‍ഡ്‌സ് നിരാശനായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
‘ഞാന്‍ ഇപ്പോള്‍ ചുമ്മാ കോസ്‌പ്ലേ ചെയ്തതാണ്. പിന്നെ എനിക്ക് രണ്ട് ചോദ്യങ്ങളാണ് സംവിധായകനോട് ചോദിക്കാനുള്ളത്. തോര്‍ എവിടെയാണ് എന്തുകൊണ്ടാണ് ട്രെയ്‌ലറില്‍ തോര്‍ കരയുന്നത്? ഡൂംസ്‌ഡേയുടെ ഷൂട്ടൊക്കെ കഴിഞ്ഞെന്ന് ഉറപ്പാണോ, ഇനി അവസാന നിമിഷം എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ? ഇത് അറിയാന്‍ വേണ്ടിയാണ് വന്നത്. അപ്പോള്‍ ശരി, ഞാന്‍ പോകുന്നു,’ ഡെഡ്പൂള്‍/ റയാന്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.