കഥാപാത്രം ഇഷ്ടപ്പെടാത്തത് കൊണ്ട് ചെയ്തില്ല; നരിവേട്ടയ്ക്ക് ശേഷം പുതിയ സിനിമകള്‍ വന്നിരുന്നു: ആര്യ സലിം
Malayalam Cinema
കഥാപാത്രം ഇഷ്ടപ്പെടാത്തത് കൊണ്ട് ചെയ്തില്ല; നരിവേട്ടയ്ക്ക് ശേഷം പുതിയ സിനിമകള്‍ വന്നിരുന്നു: ആര്യ സലിം
ഐറിന്‍ മരിയ ആന്റണി
Tuesday, 31st March 2026, 6:31 pm

മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ആര്യ സലിം. ഈ.മ.യൗ, തമാശ, ആര്‍ക്കറിയം, മിന്നല്‍ മുരളി, ഭീമന്റെ വഴി, ഇരട്ട, ആര്‍.ഡി.എക്സ്, അബ്രഹാം ഓസ്‌ലര്‍ എന്നീ സിനിമകളിലെല്ലാം ആര്യ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങി വന്‍ വിജയമായ നരിവേട്ട എന്ന ചിത്രത്തിലും ആര്യ സലിം പ്രധാനവേഷത്തിലെത്തിയിരുന്നു.

2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമായിരുന്നു നരിവേട്ടയുടെ പ്രമേയം. ആദിവാസി നേതാവായ സി.കെ. ശാന്തി എന്ന ശക്തമായ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ വേഷം നടിക്ക് മലയാള സിനിമയില്‍ കൂടുതല്‍ ശ്രദ്ധ നേടികൊടുത്തിരുന്നു.

ഇപ്പോഴിതാ നരിവേട്ടയ്ക്ക് ശേഷം പുതിയ സിനിമകള്‍ വന്നിരുന്നുവെന്നും എന്നാല്‍ കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടാത്തത് കൊണ്ട് ചെയ്യാതിരുന്നുവെന്നും ആര്യ സലിം പറയുന്നു.

‘നരിവേട്ടയ്ക്ക് ശേഷം പുതിയ സിനിമകള്‍ വന്നിരുന്നു. പക്ഷേ, സ്‌ക്രീന്‍ സ്‌പെയ്‌സ് കുറവായത് കൊണ്ടും ക്യാരക്ടര്‍ ഇഷ്ടപ്പെടാത്തതുകൊണ്ടുമെല്ലാം വിട്ടുകളഞ്ഞു. ഇപ്പോള്‍ ഒരു വെബ് സീരീസ് ഡിസ്‌കഷന്‍ നടക്കുന്നുണ്ട്. അതൊരു ഹൊറര്‍ ത്രില്ലറാണ്. അതിനായുള്ള വെയിറ്റിങ്ങിലാണ്,’ ആര്യ സലിമിന്റെ വാക്കുകള്‍.

സി. കെ ശാന്തി എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നത് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് താരം മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഗോത്രസഹോദരങ്ങളുടെ ഭാഷയും സംസ്‌കാര ശീലങ്ങളും തനിക്ക് തീര്‍ത്തും അപരിചിതമാണെന്നും കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇന്നത്തെപ്പോലെ പണ്ട് സിനിമകള്‍ തിയേറ്ററില്‍ പോയി തന്നെ കാണാറില്ലെന്നും അന്നെല്ലാം ടി.വിയില്‍ തന്നെയായിരുന്നു സിനിമകള്‍ കണ്ടിരുന്നതെന്നും ആര്യ സലിം പറയുന്നു. മിനിസ്‌ക്രീനില്‍ ആദ്യമായി എന്ന് പറഞ്ഞ് ടി.വിയില്‍ വരുന്ന സിനിമകളാണ് അന്ന് വിഷു സിനിമകളെന്നും പണ്ട് ചാനലുകള്‍ മാറ്റി ഇഷ്ടപ്പെട്ട സിനിമ എവിടെ വരുന്നു എന്ന് നോക്കി അത് കാണുകയായിരുന്നു പ്രധാന വിനോദമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Content Highlight: Arya Salim says she was not satisfied with the roles she got after Narivetta

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.