സഞ്ജു വന്നിട്ടും രക്ഷയില്ല; നാണക്കേടിന്റെ റെക്കോഡില്‍ ഒന്നാമതെത്തി ഗെയ്ക്വാദ്
Cricket
സഞ്ജു വന്നിട്ടും രക്ഷയില്ല; നാണക്കേടിന്റെ റെക്കോഡില്‍ ഒന്നാമതെത്തി ഗെയ്ക്വാദ്
ഫസീഹ പി.സി.
Tuesday, 31st March 2026, 4:21 pm

2026 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ യാത്ര ആരംഭിച്ചിരിക്കുന്നത് തോല്‍വിയോടെയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടീം രാജസ്ഥാന്‍ റോയല്‍സിന് മുന്നിലാണ് മുട്ടുകുത്തിയത്.

ആര്‍. ആറിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപാരയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ചെന്നൈ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ബാറ്റിങ് തകര്‍ച്ച നേരിട്ട് തകര്‍ന്നടിഞ്ഞിരുന്നു.

ടോപ് ഓര്‍ഡറും മധ്യനിരയും നിരാശപ്പെടുത്തിയപ്പോള്‍ പത്താം വിക്കറ്റില്‍ ഒന്നിച്ച ജെയ്മി ഒവേര്‍ട്ടണ്‍ – അന്‍ഷുല്‍ കംബോജ് സഖ്യമാണ് ചെന്നൈയെ 100 കടത്തിയത്. ഒടുവില്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ യെല്ലോ ആര്‍മി 127 റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു.

Photo: Chennai Super Kings/x.com

ഇത് പിന്തുടര്‍ന്ന രാജസ്ഥാന്‍ വൈഭവ് സൂര്യവംശിയുടെയും യശസ്വി ജെയ്സ്വാളിന്റെയും കരുത്തില്‍ ഈ വിജയലക്ഷ്യം അനായാസം മറികടന്നു. 47 പന്തുകള്‍ നില്‍ക്കെയായിരുന്നു ടീമിന്റെ വിജയം.

ചെന്നൈ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങിയതോടെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ഒരു നാണക്കേടും തന്റെ പേരില്‍ ചേര്‍ത്തു. ഐ.പി.എല്ലില്‍ ആദ്യ 20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തോല്‍വി എന്ന അനാവശ്യ നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/ x.com

അജിന്‍ക്യ രഹാനെ, കെ.എല്‍ രാഹുല്‍, രാഹുല്‍ ദ്രാവിഡ്, ശിഖര്‍ ധവാന്‍, സഹീര്‍ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് ഗെയ്ക്വാദ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്. എല്ലാവര്‍ക്കും 12 വീതം തോല്‍വികളുണ്ട്.

ഐ. പി. എല്ലില്‍ ആദ്യ 20 മത്സരങ്ങള്‍ ശേഷം ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍, എണ്ണം

ഋതുരാജ് ഗെയ്ക്വാദ് – 12

അജിന്‍ക്യ രഹാനെ – 12

കെ.എല്‍ രാഹുല്‍ – 12

രാഹുല്‍ ദ്രാവിഡ് – 12

ശിഖര്‍ ധവാന്‍ – 12

സഹീര്‍ഖാന്‍ – 12

അതേസമയം, ഏപ്രില്‍ മൂന്നിനാണ് സി.എസ്.കെയുടെ അടുത്ത മത്സരം. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ പഞ്ചാബ് കിങ്സാണ് എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിച്ച് ചെന്നൈ തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Ruturaj Gaikwad tops the list of most losses after 20 games in IPL as captain

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി