ആസിഫിന്റെ കെ.ജി.എഫില്‍ പൃഥ്വിരാജില്ല, പകരം തമിഴിലെ ആക്ഷന്‍ സൂപ്പര്‍താരം?
Malayalam Cinema
ആസിഫിന്റെ കെ.ജി.എഫില്‍ പൃഥ്വിരാജില്ല, പകരം തമിഴിലെ ആക്ഷന്‍ സൂപ്പര്‍താരം?
അമര്‍നാഥ് എം.
Sunday, 8th February 2026, 12:31 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. ആസിഫ് അലി നാകനായെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. വന്‍ ബജറ്റിലൊരുങ്ങുന്ന ടിക്കി ടാക്കയുടെ ഷൂട്ട് അവസാനഘട്ടത്തിലാണ്. ഇപ്പോഴിതാ ചിത്രത്തക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടാണ് സിനിമാപേജുകളിലെ ചര്‍ച്ച.

ചിത്രത്തില്‍ സൂപ്പര്‍താരം പൃഥ്വിരാജ് അതിഥിവേഷം കൈകാര്യം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്നാണ് വിവരം. വാരണാസിയടക്കം നിരവധി ചിത്രങ്ങളുടെ തിരക്കുകള്‍ കാരണമാണ് പൃഥ്വിക്ക് ടിക്കി ടാക്ക ചെയ്യാനാകാത്തതെന്നാണ് റിപ്പോര്‍ട്ട്.

 

പൃഥ്വിരാജിന് പകരം തമിഴ് സൂപ്പര്‍താരം വിശാല്‍ ഈ വേഷം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാളത്തില്‍ വിശാലിന്റെ രണ്ടാമത്തെ ചിത്രമായി ടിക്കി ടാക്ക മാറിയേക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലനിലൂടെയാണ് വിശാല്‍ മലയാളത്തിലേക്ക് കടന്നുവന്നത്.

ഇപ്പോഴിതാ വിശാല്‍ വീണ്ടും മലയാളത്തിലെത്തുന്നുവെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തമിഴില്‍ ഏറ്റവും നന്നായി ആക്ഷന്‍ ചെയ്യുന്ന താരങ്ങളിലൊരാളായ വിശാല്‍ മലയാളത്തിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രത്തിന്റെ ഭാഗമാവുകയാണെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ഏറ്റെടുത്തിരിക്കുയാണ്. ടിക്കി ടാക്കയിലെ വിശാലിന്റെ വേഷത്തെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

എറണാകുളം, പാലക്കാട്, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട്. അവസാനഘട്ട ഷൂട്ട് കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ടിക്കി ടാക്ക ഒരുങ്ങുന്നത്.

വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. സഞ്ജന നടരാജ്, ലുക്മാന്‍ അവറാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാളത്തില്‍ നിലവിലെ സെന്‍സേഷണല്‍ താരമായ നസ്‌ലെനും ടിക്കി ടാക്കയുടെ ഭാഗമാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ്, കള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക.

ചിത്രത്തിനായി ആസിഫ് അലി വമ്പന്‍ ട്രാന്‍സ്‌ഫോര്‍മേഷനാണ് നടത്തിയത്. 2024ല്‍ ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനിടെ ആസിഫിന് പരിക്ക് പറ്റിയത് വലിയ വാര്‍ത്തയായിരുന്നു. ഡെന്‍വറിന്റെയും സംഘത്തിന്റെയും വരവ് ബോക്‌സ് ഓഫീസില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Rumors that Vishal might be part of Tiki Taka instead of Prithviraj

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം