ബാഷയുടെ കഥയാണ് ഈ സിനിമയ്ക്കുമെന്ന് തോന്നുന്നു, തലൈവര്‍ 173യില്‍ രജിനിയുടെ അഴിഞ്ഞാട്ടം തന്നെയാകും
Indian Cinema
ബാഷയുടെ കഥയാണ് ഈ സിനിമയ്ക്കുമെന്ന് തോന്നുന്നു, തലൈവര്‍ 173യില്‍ രജിനിയുടെ അഴിഞ്ഞാട്ടം തന്നെയാകും
അമര്‍നാഥ് എം.
Monday, 30th March 2026, 10:38 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തലൈവര്‍ 173. രജിനികാന്തിനെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദ്യചിത്രം തന്നെ 100 കോടി ക്ലബ്ബിലെത്തിച്ച സിബി ചക്രവര്‍ത്തിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവിലാണ് സിബി ഈ പ്രൊജക്ടിലേക്ക് എത്തിയത്.

ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമാപേജുകളില്‍ നിറയുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം രജിനിയും കമലും ഒന്നിക്കുന്ന പ്രൊജക്ട് ആരാധകര്‍ക്ക് പുതിയൊരു അനുഭവമാക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

വയലന്‍സ് നിറഞ്ഞ പാസ്റ്റുള്ള നായകന്‍ അത് മറച്ചുവെച്ച് സാധാരണ കുടുംബ ജീവിതം നയിക്കുന്നു എന്ന സ്ഥിരം ടു ഫേസ് ഹീറോ കണ്‍സെപ്റ്റ് തന്നെയാകും തലൈവര്‍ 173ലുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഥയുടെ ഒരു ഘട്ടത്തില്‍ നായകന്‍ തന്റെ വിശ്വരൂപം പുറത്തെടുക്കുന്നിടത്ത് മറ്റൊരു തലത്തിലേക്ക് സിനിമ സഞ്ചരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഷ മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കൂലി വരെ ഇതേ കണ്‍സെപ്റ്റാണ് പിന്തുടരുന്നത്. പതിറ്റാണ്ടുകളായി കണ്ടുമടുത്ത ഈ വണ്‍ലൈന്‍ തന്നെയാണ് തലൈവര്‍ 173യുടെ കഥയെങ്കില്‍ ചിത്രത്തില്‍ അധികം പ്രതീക്ഷ വെക്കേണ്ടതില്ലെന്നാണ് പലരുടെയും കമന്റ്. എന്നാല്‍ പറയുന്ന കഥയെക്കാള്‍ അത് പറയുന്ന രീതിയില്‍ വ്യത്യാസം കൊണ്ടുവന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ചിലര്‍ മറുപടി നല്‍കുന്നുണ്ട്.

എന്നാല്‍ ഇതൊന്നുമാകില്ല ചിത്രത്തിന്റെ കഥയെന്നും ഒരുപാട് കാലമായി ആരാധകര്‍ മിസ് ചെയ്യുന്ന സിമ്പിളായിട്ടുള്ള രജിനിയെയാകും ഈ ചിത്രത്തില്‍ കാണാനാവുകയെന്നും ചില പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകേഷ് മുതല്‍ സുന്ദര്‍ സി വരെയുള്ള വമ്പന്‍ സംവിധായകരെ ഒഴിവാക്കി സിബി ചക്രവര്‍ത്തിയെ തെരഞ്ഞെടുത്തത് വെറുതേയാകില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാസ്റ്റിങ്ങാകും ചിത്രത്തിലെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമാപ്രേമികളുടെ ഇഷ്ടതാരം ശോഭനയാകും ചിത്രത്തിലെ നായികയെന്നാണ് റിപ്പോര്‍ട്ട്. ദളപതിക്ക് ശേഷം നൊസ്റ്റാള്‍ജിക് കോമ്പോ വീണ്ടും ഒന്നിക്കുകയാണെന്ന റൂമര്‍ സിനിമാപേജുകളില്‍ വൈറലായിരുന്നു. മലയാളി താരം ബേസില്‍ ജോസഫും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രജിനിയുടെ മകന്റെ വേഷമാകും ബേസിലിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2ലാണ് താരമിപ്പോള്‍. ഇന്ത്യന്‍ സിനിമ കണ്ട വന്‍ താരനിര അണിനിരക്കുന്ന ജയിലര്‍ 2ന് ശേഷം ഏപ്രില്‍ പകുതിയോടെ രജിനി തലൈവര്‍ 173ല്‍ ജോയിന്‍ ചെയ്യും. ഒക്ടോബറോടെ ഈ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജിനി- കമല്‍ റീയൂണിയന്‍ പ്രൊജക്ടിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Thalaivar 173 synopsis is same to Baasha movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം