ഹൊറര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ പ്രത്യേക ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ആദ്യചിത്രമായ റെഡ് റെയിന്‍ മുതല്‍ ഓരോ സിനിമയിലും വ്യത്യസ്തത കൊണ്ടുവരാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറേ തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളത്തിലെ എണ്ണംപറഞ്ഞ ഹൊറര്‍ സിനിമകളാണ്.
ഭ്രമയുഗം എന്ന ഒരൊറ്റ ചിത്രത്തിലൂടെ അന്താരാഷ്ട്രതലത്തില്‍ വരെ രാഹുല്‍ പ്രശസ്തി നേടിയിരുന്നു. പ്രണവിനെ നായകനാക്കി ഒരുക്കിയ ഡീയസ് ഈറേയും ബോക്‌സ് ഓഫീസില്‍ റെക്കോഡ് വിജയമായിരുന്നു സ്വന്തമാക്കിയത്. ഡീയസ് ഈറേക്ക് ശേഷം രാഹുല്‍ സദാശിവന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
പല നടന്മാരുടെ പേരും ഉയര്‍ന്നുകേട്ടെങ്കിലും അതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് കുഞ്ചാക്കോ ബോബന്റെയായിരുന്നു. സമീപകാലത്ത് ഓരോ സിനിമകളിലൂടെയും ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ഈ പ്രൊജക്ടിന് ഓക്കെ പറയുമെന്നായിരുന്നു പലരും ധരിച്ചത്. എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് കുഞ്ചാക്കോ ബോബന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.
ഡേറ്റ് ക്ലാഷ് കാരണമാണ് കുഞ്ചാക്കോ ബോബന്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാക്കോച്ചന് പകരം പൃഥ്വിരാജ് ഈ പ്രൊജക്ടിലേക്കെത്തുമെന്നാണ് അഭ്യൂഹങ്ങള്‍. നിലവിലെ തിരക്കുകള്‍ക്കിടയില്‍ സമയമെടുത്താകും പൃഥ്വി ഈ പ്രൊജക്ട് പൂര്‍ത്തിയാക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യറും പ്രധാനവേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
രാഹുല്‍ സദാശിവന്റെ സ്ഥിരം ശൈലിയിലാണെങ്കില്‍ ഒന്നര മാസത്തിനുള്ളില്‍ ഈ പ്രൊജക്ട് പൂര്‍ത്തിയായേക്കും. പ്രൊജക്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തുവിടും. ലൂസിഫറിനും എമ്പുരാനും ശേഷം പൃഥ്വിരാജും മഞ്ജു വാര്യറും ഒന്നിക്കുന്ന പ്രൊജക്ടാകും ഇത്. രാഹുല്‍ സദാശിവന്‍ പുതിയ എന്ത് പരീക്ഷണമാണ് നടത്തുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
നിലവില്‍ നാല് സിനിമകളുടെ തിരക്കിലാണ് പൃഥ്വിരാജ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ അവസാനഘട്ട ഷൂട്ട് പുരോഗമിക്കുകയാണ്. രാജമൗലിയുടെ വാരണാസിയുടെ അടുത്ത ഷെഡ്യൂളില്‍ പൃഥ്വി പിന്നീട് ജോയിന്‍ ചെയ്യും. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫിയും പൃഥ്വിയുടെ ലൈനപ്പിലുണ്ട്.
Rahul Sadasivan seems to have his projects planned well in advance, he announces them quickly and wraps up filming just as fast. Really looking forward to what he does next.