വ്യത്യസ്തമായ പ്രമേയമായിരുന്നെങ്കിലും അതിനെ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍. നവാഗതനായ ശ്യാമിന് ഗിരീഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ സംഗീത് പ്രതാപാണ് നായകനായി വേഷമിട്ടത്. ഒരു അപകടത്തിന് ശേഷം പ്രത്യേക കഴിവ് ലഭിക്കുന്ന നായകന്റെ കഥ പറഞ്ഞ ചിത്രം ശരാശരിയിലൊതുങ്ങി.
കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. നായകനോട് യാതൊരു സഹതാപവും തോന്നിക്കാത്ത തരത്തിലെഴുതിയ സ്ക്രിപ്റ്റാണ് മെഡിക്കല്‍ മിറാക്കിളിന് തിരിച്ചടിയായതെന്ന് പലരും അഭിപ്രായപ്പെടുന്നു. സംവിധായകന്റെ പങ്കാളിയും നടിയുമായ നിലീന്‍ സാന്ദ്രയാണ് മെഡിക്കല്‍ മിറാക്കിളിന്റെ സ്ക്രിപ്റ്റ് ഒരുക്കിയത്.

ഇതിന് പിന്നാലെ മലയാളസിനിമയിലെ മറ്റൊരു സാമ്യത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കപ്പിള്‍സ് ചേര്‍ന്ന് ഒരുക്കുന്ന സിനിമകള്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവയാണെന്നാണ് പുതിയ കണ്ടുപിടിത്തം. മെഡിക്കല്‍ മിറാക്കിള്‍ പോലെ കപ്പിള്‍സ് ഒന്നിച്ച് ഒരുക്കിയ മറ്റ് സിനിമകളും ഇതിനൊപ്പം ചര്‍ച്ചയാവുകയാണ്.
കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് ലിസ്റ്റിലെ ആദ്യ ചിത്രം. പഞ്ചാബിയായ നായകന് മലയാളിയായ നായികയോട് തോന്നുന്ന പ്രണയവും പിന്നീട് നടക്കുന്ന പ്രശ്നങ്ങളുമാണ് ഹാപ്പി സര്‍ദാറിന്റെ കഥ. സദീപ് ജോഷിയും ഗീതിക സുദീപും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയമായി മാറി. നല്ല ത്രെഡ്ഡിന്റെ മോശം അവതരണമായിരുന്നു ഹാപ്പി സര്‍ദാര്‍.

ദിലീപിന്റെ എട്ടാമത്തെ കംബാക്കായ ഭ ഭ ബയുടെ അണിയറയിലും മറ്റൊരു കപ്പിള്‍ ഉണ്ടായിരുന്നു. ഹഫീം സഫറും നൂറിന് ഷെരീഫും ചേര്‍ന്നാണ് ഭ ഭ ബയുടെ സ്ക്രിപ്റ്റ് ഒരുക്കിയത്. സ്പൂഫ് ഴോണറെന്നും പറഞ്ഞ് ഒരുപാട് റഫറന്‍സ് സീനുകള്‍ എഴുതിക്കൂട്ടിയതല്ലാതെ പുതിയതായി ഒന്നും തന്നെ ഭ ഭ ബക്ക് ഓഫര്‍ ചെയ്യാനുണ്ടായിരുന്നില്ല. ചിത്രത്തിന്റെ റിലീസിന് ശേഷം വലിയ വിമര്‍ശനമാണ് നൂറിനും ഫഹീമും നേരിടേണ്ടി വന്നത്.

ഇതോടെ മലയാളസിനിമയില്‍ ‘കപ്പിള്‍ ശാപമാണോ’ എന്ന് ചോദ്യങ്ങള്‍ ഉയരുന്നു. മല്ലു സര്‍ക്കാസ്റ്റിക് ക്ലബ്ബ് എന്ന പ്രൈവറ്റ് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനെ അനുകൂലിച്ച് ചിലര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ തമിഴില്‍ സ്ഥിതി വ്യത്യസ്തമാണ്. ത്രീ, വേലൈയില്ലാ പട്ടധാരി 2 എന്നീ ചിത്രങ്ങളൊരുക്കിയ ധനുഷ്- ഐശ്വര്യ, വിക്രം വേദ എന്ന ക്ലാസിക് ചിത്രമൊരുക്കിയ പുഷ്കര്‍- ഗായത്രി കോമ്പോ എന്നിവ ഇതിന് ഉദാഹരണമാണ്. അന്ധവിശ്വാസങ്ങളാല്‍ നിറഞ്ഞ സിനിമലോകത്തെ പുതിയ അന്ധവിശ്വാസമായി ഇത് മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
Content Highlight: Post about Medical Miracle Bha Bha Ba and Happy Sardar movie viral
