ഹൃതിക് റോഷനെ നായകനാക്കിയുള്ള പ്രൊജക്ട് ഒരുക്കാന്‍ പൃഥ്വി? നമുക്കാകെ ഒരൊറ്റ രാജുവേട്ടനല്ലേയുള്ളൂവെന്ന് ആരാധകര്‍
Indian Cinema
ഹൃതിക് റോഷനെ നായകനാക്കിയുള്ള പ്രൊജക്ട് ഒരുക്കാന്‍ പൃഥ്വി? നമുക്കാകെ ഒരൊറ്റ രാജുവേട്ടനല്ലേയുള്ളൂവെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Thursday, 12th February 2026, 7:15 pm

മലയാളം കടന്ന് പാന്‍ വേള്‍ഡ് ലെവലില്‍ ചര്‍ച്ചയാകാനുള്ള തയാറെടുപ്പിലാണ് മോളിവുഡിന്റെ പൃഥ്വിരാജ്. കൈവെച്ച മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ച പൃഥ്വി ഇന്ന് ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാരണാസിയില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വാരണാസിയുടെ ഷെഡ്യൂള്‍ ബ്രേക്കുകള്‍ക്കനുസരിച്ചാണ് മറ്റ് പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുന്നത്.

എമ്പുരാന് ശേഷം താരത്തിന്റെ അടുത്ത സംവിധാന സംരംഭം ഏതാണെന്നാണ് പലരും ചോദിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നുണ്ടെന്നും അതിലൊന്ന് അന്യഭാഷാ പ്രൊജക്ടായിരിക്കുമെന്നും പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

അന്യഭാഷാ ചിത്രം ഏതായിരിക്കുമെന്നാണ് പലരും ചോദിക്കുന്നത്. ഹൃതിക് റോഷനെ നായകനാക്കി ഹോംബാലെ ഫിലിംസ് ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം പൃഥ്വി ഏറ്റെടുത്തേക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞവര്‍ഷമാണ് ഹൃതിക്- ഹോംബാലെ കോംബോ ഒന്നിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നത്.

എമ്പുരാനിലൂടെ വലിയ കഥകളെല്ലാം തനിക്ക് സംവിധാനം ചെയ്യാനാകുമെന്ന് തെളിയിച്ച പൃഥ്വി ബോളിവുഡിലെ സൂപ്പര്‍സ്റ്റാറിനെ നായകനാക്കി സിനിമ ചെയ്യുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ മൂന്നാം ഭാഗം 2027ന് ശേഷമേ ആരംഭിക്കാന്‍ സാധ്യതയുള്ളൂവെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ലൂസിഫര്‍ 3യ്ക്ക് മുമ്പ് മലയാളത്തില്‍ ചെറിയൊരു ചിത്രം സംവിധാനം ചെയ്യാന്‍ പൃഥ്വി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്തിനെ നായകനാക്കിയാകും ഈ പ്രൊജക്ട് ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പ്രൊജക്ടിന്റെ ഔദ്യോഗിക അനൗണ്‍സ്‌മെന്റ് അധികം വൈകാതെ പുറത്തുവിടുമെന്നാണ് കരുതുന്നത്.

നിലവില്‍ വാരണാസിയുടെ ജോര്‍ജിയ ഷെഡ്യൂളിലാണ് പൃഥ്വിരാജ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ ആം നോബഡിയുടെ ഷൂട്ട് അടുത്തിടെ പൃഥ്വി പൂര്‍ത്തിയാക്കിയിരുന്നു. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി, വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്നിവയുടെ ഷൂട്ടും ഇതിനോടൊപ്പം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സിനിമാലോകത്ത് പൃഥ്വിരാജ് ഇനിയും തന്റെ റേഞ്ച് വ്യക്തമാക്കുമെന്ന് ഉറപ്പാണ്.

Content Highlight: Rumors that Prithviraj’s next directorial with Hrithik Roshan under Hombale Films

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം