വെറും 30 കോടി ബജറ്റില്‍ ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. മലയാളികള്‍ കേട്ട് വളര്‍ന്ന നാടോടിക്കഥകളിലെ കഥാപാത്രങ്ങളെ ഇന്നത്തെ ലോകത്തിലേക്ക് പറിച്ചുനട്ട ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി. 300 കോടി എന്ന മാന്ത്രിക സംഖ്യ തൊട്ട ആദ്യ മലയാളചിത്രം കൂടിയാണ് ലോകഃ.

നാല് ഭാഗങ്ങളിലായി പ്ലാന്‍ ചെയ്യുന്ന സിനിമയുടെ ആദ്യഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നത്. രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഭാഗത്തില്‍ ടൊവിനോ അവതരിപ്പിച്ച ചാത്തനെ ചുറ്റിപ്പറ്റിയാണ് രണ്ടാം ഭാഗം ഒരുങ്ങുക. ആദ്യഭാഗത്തിന് മേലെ നില്‍ക്കുന്ന ചിത്രമാകും ലോകഃ ചാപ്റ്റര്‍ 2 എന്ന് ഉറപ്പാണ്.

ടൊവിനോയ്ക്ക് പുറമെ ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ലി, മമ്മൂട്ടിയുടെ മൂത്തോന്‍ എന്നീ കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുമെന്ന് സംവിധായകന്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇവര്‍ക്ക് പുറമെ മറ്റ് ചില പുതിയ കഥാപാത്രങ്ങളും ഇത്തവണ രംഗപ്രവേശം ചെയ്യുമെന്നുള്ള അഭ്യൂഹങ്ങളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

നിവിന്‍ പോളി, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മൂത്തോനെ എതിര്‍ത്ത് നില്‍ക്കുന്ന ശക്തികളില്‍ ഒരാളുടെ സഹായിയുടെ വേഷത്തിലേക്കാണ് ഇരുവരില്‍ ഒരാളെ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രണവിനോട് സംവിധായകന്‍ കഥ പറഞ്ഞെന്നും എന്നാല്‍ മറ്റ് തിരക്കുകള്‍ കാരണം പ്രണവ് നോ പറഞ്ഞെന്നും അഭ്യൂഹങ്ങളുണ്ട്.

നിവിന്‍ പോളിയോ പ്രണവ് മോഹന്‍ലാലോ ആരെങ്കിലും ഒരാള്‍ രണ്ടാം ഭാഗത്തിലുണ്ടെങ്കില്‍ മോളിവുഡിലെ എക്കാലത്തെയും മികച്ച മള്‍ട്ടിസ്റ്റാര്‍ സിനിമകളിലൊന്നായി ലോകഃ 2 മാറുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ആദ്യഭാഗം വന്‍ വിജയമായതിനാല്‍ സംവിധായകന്‍ ഡൊമിനിക് അരുണ്‍ ഇത്തവണ വളരെ ശ്രദ്ധയോടെയാകും രണ്ടാം ഭാഗത്തെ സമീപിക്കുക.

വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സ് കൂടുതല്‍ വലുതാകുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. തമിഴിലും ഹിന്ദിയിലുമായി ഒരുപാട് സിനിമാറ്റിക് യൂണിവേഴ്‌സ് വന്നെങ്കിലും ആദ്യകാലത്തെ ക്വാളിറ്റി നിലനിര്‍ത്തുന്നതില്‍ അവയെല്ലാം പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സ് അങ്ങനെയാകില്ലെന്നാണ് പലരുടെയും പ്രതീക്ഷ.