ധനുഷ് കുറച്ചധികം വിയര്‍ക്കും? D55ല്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് ഓഫീസറെന്ന് റിപ്പോര്‍ട്ടുകള്‍
Indian Cinema
ധനുഷ് കുറച്ചധികം വിയര്‍ക്കും? D55ല്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് ഓഫീസറെന്ന് റിപ്പോര്‍ട്ടുകള്‍
അമര്‍നാഥ് എം.
Saturday, 28th March 2026, 2:33 pm

സിനിമാപ്രേമികള്‍ക്ക് ആവേശം സമ്മാനിച്ച അനൗണ്‍സ്‌മെന്റായിരുന്നു D55ന്റേത്. ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം സ്‌പെഷ്യലാകുന്നത് അതിലെ മറ്റൊരു താരത്തിന്റെ സാന്നിധ്യം കൊണ്ടാണ്. മലയാളികളുടെ സ്വന്തം മമ്മൂട്ടി D55ന്റെ ഭാഗമാകുന്നുണ്ടെന്ന വാര്‍ത്ത ആരാധകര്‍ക്ക് സര്‍പ്രൈസായിരുന്നു.

ചിത്രത്തിന്റെ ഷൂട്ട് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ആറ് വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴിലേക്കെത്തുന്നു എന്ന പ്രത്യേകത D55നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്ഡാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി D55ല്‍ പ്രത്യക്ഷപ്പെടുന്നത്.

കരിയറില്‍ നെഗറ്റീവ് ഷെയ്ഡ് വേഷങ്ങള്‍ ചെയ്തപ്പോഴെല്ലാം പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് മമ്മൂട്ടി. വിധേയനിലെ പട്ടേലര്‍, പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി, ഭ്രമയുഗത്തിലെ പോറ്റി, പുഴുവിലെ കുട്ടന്‍ എന്നിങ്ങനെ ഈ ലിസ്റ്റിലെ ഒടുവിലത്തെ ചിത്രമാണ് കളങ്കാവല്‍. അങ്ങേയറ്റം സൈക്കോയായ സ്റ്റാന്‍ലി എന്ന കഥാപാത്രം സിനിമാപ്രേമികളെ ഞെട്ടിച്ചിരുന്നു.

മമ്മൂട്ടിയോടൊപ്പം പെര്‍ഫോമന്‍സില്‍ പിടിച്ചുനില്‍ക്കാന്‍ ധനുഷ് പാടുപെടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട വേഷമാണ് മമ്മൂട്ടിയുടേതെന്ന് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി പറഞ്ഞിരുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചെന്നൈ ഇ.സി.ആറിലെ ഗോഡൗണില്‍ പുരോഗമിക്കുകയാണ്. 35 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി D55ന് വേണ്ടി നല്‍കിയിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്നത്. തോംസണ്‍ സംവിധാനം ചെയ്ത് 2013ല്‍ റിലീസായ കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ധനുഷ് അതിഥിവേഷത്തിലെത്തിയിരുന്നു. ധനുഷ്- മമ്മൂട്ടി കോമ്പോ സംവിധായകന്‍ എങ്ങനെ ചിത്രീകരിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. അമരന്‍ പോലെ ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് D55 എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. തെലുങ്ക് താരം ശ്രീലീലയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ സായ് അഭ്യങ്കറാണ് D55ന് സംഗീതമൊരുക്കുന്നത്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ സ്റ്റുഡിയോസാണ് നിര്‍മാണം. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that Mammootty doing negative shade character in D 55 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം