ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് റിലീസ് പ്രതിസന്ധിയിലായ ചിത്രമാണ് ജന നായകന്‍. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള വിജയ് ചിത്രമെന്ന നിലയില്‍ റിലീസിന് മുമ്പ് വലിയ ഹൈപ്പായിരുന്നു ചിത്രത്തിന്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് റിലീസ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ജനുവരി ഒമ്പതിന് റിലീസാകുമെന്നറിയിച്ച ചിത്രം ഇപ്പോഴും സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലാണ്.

കോടതിയെ സമീപിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍ നിര്‍മാതാക്കള്‍ കേസ് പിന്‍വലിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ ചിത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഈ മാസം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഫെബ്രുവരി 20ന് ചിത്രം റിലീസാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചിത്രം ഏപ്രില്‍ 30ന് ശേഷം മാത്രമേ റിലീസാകുള്ളൂവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജന നായകന്റെ കാനഡയിലെ വിതരണക്കാരായ യോര്‍ക്ക് സിനിമാസ് കഴിഞ്ഞദിവസം പുറത്തുവിട്ട പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം രാത്രിയാണ് പ്രസ് റിലീസ് പുറത്തുവിട്ടത്. ഇതോടെ ആരാധകര്‍ കണ്‍ഫ്യൂഷനിലായിരിക്കുകയാണ്.

സെന്‍സര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ മാസം തന്നെ ചിത്രം തിയേറ്ററിലെത്തുമെന്ന് പലരും വിശ്വസിച്ചിരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവരുന്നത്. ഇക്കാര്യം ആരാധകരില്‍ പലരും വിശ്വസിച്ചിട്ടില്ല. നിര്‍മാതാക്കളില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് വരുന്നതുവരെ ഇക്കാര്യം വിശ്വസിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മാര്‍ച്ച് തുടക്കത്തില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ചിത്രം റിലീസ് ചെയ്യാനാകില്ലെന്ന് ഉറപ്പാണ്. ഇലക്ഷന്‍ മുന്നില്‍ കണ്ട് വിജയ് പൂര്‍ത്തിയാക്കിയ ജന നായകന്‍ ഇലക്ഷന് ശേഷം റിലീസായാല്‍ താരത്തിന് യാതൊരു ഗുണവും സമ്മാനിക്കില്ല. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.വി.കെയെ ബൂസ്റ്റ് ചെയ്യുന്ന രംഗങ്ങള്‍ ജന നായകനിലുണ്ടെന്ന് ട്രെയ്‌ലര്‍ റിലീസിന്റെ സമയത്ത് പലരും ആരോപിച്ചിരുന്നു.

കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ് ഈ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ലക്ഷ്യം വെക്കുന്നത്. ഓരോ സമ്മേളനത്തിലും തടിച്ചുകൂടുന്ന ആള്‍ക്കൂട്ടം വിജയ് എന്ന താരത്തിനുള്ള പിന്തുണ എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ്. എന്നാല്‍ അവസാന സിനിമ ഇലക്ഷന് മുമ്പ് പുറത്തിറക്കാനാകാത്തത് താരത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

Content Highlight: Rumors that Jana Nayagan movie will release only after Tamilnadu Election