റേസിങ് ടീം നടത്തിക്കൊണ്ടുപോകാന്‍ എന്താ ചിലവ്... പുതിയ സിനിമക്ക് വേണ്ടി 170 കോടി ആവശ്യപ്പെട്ട് അജിത്? താത്പര്യമില്ലാതെ നിര്‍മാതാക്കള്‍
Indian Cinema
റേസിങ് ടീം നടത്തിക്കൊണ്ടുപോകാന്‍ എന്താ ചിലവ്... പുതിയ സിനിമക്ക് വേണ്ടി 170 കോടി ആവശ്യപ്പെട്ട് അജിത്? താത്പര്യമില്ലാതെ നിര്‍മാതാക്കള്‍
അമര്‍നാഥ് എം.
Tuesday, 26th May 2026, 2:26 pm

തമിഴിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് അജിത് കുമാര്‍. കൈപിടിച്ചുയര്‍ത്താന്‍ ആരുമില്ലാതെ സിനിമാലോകത്തേക്ക് കടന്നുവന്ന് തമിഴകത്ത് തന്റേതായ സാമ്രാജ്യം സൃഷ്ടിക്കാന്‍ അജിത്തിന് സാധിച്ചു. ചുരുങ്ങയിയ കാലം കൊണ്ട് അജിത് തമിഴ് ഇന്‍ഡസ്ട്രിയില്‍ നേടിയെടുത്ത ഫാന്‍ ബേസ് പലര്‍ക്കും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തതാണ്.

എന്നാല്‍ സിനിമക്കൊപ്പം തന്റെ പാഷനായ റേസിങ്ങും മുന്നോട്ട് കൊണ്ടുപോവുകയാണ് താരമിപ്പോള്‍. സിനിമയെക്കാള്‍ പ്രധാന്യം തന്റെ റേസിങ് ടീമായ അജിത് കുമാര്‍ റേസിങ്ങിന് അദ്ദേഹം നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ അജിത്തിന്റേതായി പുതിയ പ്രൊജക്ടുകളൊന്നും ഇതുവരെ അനൗണ്‍സ് ചെയ്തിട്ടുമില്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ചുള്ള റൂമറാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

അജിത് ആവശ്യപ്പെടുന്ന വലിയ പ്രതിഫലമാണ് പുതിയ പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്യാത്തതിന് പിന്നിലെന്ന് തമിഴ് ഓണ്‍ലൈന്‍ പേജായ വലൈപ്പേച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. താരങ്ങളുടെ വന്‍ പ്രതിഫലവുമായി സഹകരിക്കില്ലെന്ന് അടുത്തിടെ നിര്‍മാതാക്കളുടെ സംഘടന തീരുമാനമെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ഇതാണ് അജിത്തിന് തിരിച്ചടിയായതെന്ന് പറയപ്പെടുന്നുണ്ട്

170 കോടിയാണ് പുതിയ ചിത്രത്തിനായി അജിത് ആവശ്യപ്പെടുന്ന പ്രതിഫലം. എന്നാല്‍ പല നിര്‍മാതാക്കളും ഈ പ്രതിഫലത്തോട് മുഖംതിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍ പലതും സാമ്പത്തികലാഭം ഉണ്ടാക്കാത്തതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

200 കോടിയിലേറെ ചിലവഴിച്ച് ഒരുക്കിയ വിടാമുയര്‍ച്ചി ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയാണ് കളംവിട്ടത്. പിന്നാലെ വന്ന ഗുഡ് ബാഡ് അഗ്ലി 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെങ്കിലും ചിത്രത്തിന്റെ ബജറ്റ് വെച്ച് നോക്കുമ്പോള്‍ ചെറിയ ലാഭം മാത്രമേ നിര്‍മാതാവിന് നല്‍കിയിട്ടുള്ളൂ. ഇത്രയും വലിയ തുകക്ക് താരങ്ങളെ കൊണ്ടുവരാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

170 കോടി പ്രതിഫലത്തിനൊപ്പം ചില കണ്ടീഷനുകളും അജിത് മുന്നോട്ടുവെച്ചതായി വലൈപ്പേച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റേസിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാല്‍ അതിന്റെ ഇടവേളയില്‍ മാത്രമേ അഭിനയിക്കാന്‍ വരുള്ളൂ, പ്രൊമോഷനും ഓഡിയോ ലോഞ്ചിലും പങ്കെടുക്കില്ല എന്നൊക്കെയാണ് താരത്തിന്റെ കണ്ടീഷനെന്ന് വലൈപ്പേച്ച് പറയുന്നു. ഇത് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

രജിനികാന്ത്, കമല്‍ ഹാസന്‍ എന്നിവര്‍ പ്രായത്തിന്റെ അവശത കാരണം സിനിമകളുടെ എണ്ണം കുറക്കുന്നതും വിജയ് സിനിമാജീവിതം ഉപേക്ഷിച്ചതും അജിത്തിന് ഗുണകരമാണ്. എന്നാല്‍ പ്രൊഫഷനെക്കാള്‍ പാഷന് പ്രാധാന്യം കൊടുക്കുന്ന അജിത് എന്ത് ചെയ്യുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Rumors that Ajith Kumar asked 170 crores for his new movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം