2026 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനാണ് ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
𝗕𝗔𝗖𝗞-𝗧𝗢-𝗕𝗔𝗖𝗞 #𝗧𝗔𝗧𝗔𝗜𝗣𝗟 𝗙𝗜𝗡𝗔𝗟𝗦. ❤️🔥
Every chant. Every cheer. Every moment of support from the 12th Man Army brought us here. 🥹❤️
One last dance awaits in Ahmedabad. ✊ pic.twitter.com/7fUmCfgwDv
— Royal Challengers Bengaluru (@RCBTweets) May 26, 2026
ആര്‍.സി.ബിയുടെ ബൗളിങ് നിരയില്‍ ജേക്കബ് ഡഫി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് ബാറ്റിങ് നിര തകരുകയായിരുന്നു. ഡഫി മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, റാഷിഖ് സലാം, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും കൈപ്പിടിയിലാക്കി ആര്‍.സി.ബിയുടെ വിജയത്തില്‍ നിര്‍ണായകമായി.
എതിരാളികളെ ഒരിക്കല്‍ കൂടി പ്ലേ ഓഫില്‍ പുറത്താക്കിയതോടെ ഒരു വമ്പന്‍ നേട്ടവും നിലവിലെ ചാമ്പ്യന്മാരെ തേടിയെത്തി. ഐ.പി.എല്‍ പ്ലേ ഓഫുകളില്‍ എതിരാളികളെ ഏറ്റവും കൂടുതല്‍ തവണ ഓള്‍ ഔട്ടാക്കുന്ന ടീമെന്ന നേട്ടവുമായാണ് ബെംഗളൂരു ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്നത്. പ്ലേ ഓഫില്‍ അഞ്ചാം തവണയാണ് ബെംഗളൂരു എതിര്‍ ടീമിനെ പുറത്താക്കുന്നത്. നാല് തവണ എതിരാളികളെ ഓള്‍ ഔട്ടാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നാണ് ബെംഗളൂരുവിന്റെ കുതിപ്പ്.
ഐ.പി.എല്ലില്‍ പ്ലേ ഓഫില്‍ എതിര്‍ ടീമിനെ ഏറ്റവും കൂടുതല്‍ തവണ ഓള്‍ ഔട്ടാക്കിയ ടീമുകള്‍
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-5
ചെന്നൈ സൂപ്പര്‍ കിങ്സ്-4
മുംബൈ ഇന്ത്യന്‍സ്-4
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-2
ഗുജറാത്ത് ടൈറ്റന്‍സ്-2
രാജസ്ഥാന്‍ റോയല്‍സ്-1
മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

രജത് പടിദാർ. Photo: IndianPremierLeague/x.com
അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ തെവാട്ടിയ മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. 43 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളുമടക്കം 68 റണ്‍സാണ് താരം നേടിയത്.
ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. മെയ് 31നാണ് കലാശപോരാട്ടം.
Content Highlight: Royal Challengers Banglore set a huge record in IPL Play off
