ആ കൂട്ടുകെട്ട് ഞാന്‍ ആഗ്രഹിച്ചിരുന്നു, അങ്ങനെയൊരു അനുഭവം എനിക്ക് ലഭിച്ചില്ല; മനസ് തുറന്ന് റൊണാള്‍ഡീഞ്ഞോ
Football
ആ കൂട്ടുകെട്ട് ഞാന്‍ ആഗ്രഹിച്ചിരുന്നു, അങ്ങനെയൊരു അനുഭവം എനിക്ക് ലഭിച്ചില്ല; മനസ് തുറന്ന് റൊണാള്‍ഡീഞ്ഞോ
ശ്രീരാഗ് പാറക്കല്‍
Monday, 10th August 2026, 8:11 pm

ഫുട്ബോള്‍ കരിയറില്‍ ഇതുവരെ ഒരുമിച്ച് കളിക്കാന്‍ സാധിക്കാതെ പോയ താരത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചില്ലെന്നാണ് ബ്രസീലിയന്‍ ഇതിഹാസം പറഞ്ഞത്. എ.ബി. ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റൊണ്‍ഡീഞ്ഞോ.

‘മെസിയുടെയും റൊണാള്‍ഡോ നസാരിയോയുടെയും കൂടെ ഞാന്‍ ഒരുപാട് കളിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് കളിക്കാന്‍ സാധിക്കാതിരുന്നത് ക്രിസ്റ്റ്യാനോക്കൊപ്പമാണ്. കരിയറില്‍ അവനോടൊപ്പം കളിക്കാനുള്ള അവസരം നഷ്ടമായി. ആ കൂട്ടുകെട്ട് ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു അനുഭവം എനിക്ക് ലഭിച്ചില്ല,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

ക്ലബ്ബ് കരിയറില്‍ ബാഴ്‌സലോണ, പി.എസ്.ജി, എ.സി. മിലന്‍ എന്നീ വമ്പന്‍ ക്ലബ്ബുകള്‍ക്കായി ബൂട്ട് കെട്ടിയ അനുഭവസമ്പത്തുള്ള താരമാണ് റൊണാള്‍ഡീഞ്ഞോ. എന്നാല്‍ ഒരിക്കല്‍ പോലും റൊണാള്‍ഡൊക്കൊപ്പം ഒരേ ടീമില്‍ കളിക്കാനുള്ള ഭാഗ്യം ബ്രസീലിയന്‍ ഇതിഹാസത്തിന് ലഭിച്ചിരുന്നില്ല.

2010-11 ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും നേര്‍ക്കുനേര്‍ എത്തിയിരുന്നു. ബ്രസീലിയന്‍ ഇതിഹാസം എ.സി മിലാനില്‍ കളിക്കുമ്പോള്‍ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമായിരുന്നു.

അതേസമയം ബ്രസീലിനൊപ്പമാണ് റൊണാള്‍ഡോ നസാരിയോയും റൊണാള്‍ഡീഞ്ഞോയും ഒരുമിച്ച് കളത്തിലിറങ്ങിയത്. 2002ല്‍ ബ്രസീല്‍ അഞ്ചാം ലോക കിരീടം സ്വന്തമാക്കുമ്പോള്‍ ഇരുവരും ബ്രസീലിന്റെ പ്രധാന താരങ്ങളായിരുന്നു.

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിലായിരുന്നു റൊണാള്‍ഡീഞ്ഞോ മെസിക്കൊപ്പം പന്തുതട്ടിയത്. 2003ലാണ് റൊണാള്‍ഡീഞ്ഞോ ബാഴ്‌സയിലെത്തുന്നത്. 23ാം വയസില്‍ കറ്റാലന്മാര്‍ക്കായി കളത്തിലിറങ്ങിയ ബ്രസീലിയന്‍ ഇതിഹാസം അഞ്ച് സീസണുകളിലാണ് ടീമിന്റെ നിറ സാന്നിധ്യമായത്. 2008ലാണ് റൊണാള്‍ഡീഞ്ഞോ ബാഴ്‌സ വിട്ട് എ.സി. മിലാനില്‍ ചേര്‍ന്നത്.

റൊണാള്‍ഡീഞ്ഞോ ബാഴ്‌സയ്‌ക്കൊപ്പം മൂന്ന് കിരീട നേട്ടങ്ങളിലാണ് പങ്കാളിയായത്. രണ്ട് ലാ ലിഗ, ഒരു ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് സ്പാനിഷ് മണ്ണില്‍ റൊണാള്‍ഡീഞ്ഞോ കൈപ്പിടിയിലാക്കിയത്. ബാഴ്‌സയ്‌ക്കൊപ്പം 207 മത്സരങ്ങളില്‍ കളിച്ച റൊണാള്‍ഡീഞ്ഞോ 98 ഗോളുകളാണ് നേടിയിട്ടുള്ളത്.

Content Highlight: Ronaldinho Gaúcho Talking About Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ