അവന് പകരമാകാന്‍ ആര്‍ക്കും സാധിക്കില്ല; അടുത്ത ലോകകപ്പില്‍ സൂപ്പര്‍ താരത്തിന് ചോപ്രയുടെ ഉറച്ച പിന്തുണ
Sports News
അവന് പകരമാകാന്‍ ആര്‍ക്കും സാധിക്കില്ല; അടുത്ത ലോകകപ്പില്‍ സൂപ്പര്‍ താരത്തിന് ചോപ്രയുടെ ഉറച്ച പിന്തുണ
ആദർശ് എം.കെ.
Tuesday, 28th July 2026, 8:22 pm

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഫിറ്റായിരിക്കുന്ന കാലത്തിടത്തോളം രോഹിത് ശര്‍മയ്ക്ക് പകരമാകാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് ചോപ്രയുടെ വിലയിരുത്തല്‍.

അടുത്ത ലോകകപ്പ് സൗത്ത് ആഫ്രിക്കയിലാണ് എന്ന കാര്യം മറക്കരുതെന്നും ആ സാഹചര്യങ്ങളില്‍ നേരത്തെ കളിച്ച അനുഭവസമ്പത്തുള്ളവരെയും ടീമിനെ വിജയത്തിലേക്ക് നയിച്ചവരെയുമാണ് ലോകകപ്പിനായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകാശ് ചോപ്ര

‘രോഹിത് ശര്‍മ ഫിറ്റായിരിക്കുകയും, ടീമിന് ലഭ്യമായിരിക്കുകയും, തുടര്‍ച്ചയായി റണ്‍സ് നേടുകയും ചെയ്യുന്നിടത്തോളം അദ്ദേഹം പകരംവെക്കാനാകാത്ത താരമാണ്. ഇവിടെ നമ്മള്‍ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ അസാമാന്യമായ മികവിനെയും പാരമ്പര്യത്തെയും കുറിച്ചാണ്.

നിലവിലെ ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന് പകരക്കാരനെ തേടി മറ്റെവിടെയും നോക്കേണ്ട ആവശ്യമില്ല. അടുത്ത ലോകകപ്പ് ദക്ഷിണാഫ്രിക്കയിലാണ് എന്ന കാര്യം നമ്മള്‍ മറക്കരുത്. അവിടത്തെ സാഹചര്യങ്ങളില്‍ മുമ്പ് കളിച്ച് അനുഭവസമ്പത്തുള്ളവരും സമ്മര്‍ദഘട്ടങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചവരുമായ താരങ്ങളെയാണ് കൂടുതല്‍ ആവശ്യമായത്,’ ചോപ്ര പറഞ്ഞു.

രോഹിത് ശര്‍മ. Photo: BCCI/x.com

2027 ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.

ഇന്ത്യ ഒടുവില്‍ കളിച്ച ഏകദിന പരമ്പരയില്‍ രോഹിത് മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും നിര്‍ണായകമായ സീരീസ് ഡിസൈഡറില്‍ രോഹിത് ഹിറ്റ്മാന്‍ മോഡിലേക്ക് ഗിയര്‍ ഷിഫ്റ്റ് ചെയ്തിരുന്നു.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 388 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്കായി 110 പന്ത് നേരിട്ട് 138 റണ്‍സുമായാണ് രോഹിത് തിളങ്ങിയത്. 17 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്.

രോഹിത് ശര്‍മ. Photo: BCCI/x.com

രോഹിത്തിന് കൂട്ടായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (84 പന്തില്‍ 77 റണ്‍സ്) വിരാട് കോഹ്‌ലിയും (60 പന്തില്‍ 74) തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ വിജയം മുമ്പില്‍ കണ്ടിരുന്നു. എന്നാല്‍ മിഡില്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ അവസരം കളഞ്ഞുകുളിച്ചപ്പോള്‍ ഇന്ത്യ മത്സരവും പരമ്പരയും അടിയറവ് വെച്ചു.

സെപ്റ്റംബറിലാണ് ഇന്ത്യ അടുത്ത ഏകദിന പരമ്പര കളിക്കുക. തിരുവനന്തപുരമടക്കം വേദിയാകുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കരിബീയിന്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍.

 

Content highlight: Rohit Sharma Is Irreplaceable in ODIs’: Aakash Chopra Backs Former India Captain

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.