2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കില്‍ട്ടണിന്റെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചത്.
മത്സരത്തില്‍ മുംബൈക്ക് വേണ്ടി റിക്കില്‍ട്ടണ്‍ 43 പന്തില്‍ 81 റണ്‍സും രോഹിത് 38 പന്തില്‍ 78 റണ്‍സും നേടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. മത്സരത്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 205.26 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത് സ്‌കോര്‍ ചെയ്തത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ മുന്നേറാനും രോഹിത്തിന് സാധിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഗ്രൗണ്ടില്‍ 2500+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ബെംഗളൂരുവില്‍ 3271 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് മുന്നിലുള്ളത്.
ഐ.പി.എല്ലില്‍ ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം
വിരാട് കോഹ്‌ലി – 3271 – ബെംഗളൂരുവില്‍
രോഹിത് ശര്‍മ – 2529 – വാങ്കഡെയില്‍
എ.ബി ഡി വില്ലിയേഴ്‌സ് – 1960 – ബെംഗളൂരുവില്‍
ഡേവിഡ് വാര്‍ണര്‍ – 1623 – ഹൈദരാബാദില്‍
ക്രിസ് ഗെയ്ല്‍ – 1561 – ബെംഗളൂരുവില്‍
റിക്കിള്‍ട്ടണും രോഹിത്തിനും പുറമെ മത്സരത്തില്‍ തിലക് വര്‍മ 14 പന്തില്‍ 20 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 18* റണ്‍സും നേടി. സൂര്യകുമാര്‍ യാദവിന് എട്ട് പന്തില്‍ 16 റണ്‍സാണ് നേടാന്‍ സാധിച്ചത്. വിജയത്തോടൊപ്പം കഴിഞ്ഞ 13 സീസണിലും ആദ്യ മത്സരത്തില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ചീത്തപ്പേര് മാറ്റാന്‍ മുംബൈക്ക് സാധിച്ചു.
Content Highlight: Rohit Sharma In Super Record Achievement In Mumbai
