മെസിയുണ്ട് റോണോയില്ല; എക്കാലത്തെയും മികച്ച 3 ഫുട്‌ബോള്‍ താരങ്ങളെ തിരഞ്ഞെടുത്ത് റോഡ്രി
Sports News
മെസിയുണ്ട് റോണോയില്ല; എക്കാലത്തെയും മികച്ച 3 ഫുട്‌ബോള്‍ താരങ്ങളെ തിരഞ്ഞെടുത്ത് റോഡ്രി
ആദർശ് എം.കെ.
Wednesday, 29th July 2026, 9:33 pm

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട മൂന്ന് ഫുട്‌ബോള്‍ താരങ്ങളെ വെളിപ്പെടുത്തി 2026 ഫിഫ ലോകകപ്പ് നേടിയ സ്പാനിഷ് ടീം ക്യാപ്റ്റന്‍ റോഡ്രി. അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി വിശേഷിപ്പിച്ച റോഡ്രി, മെസിയെ തന്റെ പ്രിയപ്പെട്ട താരങ്ങളുടെ പട്ടികയില്‍ രണ്ടാമതായാണ് ഉള്‍പ്പെടുത്തിയത്.

അല്‍ബിസെലസ്റ്റ് ടോക്ക് പങ്കുവെച്ച വീഡിയോയിലാണ് റോഡ്രി തന്റെ പ്രിയ താരങ്ങളെ കുറിച്ച് സംസാരിക്കുന്നത്.

‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട മൂന്ന് കളിക്കാരില്‍ ആദ്യത്തേത് തീര്‍ച്ചയായും എന്റെ റോള്‍ മോഡലായ സീസു (സിനദിന്‍ സിദാന്‍) തന്നെയാണ്. ഞാന്‍ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്, എക്കാലത്തെയും മികച്ച താരമായി ഞാന്‍ കാണുന്നത് അദ്ദേഹത്തെയാണ്.

രണ്ടാമതായി ലയണല്‍ മെസി. മൂന്നാമതായി, സ്പാനിഷ് ഫുട്‌ബോളിനും നമ്മുടെ തലമുറയ്ക്കും നല്‍കിയ പ്രാധാന്യവും സംഭാവനകളും കണക്കിലെടുത്ത് ഞാന്‍ ആന്ദ്രേ ഇനിയേസ്റ്റയുടെ പേര് പറയും,’ റോഡ്രി പറഞ്ഞു.

2026 ലോകകപ്പില്‍ മെസിയുടെ അര്‍ജന്റീനയെ പരാജയപ്പെടുത്തിയായിരുന്നു റോഡ്രിയും സ്‌പെയ്‌നും കിരീടമ ണിഞ്ഞത്. ജൂലൈ 19ന് ന്യൂജേഴ്‌സിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലാ റോജയുടെ വിജയം.

എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഫെറാന്‍ ടോറസാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. നിക്കോ വില്യംസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് അര്‍ജന്റീന മത്സരം പൂര്‍ത്തിയാക്കിയത്.

ഈ വിജയത്തോടെ 64 വര്‍ഷത്തിന് ശേഷം ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന അര്‍ജന്റീനയുടെ സ്വപ്നം സ്‌പെയിന്‍ തകര്‍ത്തു. സ്‌പെയ്‌നിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടനേട്ടമാണിത്.

ടൂര്‍ണമെന്റിലെ എട്ട് മത്സരങ്ങളിലും നിര്‍ണ്ണായക സാന്നിധ്യമായ റോഡ്രി ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ‘ഗോള്‍ഡന്‍ ബോള്‍’ പുരസ്‌കാരം സ്വന്തമാക്കി. ബലോണ്‍ ഡി ഓര്‍, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ലോകകപ്പ് എന്നിവയെല്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ 12ാമത്തെ ഫുട്‌ബോള്‍ താരമെന്ന അപൂര്‍വ്വ നേട്ടവും റോഡ്രി സ്വന്തമാക്കി.

ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും തന്റെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനങ്ങളിലൊന്നാണ് ടൂര്‍ണമെന്റില്‍ ലയണല്‍ മെസ്സി കാഴ്ചവെച്ചത്. എട്ട് മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളും 4 അസിസ്റ്റുകളും മെസി സ്വന്തമാക്കി.

ടൂര്‍ണമെന്റിനിടെ ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും മെസ്സി സ്വന്തം പേരില്‍ കുറിച്ചു. കൂടാതെ തന്റെ ടീം ടൂര്‍ണമെന്റില്‍ നേടിയ ആദ്യ അഞ്ച് ഗോളുകളും തുടര്‍ച്ചയായി സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമായും മെസി മാറി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 3-1 ന് വിജയിച്ച മത്സരത്തില്‍ അവസാനിക്കുന്നത് വരെ തുടര്‍ച്ചയായി 9 മത്സരങ്ങളില്‍ ഗോള്‍ നേടാനും മെസിക്ക് സാധിച്ചു.

 

Content highlight: Rodri picks the three greatest football players of all time.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.