ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. വെറ്റ്-ബോള്‍ ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലും മറികടക്കാനുള്ള കഴിവ് വൈഭവിനുണ്ടെന്നും എന്നാല്‍ താരത്തെ എങ്ങനെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ് ഏറ്റവും നിര്‍ണായകമെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.
‘വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലും മറികടക്കാനുള്ള കഴിവ് അവനുണ്ട്. എന്നാല്‍ അദ്ദേഹത്തെ എങ്ങനെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ് ഏറ്റവും നിര്‍ണായകം. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചെറുപ്പത്തില്‍ തന്നെ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തിയ നിരവധി താരങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്. വിനോദ് കാംബ്ലിയെയും പൃഥ്വി ഷായെയും 17-18 വയസുള്ളപ്പോള്‍ കണ്ടപ്പോള്‍ അവര്‍ എത്ര ഉയരങ്ങളിലെത്തുമെന്നായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തത്. പക്ഷേ പിന്നീട് അവരുടെ കരിയര്‍ അപ്രതീക്ഷിതമായി വഴിമാറി,’ റോബിന്‍ ഉത്തപ്പ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ വൈഭവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സിംബാബ്‌വേക്കതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു വൈഭവ് പുറത്തെടുത്തത്. സിംബാബ്‌വേ പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലുമാണ് 15കാരന്‍ ഫിഫ്റ്റി നേടിയത്. ആദ്യ മത്സരത്തില്‍ 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. അവസാന മത്സരത്തില്‍ 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.
അതേസമയം 2026 ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായും വൈഭവിനെ നിയമിച്ചിരുന്നു. ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമില്‍ ഓപ്പണറായും വൈഭവ് കളത്തിലിറങ്ങും.
Content Highlight: Robin Uthappa Talking About Vaibhav Suryavanshi