സഞ്ജുവിന് ഒരിക്കലും സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാറില്ല; പിന്തുണയുമായി ഉത്തപ്പ
Cricket
സഞ്ജുവിന് ഒരിക്കലും സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാറില്ല; പിന്തുണയുമായി ഉത്തപ്പ
ഫസീഹ പി.സി.
Monday, 2nd February 2026, 4:12 pm

കിവീസിന് എതിരെ പരമ്പരയിലെ മോശം പ്രകടനത്തിനിടെ പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജുവിനെ പോലെ നിലവാരമുള്ള താരത്തിന്റെ ഒരു ഫോം പ്രശ്നമല്ലെന്നും ഓപ്പണിങ്ങില്‍ താരം ഒരുപാട് കാലം കളിക്കാതിരുന്നത് മാത്രമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

വലിയ താരങ്ങള്‍ക്ക് പോലും ചിലപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാറില്ലെന്നും സഞ്ജുവിന് ഒരുകാലത്തും ഒരു സമ്മര്‍ദവുമില്ലാതെ സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോംബോക്‌സ് ടി.വി യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

റോബിൻ ഉത്തപ്പ. Photo: Courageous/x.com

‘ശുഭ്മന്‍ ഗില്ലോ വിരാട് കോഹ്ലിയോ രോഹിത് ശര്‍മയോ, ആരുമാകട്ടെ ഫോം താത്കാലികമാണ്. സഞ്ജുവിനെ പോലെ നിലവാരമുള്ള ഒരു താരത്തിന്റെ ഫോം ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. സൂര്യകുമാര്‍ യാദവ് പോലും ഫോം ഔട്ടായിരുന്നില്ല. ഓപ്പണിങ്ങില്‍ സഞ്ജു ഒരുപാട് കാലം കളിക്കാതിരുന്നത് മാത്രമാണ് കാരണം. സഞ്ജുവും അഭിഷേക് ശര്‍മയും ഒത്തുചേര്‍ന്ന് തകര്‍ത്തടിക്കുമ്പോള്‍ ലഭിക്കുന്ന ആ ഒരു ഊര്‍ജ്ജം അവിശ്വസനീയമാണ്.

സഞ്ജു തനിക്ക് ലഭിച്ച അവസരങ്ങളില്‍ വേണ്ടത്ര തിളങ്ങിയിട്ടില്ല എന്നത് ശരിയാണ്. പക്ഷേ, മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന് ഒരു ഭയം എപ്പോഴും അവന് മുകളില്‍ ഉണ്ടാവാറുണ്ട്. ഒരിക്കലും സമ്മര്‍ദമില്ലാതെ സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അതിന് അവസരം കിട്ടിയപ്പോഴെല്ലാം സഞ്ജു നന്നായി കളിച്ചിട്ടുണ്ട്,’ ഉത്തപ്പ പറഞ്ഞു.

സഞ്ജു സാംസൺ. Photo: Team Samson/x.com

കിവീസിന് എതിരെയുള്ള പരമ്പരയില്‍ തന്റെ നാച്ചുറല്‍ പൊസിഷനിലേക്ക് സഞ്ജു തിരിച്ചെത്തിയിരുന്നു. എന്നാല്‍, താരത്തിന്റെ വെടിക്കെട്ടിന് കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്നതായിരുന്നു മലയാളി വിക്കറ്റ് കീപ്പറുടെ പ്രകടനം. ഈ പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് താരം വെറും 46 റണ്‍സാണ് എടുത്തത്. ഉയര്‍ന്ന സ്‌കോറാവട്ടെ 24മായിരുന്നു.

സ്വന്തം ഹോം ഗ്രൗണ്ടില്‍ കൂടി പരാജയപ്പെട്ടതോടെ സഞ്ജുവിന് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. താരത്തിന് ലോകകപ്പ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതിന് പിന്നാലെയാണ് റോബിന്‍ ഉത്തപ്പ സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയത്.

Content Highlight: Robin Uthappa supports Sanju Samson despite his poor outings

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി