വെടിക്കെട്ട് വീരന്‍മാരെ കുത്തിനിറച്ച ആ ടീം ഇത്തവണ കിരീടം നേടില്ല; പ്രവചനവുമായി റോബിന്‍ ഉത്തപ്പ
IPL
വെടിക്കെട്ട് വീരന്‍മാരെ കുത്തിനിറച്ച ആ ടീം ഇത്തവണ കിരീടം നേടില്ല; പ്രവചനവുമായി റോബിന്‍ ഉത്തപ്പ
ആദര്‍ശ് എം.കെ.
Saturday, 21st March 2026, 10:55 pm

 

ഐ.പി.എല്‍ 2026ല്‍ കിരീടസാധ്യതയില്ലാത്ത ടീമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിലയിരുത്തി മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ റോബിന്‍ ഉത്തപ്പ. ടീമിന് മികച്ച ബാറ്റിങ് നിരയുണ്ടെങ്കിലും വെറും ആക്രമണോത്സുക ബാറ്റിങ് കൊണ്ട് ഐ.പി.എല്‍ കിരീടം നേടാന്‍ സാധിക്കില്ലെന്നാണ് ഉത്തപ്പയുടെ നിരീക്ഷണം.

അള്‍ട്രാ അഗ്രസ്സീവ് അറ്റാക്കിങ് ബാറ്റിങ് ശൈലികള്‍ക്ക് വ്യക്തിഗത ഗെയ്മുകള്‍ വിജയിപ്പിക്കാന്‍ സാധിക്കുമെങ്കിലും പ്ലേ ഓഫിന്റെ സമ്മര്‍ദം കേവലം ഇതിലൂടെ മറികടക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റോബിന്‍ ഉത്തപ്പ

ജിയോ ഹോട്ട്‌സ്റ്റാറിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സണ്‍റൈസേഴ്സിന്റെ ആക്രമണാത്മക ബാറ്റിംഗ് കാണാന്‍ രസകരമാണ്. പക്ഷേ അങ്ങനെയുള്ള ബാറ്റിങ് അവരെ ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ സഹായിക്കില്ല. അവരുടെ ബൗളിങ് അല്‍പ്പം ദുര്‍ബലമാണ്. ട്രോഫി നേടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് ബൗളര്‍മാരാണ്,’ ഉത്തപ്പ പറഞ്ഞു.

ഈ സീസണില്‍ ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്, ശിവം മാവി, ഇഷാന്‍ മലിംഗ, സീഷന്‍ അന്‍സാരി, ഹര്‍ഷ് ദുബെ തുടങ്ങിയ ബൗളര്‍മാരുണ്ടെങ്കിലും സ്വന്തം തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ഫ്‌ളാറ്റ് വിക്കറ്റുകള്‍ വെല്ലുവിൡയാകുമെന്നും ഉത്തപ്പ നിരീക്ഷിക്കുന്നു.

‘ഹൈദരാബാദിലെ പിച്ചുകള്‍ ബാറ്റിങ് പറുദീസയാണ്. അതൊരു സൂപ്പര്‍ ബെല്‍റ്റ് വിക്കറ്റാണ്. മുഹമ്മദ് ഷമിയെപ്പോലുള്ള ഒരാള്‍ക്ക് പോലും ആ ഫ്‌ളാറ്റ് വിക്കറ്റുകളില്‍ തിളങ്ങാന്‍ സാധിച്ചെന്ന് വരില്ല.. ഭുവനേശ്വര്‍ കുമാറിനെപ്പോലുള്ള ഒരു ബൗളറെ നിങ്ങള്‍ക്ക് വേണം. അദ്ദേഹം വളരെ ബുദ്ധിമാനാണ്. അദ്ദേഹം പന്ത് സ്വിംഗ് ചെയ്യുന്നു, പേസ് മാറ്റുന്നു, യോര്‍ക്കറുകള്‍ എറിയുന്നു.

രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍, പന്ത് അധികം സീം ചെയ്യാത്തതിനാല്‍ പന്തില്‍ കൂടുതല്‍ പേസ് നിങ്ങള്‍ ആഗ്രഹിക്കില്ല. ടോപ്പ് ഓര്‍ഡര്‍ തിളങ്ങിയില്ലെങ്കില്‍ അവരുടെ ആക്രമണാത്മക ബാറ്റിംഗ് ഉണ്ടാക്കുന്ന അസ്ഥിരതയെ മറികടക്കാന്‍ ഹൈദരാബാദിന്റെ ബൗളിങ് യൂണിറ്റിന് സാധിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്,’ ഉത്തപ്പ പറഞ്ഞു.

ബാറ്റിങ് യൂണിറ്റ് മികച്ച സ്‌കോര്‍ നേടുമ്പോഴും പലപ്പോഴും അത് ഡിഫന്‍ഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ സീസണില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെന്‌റിക് ക്ലാസന്‍ എന്നിവരൊഴികെ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല.

ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍, ബൗളര്‍മാര്‍ക്ക് ടോട്ടലുകള്‍ പ്രതിരോധിക്കാനുമായില്ല.. അതിനാല്‍ ഈ സീസണില്‍ സണ്‍റൈസേഴ്‌സിനെ കിരീടം നേടാനുള്ള ടീമായി ഞാന്‍ കണക്കാക്കില്ല,’ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

 

Content highlight: Robin Uthappa says he won’t consider SRH as serious title contender in IPL 2026

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.